-->
കവിന്‍, ആന്‍ഡ്രിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വികര്‍ണന്‍ അശോക് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാസ്‌ക്. ഒരു ഡാര്‍ക് കോമഡി സ്വഭാവത്തില്‍ ഒരുങ്ങുന്ന സിനിമ പ്രെസന്റ് ചെയ്യുന്നത് വെട്രിമാരന്‍ ആണ്. ഇപ്പോഴിതാ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ചില്‍ വിജയ് സേതുപതി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ട അതേ രൂപത്തിലാണ് ഇന്നും ആന്‍ഡ്രിയ ഉളളതെന്നും നാളെ തന്റെ മകനും ആരാണ് ഈ പെണ്‍കുട്ടി എന്ന് അത്ഭുതത്തോടെ ചോദിക്കുമെന്നും വിജയ് സേതുപതി പറഞ്ഞു.
"പണ്ട് ഞാൻ ബീച്ചിൽ ഒരു പ്രതിമ വെച്ചിരിക്കുന്നത് കണ്ടു. അതിന് ശേഷം ആൻഡ്രിയയെ കണ്ടു. രണ്ടും ഇന്നും ഒരു മാറ്റവുമില്ലാതെ തുടരുന്നു. എങ്ങനെയാണ് ഇത്ര വർഷം കഴിഞ്ഞിട്ടും ചെറുപ്പമായി ഇരിക്കുന്നത്. സിനിമയുടെ ട്രെയ്‌ലർ കാണുമ്പോൾ വട ചെന്നൈയിലെ ചന്ദ്രയെ കണ്ടപോലെ തന്നെയുണ്ട്.
പണ്ട് ഒരു പരസ്യത്തിൽ ആൻഡ്രിയയെ കണ്ട ഓർമ എനിക്കുണ്ട്. അന്ന് ഞാൻ ആലോചിച്ചിരുന്നു, ആരാണ് ഈ പെൺകുട്ടി എന്ന്. ഇന്നും ഞാൻ അതേ ചോദ്യം തന്നെ ആവർത്തിക്കുന്നു. നാളെ എന്റെ മകനും ചോദിക്കും ആരാണ് ഈ പെൺകുട്ടിയെന്ന്. സത്യമായിട്ടും അതേ അഴക് തന്നെ ഇപ്പോഴും. നിങ്ങൾ വീട്ടിൽ പോയി ഫ്രിഡ്ജിൽ ആണോ ഇരിക്കുന്നത്, അതോ കിടക്കയിലോ? എന്തായാലും നന്നായി ഇരിക്കട്ടെ". - വിജയ് സേതുപതി പറഞ്ഞു.
നവംബര്‍ 21 നാണ് മാസ്‌ക് തിയേറ്ററില്‍ എത്തുന്നത്. റുഹാനി ശര്‍മ്മ, ചാര്‍ളി, ബാല ശരവണന്‍ തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ജി വി പ്രകാശ് കുമാര്‍ ആണ് സംഗീതം ഒരുക്കുന്നത്.