Friday, March 13, 2026 Last Updated 10 Min 50 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Nov 2025 04.06 PM

‘നിര്‍മ്മാതാവ് വീട്ടിലെത്തി സാരിക്കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡറാക്കാമെന്ന ഓഫര്‍ വച്ചു; കൂടെ താമസിക്കണം, പ്രതിമാസം സ്റ്റൈഫന്റ് തരാം എന്നും പറഞ്ഞു...’ രേണുക ഷഹാനെ

ബോളിവുഡിലും മിനി സ്ക്രീനിലും തിളങ്ങി നിന്നിരുന്ന രേണുക ഷഹാനെ പ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള താരമാണ്. ഇപ്പോഴിതാ തന്റെ കരിയറിന്റെ തുടക്കക്കാലത്ത് ഒരു നിര്‍മ്മാതാവില്‍ നിന്നുണ്ടായ മോശം അനുഭവം പങ്കിടുകയാണ് രേണുക.
Renuka Shahane, Renuka shares her bad experience
Renuka Shahane about bad experience from movies (Image Source: Youtube)

ബോളിവുഡിനെ സംബന്ധിച്ച് ഏറ്റവും നല്ല ചേട്ടത്തിയമ്മ ആരാണെന്ന് ചോദിച്ചാല്‍ പ്രേക്ഷകര്‍ ഒട്ടും ആലോചിക്കാതെ രേണുക ഷഹാനെ എന്ന പേര് പറയും. സല്‍മാന്‍ ഖാന്‍ മാധുരി ദീക്ഷിത് ഹിറ്റ് പെയര്‍ കോമ്പോയുടെ സൂപ്പര്‍ഹിറ്റ് സിനിമയായ ‘ഹം ആപ്കെ ഹേ കോൻ’ എന്ന സിനിമയിലെ ചേട്ടത്തിയമ്മയുടെ കഥാപാത്രം മികച്ചതാക്കിയ താരമാണ് രേണുക ഷഹാനെ. ദൂസരി ഗോഷ്ട, ഹൈവേ, ത്രിഭംഗ എന്നീ സിനിമകളിലെ കഥാപാത്രങ്ങളിലൂടെയും രേണുക ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
ഇപ്പോഴിതാ തനിക്ക് നേരിടേണ്ടിവന്ന ഒരു ദുരനുഭവം പങ്കിടുകയാണ് രേണുക ഷഹാനെ. കരിയറിന്റെ തുടക്കക്കാലത്ത് വിവാഹിതനായ ഒരു നിർമാതാവ് അദ്ദേഹത്തിനൊപ്പം താമസിക്കാൻ തന്നെ വിളിച്ചുവെന്നും അതിന് പ്രതിഫലമായി പ്രതിമാസ സ്റ്റൈഫന്റ് തരാമെന്ന് പറഞ്ഞെന്നുമാണ് രേണുക പറയുന്നത്.
‘‘എന്റെ കരിയറിന്റെ തുടക്കക്കാലത്ത് ഒരിക്കല്‍ എന്റെ വീട്ടില്‍ ഒരു നിർമാതാവ് വന്നിരുന്നു. ഒരു സാരി കമ്പനിയുടെ ബ്രാൻഡ് അംബാസഡറാകാൻ അയാള്‍ എന്നോട് ആവശ്യപ്പെട്ടു. അദ്ദേഹം വിവാഹിതനാണെന്നും എന്നാല്‍ അയാളോടൊപ്പം ഒരുമിച്ച്‌ താമസിച്ചാല്‍ എല്ലാ മാസവും സ്റ്റൈഫൻ്റ് നല്‍കാമെന്നും എന്നോട് പറഞ്ഞു. ഇതുകേട്ടതും അമ്മയും ഞാനും ഞെട്ടിപ്പോയി. ഞാൻ ആ ഓഫർ നിരസിച്ചപ്പോള്‍ അയാള്‍ മറ്റാരെയോ തേടിപ്പിടിച്ചു.
ഇത്തരം പെരുമാറ്റത്തെ ചെറുക്കുന്നതിന് വലിയ വില നല്‍കേണ്ടിവരും. ചിലപ്പോള്‍ നമ്മള്‍ അവരുടെ പ്രതികാരത്തിന് ഇരകളാകേണ്ടി വരും. നമ്മളെ സഹകരിപ്പിക്കേണ്ടെന്ന് മറ്റുള്ളവരോട് പറയും, അതാണ് അപകടം. എനിക്ക് അത് സംഭവിച്ചിട്ടില്ല, പക്ഷേ അങ്ങനെ സംഭവിച്ചവരുണ്ട്. പ്രോജക്റ്റുകളില്‍ നിന്ന് പുറത്താക്കപ്പെട്ടവരും പ്രതിഫലം ലഭിക്കാതെ വരുന്നവരുമൊക്കെയുണ്ട്. ഇരകളെ കൂടുതല്‍ ഉപദ്രവിക്കാനുള്ള ഒരു ക്ലബ്ബായി അത് മാറും.
മീ ടൂ കാലക്രമേണ ദുർബലപ്പെടുന്നുണ്ട്. കുറ്റാരോപിതർ എല്ലാം മറന്നുപോലെ ജോലിയില്‍ പ്രവേശിക്കുമ്പോള്‍, പരാതിപ്പെട്ടവർക്ക് തെളിവില്ലെന്ന് പറഞ്ഞ് കുറ്റപ്പെടുത്തുന്ന അവസ്ഥ വരുന്നു. മുൻനിര നായികമാർക്ക് പോലും ഇത്തരം ചൂഷണങ്ങളില്‍ നിന്ന് രക്ഷപ്പെടാൻ കഴിയില്ല. ഒരിക്കല്‍ ബോളിവുഡിന്റെ സൂപ്പര്‍ ഹീറോയിനായിരുന്ന രവീണ ടണ്ടന്‍ പറഞ്ഞത് ഞാനോര്‍ക്കുന്നു. ഔട്ട്‌ഡോർ ഷൂട്ടിംഗ് സമയത്ത് സുരക്ഷയ്ക്കായി ദിവസവും മുറി മാറിയാണ് താമസിക്കുന്നത്. സുരക്ഷിതയാകുന്ന ഒരു മാര്‍ഗ്ഗമാണിതെന്ന് രവീണ പറഞ്ഞു. അത്രയും പോപ്പുലറായ ഒരു നായിക പോലും ഇങ്ങനെയുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിരുന്നു...’’ രേണുക ഷഹാനെ പറഞ്ഞു. ‘സൂം’ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഈ ഞെട്ടിപ്പിക്കുന്ന അനുഭവം പങ്കുവെച്ചത്. ‘ദുപാഹിയ’ എന്ന വെബ് സീരീസിലാണ് താരം ഒടുവില്‍ പ്രത്യക്ഷപ്പെട്ടത്. പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും ഈ പരമ്പരയ്ക്ക് പ്രശംസ ലഭിച്ചിരുന്നു.

Ads by Google
Tuesday 11 Nov 2025 04.06 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW