Sunday, March 15, 2026 Last Updated 40 Min 24 Sec ago English Edition
Todays E paper
Ads by Google
Monday 10 Nov 2025 10.23 AM

' ആരെന്തു ചോദിച്ചാലും നാണിച്ചു തല കുനിയ്ക്കുന്ന പഴയ തലമുറയല്ല' ; ഗൗരിയ്ക്ക് പന്തുണയുമായി കെ.എസ് ശബരീനാഥന്‍

supports, issue

പ്രസ് മീറ്റിനിടെ ബോഡി ഷെയ്മിങ് ചെയ്ത യൂട്യൂബര്‍ക്ക് ചുട്ട മറുപടി നലകിയ നടി ഗൗരി കിഷനെ പിന്തുണച്ച് കെപിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ കെ.എസ് ശബരീനാഥന്‍. നിഷ്‌കളങ്കമെന്ന് തോന്നിക്കുന്ന നാണംകെട്ട ചോദ്യങ്ങളോട് പുതിയ തലമുറയിലെ പെണകുട്ടികള്‍ മിണ്ടാതിരിക്കുന്നില്ലെന്ന് കണ്ടതില്‍ സന്തോഷമെന്ന് ശബരീനാഥന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കെ.എസ്. ശബരീനാഥന്റെ കുറിപ്പ്:

കാലാകാലങ്ങളായി സ്ത്രീകള്‍ മറുപടി പറയേണ്ടി വരുന്ന, സ്ത്രീകള്‍ക്ക് നേരെ പ്രത്യക്ഷമായും പരോക്ഷമായും ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങള്‍.. പെണ്ണുടലിന്റെ അഴകിനെയും അളവിനെയും കുറിച്ചുള്ള ആണ്‍ ധാരണകള്‍ക്കാണ് എന്നും പ്രാമുഖ്യം. അത്തരം ആണ്‍ ബോധ്യങ്ങള്‍ അനുസരിച്ചാണ്, അത്തരം അഴകളവുകള്‍ക്ക് അനുസരിച്ചാണ് സിനിമയിലും സമൂഹത്തിലും അവള്‍ ഒരുങ്ങേണ്ടത്, തന്റെ ശരീരത്തെ മെരുക്കി എടുക്കേണ്ടത്. അതിന് കഴിഞ്ഞില്ലെങ്കില്‍ അവള്‍ പരിഹസിക്കപ്പെടും, കളിയാക്കപ്പെടും ഇതുപോലെ മുനകൂര്‍ത്ത് ചോദ്യങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരും.

നിഷ്‌കളങ്കം എന്ന് തോന്നിക്കുന്ന ഈ നാണംകെട്ട ചോദ്യങ്ങളോട് പക്ഷേ പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ മിണ്ടാതിരിക്കുന്നില്ല എന്നത് തന്നെ സന്തോഷം നല്‍കുന്നു. തന്റെ ശരീരത്തോടുള്ള സ്‌നേഹവും അന്തസ്സും മാത്രമല്ല, അത്തരം ആണ്‍ബോധ്യങ്ങള്‍ക്ക് നേരെയുള്ള പ്രതിരോധം കൂടിയാണ് ഗൗരിയുടെ ശബ്ദം. ആരെന്തു ചോദിച്ചാലും നാണിച്ചു തല കുനിയ്ക്കുന്ന പഴയ തലമുറയല്ല, ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കി സൂക്ഷ്മബോധ്യത്തോടെ മുന്നോട്ട് പോകുന്ന പുതിയ പെണ്‍കുഞ്ഞുങ്ങളാണ് പ്രതീക്ഷയും സന്തോഷവും.

നടിയുടെ ഭാരം എത്രയെന്നായിരുന്നു യൂട്യുബർ സിനിമയിലെ നായകനോട് ചോദിച്ചത്. ഈ ചോദ്യമാണ് ഗൗരിയെ ചൊടിപ്പിച്ചത്. സിനിമയെക്കുറിച്ച് ചോദിക്കാതെ ഇത്തരം ചോദ്യങ്ങൾ എന്തിന് ചോദിക്കുന്നു എന്നായി ഗൗരി. പിന്നാലെ പ്രസ് മീറ്റിൽ കൂടിയ മാധ്യമപ്രവർത്തകർ എല്ലാം നടിയ്ക്ക് നേരെ തിരിയുകയായിരുന്നു. പ്രസ് മീറ്റിൽ നിന്നുള്ള വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

താൻ ചോദിച്ചതിൽ തെറ്റില്ലെന്നും സാധാരണയായി എല്ലാവരും ചോദിക്കുന്നതുപോലെ ചോദിച്ചതാണെന്നും യൂട്യുബർ വാദിക്കുന്നുണ്ട്. ചിത്രത്തിലെ ഗാനരംഗത്തിൽ നായകൻ ഗൗരിയെ എടുത്തുയർത്തുന്ന രംഗമുണ്ട്. ഈ സീൻ ചെയ്തപ്പോൾ ഗൗരിക്ക് നല്ല ഭാരമുണ്ടെന്ന് തോന്നിയിരുന്നോ എന്നാണ് മാധ്യമപ്രവർത്തകൻ നായകനോട് ചോദിച്ചത്. ഇത് സിനിമയുമായി യാതൊരു ബന്ധവുമില്ലെന്നും ബോഡിഷെയ്മിങ് ചോദ്യമാണെന്നും നടി തിരിച്ച് മറുപടി നൽകി. മാത്രവുമല്ല താങ്കൾ ഇപ്പോൾ ചെയ്യുന്നതിനെ ജേർണലിസമല്ലെന്നും നടി മാധ്യമപ്രവർത്തകനോട് പറയുന്നുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW