-->
കേരളത്തിന്റെ പുതിയ വന്ദേ ഭാരത് മോദി സർക്കാരിന്റെ വികസന പാതയിലെ പുതിയ ചുവടുവെപ്പാണ്. വികസനം എന്താണെന്ന്, അത് എങ്ങനെയാകണമെന്നും രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും വ്യക്തമാക്കി നൽകിയ ആളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹം തെളിയിച്ച വികസന മാതൃക കേരളത്തിൽ യാഥാർത്ഥ്യമാക്കാൻ കഴിവുള്ള ഏക രാഷ്ട്രീയ പാർട്ടി ബിജെപിയാണ്. രാജ്യത്തിന്റെ പുരോഗതിയും പൗരന്മാരുടെ ക്ഷേമവും വികസനവുമാണ് മോദി സർക്കാരിന്റെ ഏക അജണ്ട.
കേരളത്തിനായി കൂടുതൽ വന്ദേ ഭാരത് ട്രെയിനുകൾ നൽകണമെന്ന് കേന്ദ്ര റെയിൽവേ മന്ത്രിയോട് അഭ്യർത്ഥിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ പുതിയ വന്ദേ ഭാരതത്തിന്റെ പ്രഖ്യാപനം വന്നു. പ്രഖ്യാപിച്ചിട്ട് ആഴ്ചകൾക്കുള്ളിൽ തന്നെ പ്രഖ്യാപനം യാഥാർത്ഥ്യമായി.
ഇതെല്ലാം ബിജെപിയുടെ വികസന മാതൃകയുടെ ഉദാഹരണമാണ്. പ്രഖ്യാപിക്കാൻ മാത്രമുള്ളതല്ല പദ്ധതികൾ നടപ്പിലാക്കാനാണ് എന്നത് കഴിഞ്ഞ 11 വർഷമായി രാജ്യത്തൊട്ടാകെ നമ്മൾ കാണുന്നു. ഒക്ടോബർ എട്ടാം തീയതിയാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായുള്ള ഓൺലൈൻ മീറ്റിംഗിൽ കേരളത്തിൽനിന്ന് ബംഗളൂരുവിലേക്ക് വന്ദേ ഭാരത് എന്ന ആവശ്യം മുന്നോട്ടുവച്ചത്. കൃത്യം ഒരു മാസത്തിനുള്ളിൽ ട്രെയിൻ ട്രാക്കിലൂടെ ഓടുന്നു. ഇത്തരത്തിൽ കാര്യങ്ങൾ നടപ്പിലാക്കാൻ ബിജെപിയുടെ വികസന രാഷ്ട്രീയത്തിന് മാത്രമേ കഴിയൂ. ഐ.ടി. മേഖലയിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് മലയാളികൾക്ക് ഏറെ സഹായമാകും ഈ സർവീസ്. ഉത്സവകാലങ്ങളിൽ ബംഗളൂരിലെ മലയാളികൾ അനുഭവിച്ചിരുന്ന നാട്ടിലേക്കുള്ള യാത്രാ പ്രശ്നത്തിൽ പരിഹാരം കാണാൻ വന്ദേ ഭാരതിലൂടെ ഒരു പരിധിവരെ കഴിയും. വികസിത കേരളത്തിലേക്കുള്ള മറ്റൊരു ചുവടുവെപ്പ് കൂടിയാണ് ഇത്.
ഐ.ടി. നഗരമായ തിരുവനന്തപുരത്തെ എറണാകുളവുമായി ബന്ധിപ്പിക്കുന്ന മെമ്മു സർവീസ് തുടങ്ങി അതിനെ എറണാകുളം–ബംഗളൂരു വന്ദേ ഭാരതമായി ബന്ധിപ്പിക്കാനുള്ള നിർദ്ദേശവും റെയിൽവേ മന്ത്രാലയത്തിനു മുമ്പിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇക്കാര്യവും അതിവേഗം സാധിക്കുമെന്നാണ് വിശ്വസിക്കുന്നത്. അങ്ങനെ വന്നാൽ കേരളത്തിലെ തലസ്ഥാനമായ തിരുവനന്തപുരത്തെ ടെക്നോപാർക്കിലെ ആയിരക്കണക്കിന് ഐ.ടി. പ്രൊഫഷണലുകൾക്ക് ബംഗളൂരു നഗരവുമായി അതിവേഗം കണക്റ്റ് ചെയ്യാൻ കഴിയും.
ഇപ്പോൾ കേരളത്തിലെ മൂന്നു വന്ദേ ഭാരത് സർവീസുകളാണ് ഉള്ളത്. ആദ്യ രണ്ടെണ്ണം 11 ജില്ലകളെ ബന്ധിപ്പിക്കുന്നു, മൂന്നാമത്തേത് ബംഗളൂരും കൊച്ചിയും തമ്മിൽ. ഇതെല്ലാം മോദി സർക്കാരിന്റെ വികസന വേഗതയുടെ പ്രതീകങ്ങളാണ്.
ബിജെപിയുടെ ഏക രാഷ്ട്രീയ അജണ്ട വികസനമാണ്. വികസിത ഇന്ത്യയ്ക്ക് വികസിത കേരളം അനിവാര്യമാണ്. എന്നാൽ കേരളത്തിൽ ഇന്ന് കാണുന്നത് രാഷ്ട്രീയ വടംവലി മാത്രമാണ്. ഇടത്–വലത് മുന്നണികൾ വികസനത്തെപ്പറ്റിയോ ജനക്ഷേമത്തെക്കുറിച്ചോ ചിന്തിക്കുന്നില്ല. നല്ലത് വന്നാൽ രണ്ടുപേരും എതിർക്കുകയാണ്.
കേന്ദ്രം നിരവധി വികസന പദ്ധതികൾ കേരളത്തിൽ നടപ്പിലാക്കാൻ തയ്യാറെടുക്കുമ്പോഴും കേരളം അതിനെയെല്ലാം എതിർക്കുകയാണ്.
സിൽവർ ലൈൻ എന്ന പ്രായോഗികമല്ലാത്ത പദ്ധതിയിലാണ് പിണറായി സർക്കാർ ഇപ്പോഴും പിടിച്ചുനിൽക്കുന്നത്. അതേസമയം റാപ്പിഡ് റെയിൽ പദ്ധതിയും ശബരി റെയിൽ പദ്ധതിയും നടപ്പിലാക്കാൻ കേന്ദ്രം തയ്യാറായിട്ടും സംസ്ഥാന സർക്കാർ അതിനുള്ള ഭൂമി ഏറ്റെടുക്കലിനോ മറ്റ് സാങ്കേതിക അനുമതികൾക്കോ തയ്യാറായിട്ടില്ല.
2014ന് ശേഷം രാജ്യം വളരെയധികം പുരോഗതിയിൽ കുതിക്കുകയാണ്. എന്നാൽ കേരളം അതിന് വിപരീതമായി പിന്നോട്ട് നടക്കുന്നു.
2014 മുമ്പ് ഇന്ത്യയിൽ ദിനംപ്രതി 10 കിലോമീറ്ററിൽ താഴെ മാത്രമാണ് ദേശീയപാതകൾ നിർമ്മിച്ചിരുന്നത്. ഇന്ന് മോദി സർക്കാരിന്റെ നേതൃത്വത്തിൽ പ്രതിദിനം 30 മുതൽ 35 കിലോമീറ്റർ വരെ ദേശീയപാതകളും 90 കിലോമീറ്റർ ഗ്രാമപാതകളും നിർമ്മിക്കുന്നു.
ഭാരത് മാല പദ്ധതിയിലൂടെ കേരളത്തിൽ മാത്രം ₹57,160 കോടി രൂപയുടെ ചിലവിൽ 593 കിലോമീറ്റർ ദേശീയപാതകൾ പണിയുന്നു. ₹64,000 കോടി ചിലവഴിച്ച് 1000 കിലോമീറ്റർ ദേശീയപാതകൾ വികസിപ്പിക്കുന്നു.
പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയിലൂടെ 4500 കിലോമീറ്റർ ഗ്രാമീണ റോഡുകൾ നിർമ്മിച്ചുകഴിഞ്ഞു. തിരുവനന്തപുരം, കൊച്ചി നഗരങ്ങളിൽ ₹2398 കോടി രൂപ ചിലവഴിച്ച് ആധുനിക നഗരങ്ങളാക്കി മാറ്റുന്നു.
അമൃത പദ്ധതിയിലൂടെ കേരളത്തിലെ 35 റെയിൽവേ സ്റ്റേഷനുകളാണ് ആധുനിക നിലവാരത്തിലേക്ക് ഉയർന്നത്. ഇപ്പോൾ ഇന്ത്യൻ റെയിൽവേ നിലവാരത്തിലും സർവീസിലും പല സ്വകാര്യ കമ്പനികളെയും മറികടന്നിരിക്കുകയാണ്. യാത്രയ്ക്കിടയിൽ ഒരു പ്രശ്നമോ അതല്ലെങ്കിൽ ഒരു ആവശ്യമോ ഉണ്ടെങ്കിൽ ഒരൊറ്റ സന്ദേശം മതി — അതിവേഗം പരിഹാരം കാണും. ഇതെല്ലാം വിപ്ലവകരമായ മാറ്റമാണ്.
മോദി സർക്കാരിന്റെ വികസന നയങ്ങളാണ് ഈ മാറ്റങ്ങളിലെല്ലാം അടിത്തറ. പല സംസ്ഥാനങ്ങളെയും ബിജെപിയുടെ ഡബിൾ എൻജിൻ സർക്കാർ വികസനത്തിന്റെ ഫാസ്റ്റ് ട്രാക്കിലൂടെ കൊണ്ടുപോകുമ്പോൾ കേരളം ഇപ്പോഴും രാഷ്ട്രീയ കളികളിൽ കുടുങ്ങിക്കിടക്കുകയാണ്.
കേരളത്തിന്റെ വികസനം വന്ദേ ഭാരത് ട്രെയിനിന്റെ വേഗത്തിൽ മുന്നേറേണ്ടതാണ്. കേന്ദ്രസർക്കാരിന്റെ വികസന നയം കേരളത്തിലേക്ക് എത്തിച്ചേരേണ്ടതുണ്ട്. അതിന് വഴിയൊരുക്കാൻ കഴിവുള്ളത് ബിജെപിയുടെ രാഷ്ട്രീയത്തിന് മാത്രമാണ്.
യുപിഎ സർക്കാരിന്റെ പത്തു വർഷത്തെ ഭരണകാലത്ത് കേരളത്തിൽ നിന്നുമെട്ട് എട്ട് മന്ത്രിമാർ ഉണ്ടായിട്ടും കാര്യമായി ഒരു പദ്ധതിയും കേരളത്തിലേക്ക് എത്തിയില്ല. സംസ്ഥാന സർക്കാർ പലതരത്തിൽ പ്രതിസന്ധി സൃഷ്ടിച്ചിട്ടും മോദി സർക്കാരിന്റെ 11 വർഷം സ്വപ്നതുല്യമായ പദ്ധതികളാണ് കേരളത്തിലേക്ക് എത്തിയത്.
- രാജീവ് ചന്ദ്രശേഖർ
(ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ, മുൻ കേന്ദ്ര സഹമന്ത്രി )