-->
ചുരുക്കം സിനിമകളിലേ അഭിനയിച്ചിട്ടുള്ളവെങ്കിലും മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ അഭിനേത്രിയാണ് സംയുക്ത വര്‍മ്മ. സിനിമാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നെത്തി തന്റെ അഭിനയമികവു കൊണ്ടും ശാലീന സൗന്ദര്യം കൊണ്ടും പ്രേക്ഷകമനസ്സ് കീഴടക്കിയ താരം. ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച് സംയുക്ത കൈയടിയും പ്രശംസയും നേടിയിട്ടുണ്ട്.
പ്രണയവിവാഹത്തിലൂടെ മലയാളികളുടെ പ്രിയ താരം ബിജു മേനോനെ ജീവിതപങ്കാളിയാക്കിയതില്‍ പിന്നെ താരം അഭിനയമേഖല പാടെ ഉപേക്ഷിച്ചു. കുടുംബിനിയായി ഒതുങ്ങിയ താരം പിന്നീട് തന്റെ വിശേഷങ്ങളും ചിത്രങ്ങളും യോഗ ട്രെയിനിംഗ് വീഡിയോകളുമൊക്കെ താരം സോഷ്യല്‍ മീഡിയയിലൂടെയാണ് പങ്കുവച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ സംയുക്ത പങ്കിടുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ നിമിഷനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്.
ഇപ്പോഴിതാ തന്റെ പേരില്‍ ഫേസ്ബുക്കില്‍ സജീവമായ വ്യാജ അക്കൗണ്ടുകളെ കുറിച്ച് മുന്നറിയിപ്പുമായെത്തിയിരിക്കുകയാണ് താരം. തന്റെ ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കിട്ട വീഡിയോ സന്ദേശത്തിലൂടെയായിരുന്നു താരം ആരാധകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സംയുക്ത വർമ എന്ന പേരില്‍ വെരിഫൈഡായ ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് മാത്രമാണ് താൻ ഉപയോഗിക്കുന്നതെന്നും, ഫേസ്ബുക്ക് അടക്കം മറ്റു സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ തന്റെ പേരിലുള്ള അക്കൗണ്ടുകളെല്ലാം വ്യാജമാണെന്നും താരം പറഞ്ഞു.
‘‘സംയുക്ത വർമ എന്ന പേരില്‍ ബ്ലൂ ടിക്കോട് കൂടിയുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ട് മാത്രമാണ് ഞാൻ ഉപയോഗിക്കുന്നത്. അതല്ലാതെയുള്ള ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലും സജീവമല്ല. സംയുക്ത വർമ എന്ന പേരില്‍ ഫേസ്ബുക്കില്‍ തുടങ്ങിയിട്ടുള്ള ഒരു അക്കൗണ്ടും എന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ല. ഒരുപാടു പേർ അത് ഞാനാണെന്ന് വിചാരിച്ച് അതില്‍ സന്ദേശമയക്കുന്നുണ്ട്. ഒരുപാട് തട്ടിപ്പുകള്‍ നടക്കുന്ന കാലഘട്ടമാണ്. ശ്രദ്ധിച്ചിരിക്കണം...’’ സംയുക്ത വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. സംയുക്ത പങ്കിട്ട ഇതേ വീഡിയോ ബിജു മേനോനും തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്.
സംയുക്ത വർമ്മയെന്ന പേരില്‍ 1.75 ലക്ഷം ഫോളോവേഴ്സ് ഉള്ള വ്യാജ അക്കൗണ്ട് പോലും ഫേസ്ബുക്കിലുണ്ട്. ഇവയൊന്നും തന്റെ അറിവോടെയും സമ്മതത്തോടെയുമല്ലെന്നാണ് താരം പറഞ്ഞിരിക്കുന്നത്. ഒരുപാട് ആളുകള്‍ സംയുക്ത വര്‍മ്മയുടെ ഫെയ്സ്ബുക്ക് അക്കൗണ്ടാണെന്ന് വിചാരിച്ച് ഇത്തരം വ്യാജ അക്കൗണ്ടുകളിലേക്ക് സന്ദേശം അയക്കുന്നുമുണ്ട്.