-->
ബിഗ് ബോസ് സീസണുകള്‍ എന്നും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. മലയാളം, ഹിന്ദി, തമിഴ് അടക്കം നിരവധി ഭാഷകളില്‍ ബിഗ് ബോസ് സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ഒരു സീസണില്‍ കിട്ടുന്ന റീച്ചും ഹൈപ്പുമാണ് അടുത്ത സീസണിലേക്ക് ഈ മത്സരത്തെ ആരാധകര്‍ കാത്തിരിക്കാനുള്ള കാരണമായി മാറുന്നത്. ഹൗസിലേക്ക് എത്തുന്ന മത്സരാര്‍ത്ഥികള്‍ ആരൊക്കെയാണെന്നും അവരുടെ റിയല്‍ ലൈഫ് ക്യാരക്ടര്‍ എന്തൊക്കെയാണെന്നും അറിയാനാണ് പലപ്പോഴും പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.
ഇതിലേക്ക് മത്സരാര്‍ത്ഥികളായി എത്തുന്നവര്‍ക്ക് ആകര്‍ഷകമായ പ്രതിഫലവും കിട്ടാറുണ്ട്. അത് എത്രയാണെന്ന് പലരും തുറന്നു പറയാറില്ലെങ്കിലും പലരും ഹൗസിലേക്ക് എത്താന്‍ വലിയ ആവേശം കാണിക്കാറുള്ളതിന്റെ ഒരു പ്രധാന കാരണവും ഇതാണ്. സെലിബ്രിറ്റികള്‍ മാത്രമല്ല പല മേഖലയിലും വൈറലായ പല തുറകളിലുമുള്ള വ്യക്തികള്‍ ഹൗസിലേക്ക് എത്തുന്നത് പതിവാണ്.
ഇപ്പോഴിതാ പണ്ട് ബിഗ് ബോസില്‍ നിന്ന് ക്ഷണം ലഭിച്ചിരുന്നെന്ന് തുറന്നു പറയുകയാണ് പഴയകാല സൂപ്പര്‍ഹിറ്റ് നടി ഷീല. അവിടെ എന്തൊക്കെയാണെന്ന് പോയി നോക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്നും താന്‍ വരാം ഇത്രയും പ്രതിഫലം തരണമെന്ന് ആവശ്യപ്പെട്ടെന്നും പറയുകയാണ് ഷീല.
‘‘എനിക്ക് ബിഗ് ബോസില്‍ പോയി അവരെല്ലാം എന്തൊക്കെയാണ് ചെയ്യുന്നതെന്ന് നോക്കണമെന്നുണ്ടായിരുന്നു. മുമ്പ് ഞാൻ, ജയഭാരതി, ഉർവശി, ശാരദ, അംബിക അങ്ങനെ വലിയ പതിമൂന്ന് ആർട്ടിസ്റ്റുകളെവച്ച് നടത്താനിരുന്നതാണ്. അന്ന് ബിഗ് ബോസ് എന്താണെന്ന് എനിക്കറിയില്ലായിരുന്നു. പതിമൂന്നുപേർ വേണമെന്ന് പറഞ്ഞു. ഞാൻ വരാം, ഇത്ര പണം തരണമെന്ന് ആവശ്യപ്പെട്ടു.
കൂട്ടത്തില്‍ ഞാൻ കുറച്ച് നിബന്ധനകള്‍ മുന്നോട്ടുവച്ചു. ഒറ്റയ്ക്ക് മുറി വേണം, കൂടെ ടച്ചപ്പിന് ആള്‍ വേണം, കൂടെ ഒരു സ്ത്രീ വരും. എനിക്ക് വേണ്ട ഭക്ഷണങ്ങളൊക്കെ അവരുണ്ടാക്കുമെന്നും പറഞ്ഞു. ബിഗ് ബോസ് എന്താണെന്ന് അറിവില്ലായ്മ കൊണ്ടാണ് അങ്ങനെ പറഞ്ഞത്. ഇപ്പോള്‍ ബിഗ് ബോസ് കാണുമ്പോഴാണറിയുന്നത്, എല്ലാവരും ഒരു മുറിയില്‍ കിടക്കണമെന്നത്.
ഇനിയിപ്പോള്‍ പോകാം. പക്ഷേ രാവിലെ പോയിട്ട് വൈകിട്ട് വരണം. 120 ദിവസം നില്‍ക്കാൻ 120 കോടി വേണം...’’ തമാശരൂപേണ ഷീല പറഞ്ഞു. ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരമിത് പറഞ്ഞത്. പക്ഷേ ഏത് ഭാഷയില്‍ പ്രക്ഷേപണം ചെയ്യുന്ന ഷോയില്‍ നിന്നാണ് കോള്‍ വന്നതെന്ന് ഷീല പറഞ്ഞില്ല. ഷീലയുടെ നിഷ്കളങ്കമായ ഈ തുറന്നുപറച്ചില്‍ ഏറ്റെടുക്കുകയാണ് ആരാധകര്‍.