-->
55-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച ഗാനരചയിതാവിനുളള പുരസ്‌കാരം നേടിയത് റാപ്പര്‍ വേടനാണ്. മഞ്ഞുമ്മല്‍ ബോയ്‌സിലെ വിയര്‍പ്പു തുന്നിയിട്ട കുപ്പായം എന്ന ഗാനത്തിനാണ് വേടന് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. എന്നാല്‍ വേടന് പുരസ്‌കാരം നല്‍കിയത് പലകോണുകളില്‍ നിന്നും വിമര്‍ശനത്തിന് ഇട വരുത്തിയിട്ടുണ്ട്. പ്രാസമൊപ്പിച്ചെഴുതുന്ന റാപ്പ് അല്ല ഗാനരചനയെന്നും വേടനുളള പുരസ്‌കാരം കവികളായ ഗാനരചയിതാക്കള്‍ക്കുളള അപമാനമാണെന്ന് വരെ പലരും വിമര്‍ശിക്കുന്നുണ്ട്. ലൈംഗികാരോപണ കേസിലെ പ്രതിയ്ക്ക് പുരസ്‌കാരം നല്‍കി സര്‍ക്കാര്‍ ചേര്‍ത്ത് നിര്‍ത്തുന്നത് ശരിയല്ലെന്നാണ് മറ്റൊരു വിമര്‍ശനം.
വിവാദങ്ങള്‍ക്കിടെ വേടനൊപ്പമുളള ചിത്രം പങ്കിട്ട് ആശംസ അറിയിക്കുകയാണ് ഹൈബി ഈഡന്‍ എംപി. ' ആശംസകള്‍ പ്രിയപ്പെട്ട വേടന്‍. വളരെയധികം അര്‍ഹിച്ച ഒന്ന്' എന്നാണ് ചിത്രത്തോടൊപ്പം ഹൈബി ഈഡന്‍ കുറിച്ചിരിക്കുന്നത്.
ഹൈബി ഈഡന്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് വിമര്‍ശനവുമായി എത്തുന്നത്. ബലാത്സംഗ കേസിലെ കുറ്റാരോപിതനെ ജനപ്രതിനിധി ചേര്‍ത്തുപിടിക്കുന്നത് ശരിയല്ലെന്നാണ് വിമര്‍ശകര്‍ പറയുന്നത്.