-->
തമിഴകത്ത് മാത്രമല്ല കേരളത്തിലും ഒട്ടേറെ ആരാധകരുള്ള നടനാണ് അജിത്. താരത്തിന്റെ ചിത്രങ്ങള്‍ക്കും കേരളത്തില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇങ്ങനെയൊക്കെ ആണെങ്കിലും പൊതുവേദികളിലോ ആരാധകരുടെ കൂട്ടായ്മയിലോ ഒന്നും അജിത്തിനെ പൊതുവേ കാണാറില്ല. എപ്പോഴും തന്റേതായ സ്വകാര്യത കാത്തു സൂക്ഷിക്കാന്‍ ഇഷ്ടപ്പെടുന്ന ആളു കൂടിയാണ് അജിത്.
ഇപ്പോഴിതാ തന്നെ മാധ്യമങ്ങള്‍ മോശമായി ചിത്രീകരിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് അജിത്. ദ് ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അജിത് ഇക്കാര്യം തുറന്നു പറഞ്ഞത്. തെരഞ്ഞെടുപ്പ് സമയത്ത് വോട്ട് ചെയ്യാന്‍ വന്ന ഒരു യുവാവ് അജിത്തിന്റെയടുത്ത് വന്ന് സെല്‍ഫിയെടുത്തതും പിന്നാലെ അജിത് അയാളുടെ ഫോണ്‍ പിടിച്ച് വാങ്ങിയതും വലിയ വാര്‍ത്തയായിരുന്നു.
ഇതിന്റെ വിഡിയോ പുറത്തുവന്നതിന് പിന്നാലെ അജിത്തിനെ വിമര്‍ശിച്ചും കുറ്റപ്പെടുത്തിയും നിരവധി പേര്‍ രംഗത്തെത്തി. എന്നാല്‍ ആ സംഭവത്തിന്റെ സത്യാവസ്ഥ അറിയാന്‍ ആരും ശ്രമിക്കാറില്ലെന്ന് അജിത് പറഞ്ഞു. 'അന്ന് ആ ഇലക്ഷന് ഞാന്‍ ആ പയ്യന്റെ ഫോണ്‍ പിടിച്ചു വാങ്ങിയതിന്റെ വിഡിയോ എല്ലായിടത്തും പ്രചരിച്ചു.
പല വാര്‍ത്താ തലക്കെട്ടുകളിലും എന്നെ വലിച്ചുകീറി. എന്നാല്‍ ഏതോ ഒരു മീഡിയ മാത്രം ആ വിഡിയോയുടെ പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നു. ആ വിഡിയോ കുറച്ച് സൂം ചെയ്തപ്പോള്‍ ഫോട്ടോഗ്രഫിയും വിഡിയോഗ്രഫിയും ഇവിടെ പാടില്ല എന്നുള്ള ബോര്‍ഡുകള്‍ അവര്‍ ചൂണ്ടിക്കാണിച്ചു. അവിടെ വെച്ച് ഫോട്ടോയോ വിഡിയോയോ എടുത്താല്‍ പിഴയടക്കേണ്ടി വരും. ഞാന്‍ അത് തടയുക മാത്രമേ ചെയ്തുള്ളൂ.
പക്ഷേ, അതൊന്നും ആരും ശ്രദ്ധിച്ചില്ല. അവസാനം ഞാന്‍ മോശക്കാരനും ആ പയ്യന്‍ ഇരയുമായി മാറി. അവിടെ ഫോട്ടോഗ്രഫിയൊന്നും നടക്കില്ലെന്നും അത് ചെയ്യരുതെന്നും ഞാന്‍ പറഞ്ഞിട്ടും അയാള്‍ കേള്‍ക്കാത്തതു കൊണ്ടാണ് അങ്ങനെ റിയാക്ട് ചെയ്യേണ്ടി വന്നത്'.- അജിത് പറഞ്ഞു. കഴിഞ്ഞ ദിവസം തിരുമല ക്ഷേത്ര ദര്‍ശനത്തിനെത്തിയ അജിത്തിന്റെ വിഡിയോയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.