-->
തിരുവനന്തപുരം: കേരളത്തിന്റെ പൊതു വിദ്യാഭ്യാസമേഖല സങ്കുചിതതാല്‍പ്പര്യങ്ങള്‍ക്കുമുമ്പില്‍ അടിയറവയ്ക്കാന്‍ ഒരുക്കമല്ലെന്നും പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള അനാവശ്യ രാഷ്ട്രീയ വിവാദങ്ങളെ തള്ളുന്നുവെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. കേരളത്തിലെ പൊതുവിദ്യാഭ്യാസവകുപ്പ് കുട്ടികളുടെ വിദ്യാഭ്യാസത്തിനാണെന്നും ആരോഗ്യകരമായ,- സാംസ്‌കാരികസമ്പന്നമായ സമൂഹത്തെ വളര്‍ത്താനും കുട്ടികളുടെ ആവശ്യങ്ങള്‍ നിറവേറ്റാനും വകുപ്പ് ധീരമായ തീരുമാനങ്ങളെടുത്ത് മുന്നോട്ടുപോകുമെന്നും പറഞ്ഞു.
ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് മന്ത്രി നയം വ്യക്തമാക്കിയത്. പിഎം ശ്രീ പദ്ധതിയുടെ ധാരണപത്രത്തില്‍ ഒപ്പുവച്ചാല്‍ പാഠ്യപദ്ധതിയെല്ലാം മാറ്റി കേന്ദ്രം നിശ്ചയിച്ചുനല്‍കുന്നത് നടപ്പാക്കേണ്ടി വരുമെന്നത് അവാസ്തവമാണെന്ന് ലേഖനം പറയുന്നു. ഇത്തരം കാര്യങ്ങളെ തെറ്റായി വ്യാഖ്യാനിക്കാന്‍ മത്സരിക്കുന്നവര്‍ പിഎം ശ്രീ നടപ്പാക്കിയ സംസ്ഥാനങ്ങളില്‍ നേരിട്ട് അന്വേഷിച്ച് ബോധ്യപ്പെടണമെന്നും പറയുന്നു. കേരളത്തിന്റെ പൊതു വിദ്യാഭ്യാസമേഖല ലോകത്തിനുമുന്നില്‍ തല ഉയര്‍ത്തി നില്‍ക്കുന്നതിന് അനേകം മനുഷ്യരുടെ ബുദ്ധിയും പ്രയത്നവുമുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അത് സങ്കുചിതതാല്‍പ്പര്യങ്ങള്‍ക്കുമുമ്പില്‍ അടിയറവയ്ക്കാന്‍ ഒരുക്കമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനങ്ങള്‍ക്ക് അവരുടെ കരിക്കുലം തുടരാമെന്ന കാര്യം ദേശീയ വിദ്യാഭ്യാസനയംതന്നെ വ്യക്തമാക്കിയിട്ടുണ്ട് (പേജ് 17 പാരഗ്രാഫ് 3). മാത്രവുമല്ല, രാജ്യത്ത് സംഭവിക്കുന്ന മാറ്റങ്ങള്‍ക്ക് അനുസൃതമായി പാഠ്യപദ്ധതി പരിഷ്‌കരിച്ച ഏകസംസ്ഥാനവും കേരളമാണ്.
ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം ആരംഭിച്ചശേഷം എന്‍സിഇആര്‍ടി പുസ്തകങ്ങളും എസ്സിഇആര്‍ടി പുസ്തകങ്ങളും ചേര്‍ത്തുനിര്‍ത്തിയാണ് പാഠ്യപദ്ധതി രൂപീകരിച്ചിട്ടുള്ളത്. അക്കാദമികപരമായി ഏതു പുസ്തകം സ്വീകരിച്ചാലും അതിലെ ഏതു പാഠം പഠിപ്പിക്കണം, പഠിപ്പിക്കരുത് എന്നു തീരുമാനിക്കാനുള്ള പരമാധികാരം സംസ്ഥാനങ്ങള്‍ക്കുണ്ട്. അതുകൊണ്ടാണ് എന്‍സിഇആര്‍ടി രാഷ്ട്രീയതാല്‍പ്പര്യം മുന്‍നിര്‍ത്തി പാഠഭാഗങ്ങള്‍ വെട്ടിമാറ്റിയപ്പോള്‍ കേരളം അഡീഷണല്‍ പാഠപുസ്തകങ്ങള്‍ പുറത്തിറക്കുകയും പഠിപ്പിക്കുകയും ചെയ്തത്.
സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ പ്രത്യേകതതന്നെ മതനിരപേക്ഷമായ ഉള്ളടക്കമാണ്. ഇതില്‍ വെള്ളം ചേര്‍ക്കാന്‍ ശ്രമിക്കുന്ന ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയശക്തികളെ മുഖംനോക്കാതെ എതിര്‍ക്കുക എന്ന നയം നടപ്പാക്കിവരുന്നു. വര്‍ഗീയതയ്ക്കുമുന്നില്‍ മുട്ടുമടക്കാതെ മതനിരപേക്ഷമായ പരിസരം കാത്തുസൂക്ഷിക്കണമെന്ന ഇടതുപക്ഷപാഠം പ്രവര്‍ത്തനത്തിലൂടെ തെളിയിക്കാന്‍ ഏവരും ബാധ്യസ്ഥരാണെന്നും പറയുന്നു.