Saturday, March 14, 2026 Last Updated 4 Min 43 Sec ago English Edition
Todays E paper
Ads by Google
Monday 27 Oct 2025 02.20 PM

‘മാരി സെല്‍വരാജിന്റെ മറ്റൊരു വജ്രമാണ് ബൈസണ്‍; സിനിമയിലെ മൂര്‍ച്ചയേറിയ സന്ദേശങ്ങള്‍ പ്രേക്ഷക മനസ്സുകളില്‍ സ്വാധീനം ചെലുത്തുന്നു...’ പ്രശംസിച്ച്‌ മുഖ്യമന്ത്രി സ്റ്റാലിൻ

പ്രേക്ഷകപ്രശംസയും നിരൂപകപ്രശംസയും ഏറ്റുവാങ്ങി മുന്നേറുകയാണ് മാരി സെല്‍വരാജ് സംവിധാനം ചെയ്ത് ധ്രുവ് വിക്രം നായകനായി എത്തിയ ‘ബൈസണ്‍’. ഇപ്പോഴിതാ തമിഴ്നാട് മുഖ്യമന്ത്രി എം​.കെ സ്റ്റാലിന്‍ സിനിമയെയും അണിയറപ്രവര്‍ത്തകരെയും പ്രശംസിച്ച് എക്സില്‍ കുറിപ്പ് പങ്കിട്ടിരിക്കുകയാണ്.
Tamil Nadu Chief Minister M.K. Stalin, Bison Movie, Mari Selvaraj, Dhruv Vikram
Minister M K Stalin praises bison movie and team (Image Source: X)

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ പ്രിയ താരമായ ചിയാന്‍ വിക്രത്തിന്റെ മകന്‍ ധ്രുവ് വിക്രം പ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള താരപുത്രനാണ്. അഭിനയമികവു കൊണ്ട് തന്റേതായ ഇടം ബിഗ് സ്ക്രീനില്‍ നേടിയെടുത്ത ധ്രുവ് വിക്രം 2019 ൽ അർജുൻ റെഡ്ഢിയുടെ റീമേക്ക് ആയ ആദിത്യ വർമയിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. ധ്രുവിന്റെ ഏറ്റവും പുതിയ ചിത്രമായ ‘ബൈസണ്‍’ ഏറെ പ്രശംസ നേടി തിയേറ്റില്‍ പ്രദര്‍ശനം തുടരുകയാണ്.
മാരി സെല്‍വരാജ് സംവിധാനം ചെയ്ത കബഡി പശ്ചാത്തലമാക്കിയുള്ള സ്പോർട്സ് ഡ്രാമ ചിത്രമാണ് ‘ബൈസണ്‍’. ചിത്രത്തിലെ ധ്രുവിന്റെ പ്രകടനം ഏറെ ചർച്ചയാകുന്നുണ്ട്. ബോക്സ് ഓഫീസിലും കാര്യമായ ചലനമുണ്ടാക്കുന്ന സിനിമയില്‍ ഒരു കബഡി പ്ലേയർ ആയിട്ടാണ് ധ്രുവ് എത്തുന്നത്.
ഇപ്പോഴിതാ ചിത്രത്തിലെ ജാതി രാഷ്ട്രീയത്തെക്കുറിച്ചുള്ള ശക്തമായ അവതരണത്തെ അഭിനന്ദിച്ച്‌ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ രംഗത്തെത്തി. മാരി സെല്‍വരാജിന്റെ കരിയറിലെ മികച്ച ചിത്രമാണ് ‘ബൈസണ്‍’ എന്നാണ് സ്റ്റാലിൻ വിശേഷിപ്പിച്ചത്. കളിക്കളത്തിലെയും പുറത്തുമുള്ള ഒരു യുവ കബഡി താരത്തിന്റെ പോരാട്ടങ്ങളെ അസാധാരണമായ ദൃശ്യാനുഭവമാക്കി മാറ്റാൻ മാരി സെല്‍വരാജിന് സാധിച്ചുവെന്നാണ് സ്റ്റാലിന്‍ പ്രശംസിച്ചത്.
‘‘ബൈസൺ കാലമാടൻ: മാരി സെൽവരാജിന്റെ ചലച്ചിത്ര കിരീടത്തിലെ മറ്റൊരു വജ്രം!
തന്റെ കഴിവിൽ മാത്രം ആശ്രയിച്ച്, ഗ്രാമത്തിൽ നിന്ന് നേട്ടങ്ങൾ കൈവരിക്കാൻ പുറപ്പെട്ട്, കബഡി മേഖലയിലും പുറത്തും താൻ നേരിടുന്ന പോരാട്ടങ്ങളിൽ വിജയിക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഥയെ വളരെ സവിശേഷമായ ഒരു സിനിമാറ്റിക് അനുഭവമാക്കി മാറ്റിയിരിക്കുകയാണ് സംവിധായകൻ മാരി സെല്‍വരാജ്.
അദ്ദേഹത്തിന്റെ ഓരോ സിനിമയും ഞാൻ സൂക്ഷ്മമായി നിരീക്ഷിച്ചിട്ടുണ്ട്. ഓരോന്നും നമ്മുടെ മനസ്സിൽ ഒരു ‘മൂർച്ചയുള്ള സന്ദേശം’ അവശേഷിപ്പിക്കുകയും സ്വാധീനം ചെലുത്തുകയും ചെയ്യുന്നതിൽ ഒരിക്കലും പരാജയപ്പെട്ടിട്ടില്ല. ഈ രീതിയിൽ, കായിക വ്യവസായത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് യുവാക്കൾ സ്വീകരിക്കേണ്ട പാതയും രാഷ്ട്രീയവും വളരെ പക്വതയോടെ മാരി സെൽവരാജ് കാണിച്ചുതന്നിട്ടുണ്ട്.
സഹോദരൻ മാരിയുടെ ചലച്ചിത്ര ഭാഷയും കലാപരമായ കഴിവുകളും കൂടുതൽ കൂടുതൽ മെച്ചപ്പെടുന്നതിന്റെ ഉദാഹരണമായി ‘ബൈസൺ’ തിളങ്ങുന്നു. ഈ സിനിമയിലെ മികച്ച പ്രകടനത്തിനും മാരിയുടെ തിരക്കഥയ്ക്ക് ജീവൻ നൽകിയതിനും ധ്രുവ് വിക്രം, പശുപതി, അനുപമ, രജിഷ, പശ്ചാത്തലത്തിൽ പ്രവർത്തിച്ച എല്ലാ അഭിനേതാക്കൾക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ!
തമിഴ് ചലച്ചിത്രമേഖലയ്ക്ക് ഇതുപോലുള്ള നിരവധി കൃതികൾ നൽകിയതിന് മാരി സെൽവരാജിന് എന്റെ ആശംസകള്‍...’’ എന്നാണ് സ്റ്റാലിന്‍ കുറിച്ചത്. ഒപ്പം ധ്രുവിനും മാരി സെല്‍വരാജിനൊപ്പമുള്ള ചിത്രങ്ങളും സ്റ്റാലിന്‍ പങ്കുവച്ചു.

തമിഴ്നാട് മുഖ്യമന്ത്രിയുടെ അഭിനന്ദനങ്ങള്‍ക്ക് മാരി സെല്‍വരാജും നന്ദി അറിയിച്ചിട്ടുണ്ട്. തന്റെ ആദ്യ ചിത്രമായ ‘പരിയെരും പെരുമാള്‍’ മുതല്‍ ‘ബൈസണ്‍’ വരെയുള്ള ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കുകയും, തന്നില്‍ വിശ്വാസമർപ്പിക്കുകയും ചെയ്തതിലുള്ള കൃതജ്ഞതയും മാരി പങ്കുവച്ചു. സ്റ്റാലിൻ നേരിട്ട് വിളിച്ച്‌ സ്നേഹം പ്രകടിപ്പിച്ചതും മാരി സെല്‍വരാജ് എടുത്തുപറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW