Sunday, March 22, 2026 Last Updated 8 Min 45 Sec ago English Edition
Todays E paper
Ads by Google
ജി. അരുണ്‍
Saturday 25 Oct 2025 11.30 AM

രാജിക്കു തയാറെന്ന് സി.പി.ഐ മന്ത്രിമാര്‍ ; പി.എം. ശ്രീയില്‍ ആടിയുലഞ്ഞ് ഇടതുമുന്നണി

uploads/news/2025/10/807488/CPI-binoy-viswom.jpg

തിരുവനന്തപുരം: പി.എം. ശ്രീയില്‍ സി.പി.ഐയുടെ എതിര്‍പ്പ് നിഷ്‌കരുണം തള്ളി സി.പി.എം. അടിയുലഞ്ഞ് ഇടതുമുന്നണി. സി.പി.ഐ മന്ത്രിമാര്‍ ഇന്നലെ രാജിക്കു തയാറാണെന്ന് അറിയിച്ചെങ്കിലും 27 വരെ കാക്കാന്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നിര്‍ദേശം. സി.പി.ഐ ശക്തമായ എതിര്‍ത്തിട്ടും, പി.എം ശ്രീ പദ്ധതിയില്‍നിന്നു പിന്മാറേണ്ടതില്ലെന്ന് ഇന്നലെ ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.

മുഖ്യമന്ത്രിയും എല്‍.ഡി.എഫ് കണ്‍വീനറും യോഗത്തില്‍ പങ്കെടുത്തില്ല. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ അധ്യക്ഷതയിലായിരുന്നു യോഗം. ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കാന്‍ സി.പി.ഐയുമായി ചര്‍ച്ച നടത്താനാണ് ഇതില്‍ തീരുമാനമായത്. കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ മന്ത്രി കെ. രാജന്‍ പി.എം ശ്രീയെക്കുറിച്ച് ആശങ്ക ഉന്നയിച്ചെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി വി. ശിവന്‍കുട്ടിയും മൈന്‍ഡ് ചെയ്തില്ല. അതുകൊണ്ടുതന്നെ, അഭിമാനം വ്രണപ്പെട്ടു എന്ന വികാരമാണ് സി.പി.ഐക്ക്.

മുന്നണിയില്‍ ചര്‍ച്ചചെയ്യാതെ കഴിഞ്ഞ ദിവസം പദ്ധതിയില്‍ ഒപ്പുവയ്ക്കുക കൂടി ചെയ്തതോടെ ജനമധ്യത്തിലും സി.പി.ഐ. നാണംകെട്ടു. വിഷയത്തില്‍ കടുത്ത പ്രതിഷേധത്തിലാണ് എ.ഐ.വൈ.എഫ്. പദ്ധതിക്കെതിരേ വന്‍ എതിര്‍പ്പുയര്‍ത്തിയ എസ്.എഫ്.ഐയും മുഖം നഷ്ടപ്പെട്ട നിലയിലാണ്.കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ പി.എം ശ്രീയില്‍ ഒപ്പുവച്ചത് എങ്ങനെയെന്ന് വിദ്യാഭ്യാസ മന്ത്രി പറയണമെന്ന് മന്ത്രി ജി.ആര്‍ അനില്‍ ഇന്നലെ പരസ്യമായി ആവശ്യപ്പെട്ടു. സി.പി.ഐ എടുക്കുന്ന തീരുമാനം മന്ത്രിമാര്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജിവയ്ക്കുമോ എന്ന ചോദ്യത്തിന് പാര്‍ട്ടി തീരുമാനിക്കട്ടെ എന്നായിരുന്നു മന്ത്രിയുടെ മറുപടി.

മുമ്പ് കായല്‍കയേറ്റത്തില്‍ അന്ന് മന്ത്രിയായിരുന്നു തോമസ് ചാണ്ടിയുടെ രാജി സി.പി.ഐ ആവശ്യപ്പെട്ടിരുന്നു. നടപ്പാകാതെ വന്നതോടെ അന്ന് സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്‍ സി.പി.ഐ മന്ത്രിമാരെ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുന്നതില്‍നിന്നു വിലക്കി. തുടര്‍ന്ന് തോമസ് ചാണ്ടിയുടെ രാജി മുഖ്യമന്ത്രി വാങ്ങുകയായിരുന്നു. ഇപ്പോള്‍ അതിലും വലിയ പ്രതിസന്ധിയിലൂടെയാണ് മുന്നണി പോകുന്നത്.പദ്ധതി നടപ്പാക്കാതെ മൂന്നു വര്‍ഷം കടുത്ത പ്രതിഷേധം ഉയര്‍ത്തിയ കേരളം മുഖ്യമന്ത്രിയുടെ ഡല്‍ഹി സന്ദര്‍ശനത്തിനു ശേഷമാണ് പൊടുന്നനെ നിലപാട് മാറ്റിയതെന്നും വിമര്‍ശനമുയര്‍ന്നു.

പി.എം ശ്രീയില്‍ സംസ്ഥാനത്തിനു വേണ്ടി വിദ്യാഭ്യാസ സെക്രട്ടറിയാണ് കഴിഞ്ഞ ദിവസം ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. ഇതോടെ തടഞ്ഞുവച്ച 1500 കോടിയുടെ സമഗ്ര ശിക്ഷാ കേരള (എസ്.എസ്.കെ) ഫണ്ട് ഉടന്‍ അനുവദിക്കുമെന്ന് കേന്ദ്രം ഉറപ്പ് നല്‍കി. ദേശീയ വിദ്യാഭ്യാസ നയം പൂര്‍ണമായും നടപ്പിലാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് ധാരണാപത്രത്തില്‍ പറയുന്നു.

സമഗ്ര ശിക്ഷാ കേരളയുടെ സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ച് പദ്ധതി നടപ്പാക്കണം. തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളില്‍ ഇത് പൂര്‍ണമായും നടപ്പാക്കേണ്ടതുണ്ടെന്നും ധാരണാപത്രം അനുശാസിക്കുന്നു. പദ്ധതി ഒരിക്കല്‍ നടപ്പാക്കിത്തുടങ്ങിയാല്‍ പിന്നീട് അവസാനിപ്പിക്കാന്‍ സാധ്യമല്ലെന്നും വ്യവസ്ഥയിലുണ്ട്. അഞ്ച് വര്‍ഷം വരെ കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സഹായം പി.എം. ശ്രീ സ്‌കൂളുകള്‍ക്കു ലഭിക്കും. അഞ്ച് വര്‍ഷത്തിനുശേഷം സ്‌കൂളുകള്‍ സംസ്ഥാനത്തിനു കൈമാറിയാലും വരുത്തിയ മാറ്റങ്ങള്‍ നിലനിര്‍ത്തേണ്ടതുണ്ട്.

പിഎം ശ്രീ സ്‌കൂള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഒരു കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ്. 14500ല്‍ അധികം സ്‌കൂളുകള്‍ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്തി വികസിപ്പിക്കുക എന്നതാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. ഓരോ ബ്ലോക്കിലെയും തിരഞ്ഞെടുത്ത സ്‌കൂള്‍ പ്രത്യേകം വികസിപ്പിച്ച്, ദേശീയ വിദ്യാഭ്യാസനയത്തിന്റെ (എന്‍ഇപി) മികവ് പ്രദര്‍ശിപ്പിക്കുന്നതാണ് പദ്ധതി. ഓരോ ബ്ലോക്കിലും രണ്ട് സ്‌കൂള്‍ പിഎം ശ്രീയായി വികസിപ്പിക്കും. ഒരു സ്‌കൂളിന് ശരാശരി 1.13 കോടി രൂപയാണ് ചെലവഴിക്കുക. കേന്ദ്ര-സംസ്ഥാന വിഹിതം 60:40 എന്ന അനുപാതത്തിലാകും ചെലവ് വഹിക്കുക.

Ads by Google
ജി. അരുണ്‍
Saturday 25 Oct 2025 11.30 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW