-->
ബോളിവുഡില്‍ മികച്ച കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകമനസ്സിലിടം നേടിയ അഭിനേത്രിയും സംവിധായികയും നിര്‍മ്മാതാവുമാണ് നീന ഗുപ്ത. ബിഗ് സ്ക്രീനില്‍ അവതരിപ്പിച്ച കഥാപാത്രങ്ങളിലൂടെ മാത്രമല്ല ബോള്‍ഡായി പല കാര്യങ്ങള്‍ തുറന്നു പറയുന്നതിന്റെ പേരിലും നീന ഗുപ്ത വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്. തന്റെ ജീവിതം സ്വന്തം തീരുമാനങ്ങൾക്കനുസരിച്ച് നയിക്കുന്നതിൽ നീനാ ഗുപ്ത മാതൃകയാണ്. വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയാൻ റിച്ചാർഡ്സുമായുണ്ടായിരുന്ന പ്രണയവും വിവാഹിതയാകാതെ അമ്മയായതിനെ കുറിച്ചും പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട് താരം.
ഇപ്പോഴിതാ ‘വാട്ട് വിമൻ വാണ്ട്’ എന്ന തന്റെ ടോക്ക് ഷോയിൽ കരീനയുമായുള്ള സംഭാഷണത്തിൽ നീന ഗുപ്ത പറഞ്ഞ ചില കാര്യങ്ങളാണ് വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെടുന്നത്. എത്രയൊക്കെ പുരോഗമനം ഉണ്ടായെന്ന് പറഞ്ഞാലും ഒന്നിനും മാറ്റം വന്നിട്ടില്ലെന്നാണ് നീന ഗുപ്ത പറയുന്നത്. 2024 ൽ നിങ്ങൾ ഒരു സിംഗിൾ പാരന്റ് ആയിരുന്നെങ്കിൽ, കാര്യങ്ങൾ വ്യത്യസ്തമാകുമായിരുന്നു എന്ന് കരുതുന്നുണ്ടോ എന്ന് കരീന ചോദിക്കുമ്പോള്‍ നീന ഗുപ്ത പറയുന്ന മറുപടിയാണ് ശ്രദ്ധിക്കപ്പെടുന്നത്. ‘‘ഇല്ല, അത് അങ്ങനെ തന്നെയായിരിക്കും. സ്ത്രീകളോടുള്ള ഇടപെടലില്‍ ഒരു മാറ്റവും വന്നിട്ടില്ല. സ്ത്രീകൾക്ക് കാര്യങ്ങൾ മാറിയെന്ന് നമ്മള്‍ പറയുന്നു. പക്ഷേ, നമ്മളെപ്പോലുള്ള വളരെ കുറച്ച് സ്ത്രീകളെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്, എന്നെയും ഇവിടെയുള്ള ചിലരും ഈ മാറ്റങ്ങള്‍ അനുഭവിക്കുന്നുണ്ടാകും. പക്ഷേ ഇന്ത്യയിലെ മിക്ക സ്ത്രീകളും ഇപ്പോഴും അവിടെത്തന്നെയാണ്. ഒരു പ്രസ്താവന നടത്താൻ വേണ്ടിയല്ല ഞാൻ ഇത് പറയുന്നത്.
കാരണം, എന്റെ വളരെ അടുത്ത ആളുകളിൽ, അവരുടെ വിവാഹവും അമ്മായിയമ്മയും ഡൽഹി നഗരത്തിൽ ഒരുപോലെയാണെന്ന് ഞാൻ കണ്ടിട്ടുണ്ട്, ചെറിയ ഗ്രാമത്തിലല്ല ഇത് സംഭവിക്കുന്നത്. കാര്യങ്ങൾ മാറിയിട്ടില്ല, അതിനാൽ ഇന്നും, എല്ലാവരെയും കുറിച്ച് എത്രയോ ആളുകൾ മോശം കാര്യങ്ങൾ പറയുന്നത് ഞാൻ കണ്ടിട്ടുണ്ട്, കേട്ടിട്ടുണ്ട്. മാധ്യമങ്ങളും ട്രോളുകളിലൂടെ ചെയ്യുന്നതും അതാണ്. നിങ്ങൾ എന്താണ് ചെയ്യുന്നത്, കഴിക്കുന്നത്, കുടിക്കുന്നത് എന്നതടക്കം എല്ലാം നോക്കിക്കാണുകയാണ്. അതിനാൽ ഇന്നായിരുന്നെങ്കില്‍ ഞാൻ ഇതിലും മോശമാകുമായിരുന്നു എന്ന് ഞാൻ കരുതുന്നു...’’ നീന ഗുപ്ത പറയുന്നു. ഇങ്ങനെ തുറന്നു പറയുന്നതിന് അഭിനന്ദനങ്ങള്‍ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ഈ പോസ്റ്റ് ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടിരിക്കുന്നത്.