-->
തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ മനസ്സില്‍ രണ്ടു കുഞ്ഞു നക്ഷത്രങ്ങള്‍ പോലെ അഭിനയത്തിന്റെ മഹാസമുദ്രം കാഴ്ചവച്ച ബാലതാരങ്ങളായിരുന്നു ബേബി ശാലിനിയും ബേബി ശ്യാമിലിയും. മലയാളത്തിൽ മാത്രമല്ല, തമിഴ്, തെലുങ്ക്, കന്നട ഭാഷാചിത്രങ്ങളിലും ഈ സഹോദരിമാർ തിളങ്ങിയിരുന്നു. ബേബി ശാലിനിയും ബേബി ശ്യാമിലിയും എത്രയൊക്കെ വളർന്നു എന്ന് പറഞ്ഞാലും ബേബി എന്ന് തന്നെ പേരിനൊപ്പം ചേർത്ത് വിളിക്കാനാണ് മലയാളികൾക്ക് എന്നും ഇഷ്ടം.
ഒരുകാലത്ത് ചിരിപ്പിച്ചും നൊമ്പരപ്പെടുത്തിയും കുസൃതികാട്ടിയുമൊക്കെ സിനിമാപ്രേക്ഷകരുടെ മനസ്സിലിടം നേടിയ ഈ സഹോദരിമാര്‍ പില്‍ക്കാലത്ത് നായികമാരായും തിളങ്ങിയിരുന്നു. മലയാളത്തില്‍ ചുരുക്കം സിനിമകളിലേ അഭിനയിച്ചുള്ളുവെങ്കിലും പ്രേക്ഷകരുടെ ഇഷ്ടനായികയായിരുന്നു ശാലിനി. പിന്നീട് ശ്യാമിലിയും നായികയായി തിളങ്ങി. തമിഴിലും തിളങ്ങിയ ശാലിനി പിന്നീട് തമിഴകത്തിന്റെ പ്രിയതാരം അജിത്തിനെ വിവാഹം ചെയ്ത് കുടുംബിനിയായി ഒതുങ്ങി.
ഇപ്പോഴിതാ ദീപാവലി ആഘോഷത്തില്‍ ശ്യാമിലിക്കൊപ്പമുള്ള ചിത്രം പങ്കിടുകയാണ് ശാലിനി അജിത്ത്. ട്രഡീഷണല്‍ കം മോഡേണ്‍ ഔട്ട്ഫിറ്റില്‍ വളരെ സുന്ദരിമാരായിട്ടാണ് രണ്ടുപേരും ചിത്രത്തില്‍ തിളങ്ങുന്നത്. ‘‘പ്രകാശമുള്ള വിളക്കുകൾ, നല്ല വൈബുകള്‍...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ശ്യാമിലിക്കൊപ്പമുള്ള ചിത്രം ശാലിനി പങ്കിട്ടിരിക്കുന്നത്. രണ്ടുപേരും ഒരുമിച്ചുള്ള ചിത്രം ഏറ്റെടുക്കുകയാണ് ആരാധകര്‍. രണ്ടുപേരും ഇപ്പോൾ ഇരട്ടകളെ പോലെയാണ്, കൂടുതല്‍ സുന്ദരികളായിരിക്കുന്നു എന്നതടക്കമാണ് പല ആരാധകരും നല്‍കുന്ന കമന്റുകള്‍.