-->
സിനിമകളിലും സീരിയലുകളിലും അമ്മ വേഷങ്ങളും സഹോദരി വേഷങ്ങളും ചെയ്ത് പ്രേക്ഷകരുടെ മനസ്സിലിടം നേടിയിട്ടുള്ള അഭിനേത്രിയാണ് അംബിക മോഹന്‍. നൊമ്പരപ്പെടുത്തിയും ചിരിപ്പിച്ചും ചിന്തിപ്പിച്ചുമൊക്കെ താരം രണ്ടരപതിറ്റാണ്ടിലധികമായി പ്രേക്ഷകര്‍ക്കൊപ്പമുണ്ട്. മീശ മാധവൻ, കസ്‌തൂരിമാൻ എന്നിങ്ങനെയുള്ള സൂപ്പർഹിറ്റ് ചിത്രങ്ങളില്‍ അമ്മ വേഷങ്ങളില്‍ അംബിക മോഹന്‍ തിളങ്ങിയിട്ടുണ്ട്. ഇപ്പോഴും സിനിമകളിലും സീരിയലുകളിലും സജീവമായ താരം പ്രേക്ഷകരുടെ ഇഷ്ട അമ്മമാരില്‍ ഒരാളാണ്.
ഇപ്പോഴിതാ താരങ്ങളുടെ അമ്മ വേഷം ചെയ്യുന്നതില്‍ തനിക്ക് ഒരു ബുദ്ധിമുട്ടും തോന്നിയിട്ടില്ലെന്നും സന്തോഷം മാത്രമാണ് ഉണ്ടായിരുന്നതെന്നും പറയുകയാണ് അംബിക മോഹന്‍. കഥാപാത്രങ്ങളെക്കുറിച്ച് പറയുമ്പോള്‍ കസ്‌തൂരിമാൻ എന്ന സിനിമയെക്കുറിച്ചും ആ ഷൂട്ടിനിടയില്‍ ഷമ്മി തിലകന്റെ കഥാപാത്രത്തിന്റെ ശരീരം മുഴുവന്‍ മാന്തിക്കീറിയതിനെക്കുറിച്ചും താരം പറയുന്നു.
‘‘അമ്മ വേഷങ്ങള്‍ ചെയ്യാൻ എനിക്കൊരു മടിയുമില്ല. ഇരുപത്തിയഞ്ച് വർഷങ്ങള്‍ പിന്നിട്ടു ഞാൻ സിനിമയില്‍ വന്നിട്ട്. തുടക്കം മുതല്‍ അമ്മ വേഷങ്ങളാണ് ചെയ്‌തത്. എനിക്കതൊക്കെ വളരെ സന്തോഷമാണ്. ഞാൻ സിനിമ എന്ന് പറഞ്ഞുവന്ന ആളൊന്നുമല്ല. പെട്ടെന്ന് കയറിപോയതാണ്. ദൈവത്തിന്റെ അനുഗ്രഹം കാരണമാണ് എനിക്ക് സിനിമയില്‍ വരാൻ കഴിഞ്ഞത്. അതുകൊണ്ട് അദ്ദേഹത്തിന്റെ അനുഗ്രമാണ് എല്ലാത്തിനും കാരണം.
സിനിമയില്‍ വന്നത് മാത്രമല്ല, ഇപ്പോള്‍ കിട്ടിയ കഥാപാത്രങ്ങള്‍ എല്ലാം. നല്ല നല്ല സംവിധായകരുടെ കൂടെ, നല്ല സിനിമകള്‍ ചെയ്യാൻ കഴിഞ്ഞു. നമ്മളൊക്കെ കാണാൻ കൊതിച്ച നടൻമാരുടെ ഭാര്യയായി അവരുടെ ഒക്കെ കൂടെ അഭിനയിക്കാനും അതുപോലെ മമ്മൂക്ക, ലാല്‍, സുരേഷ് ഗോപി, ദിലീപ്, പൃഥ്വി, പിന്നെ ചാക്കോച്ചൻ അങ്ങനെ എല്ലാവരുടെയും, ഒരുവിധം നായികമാരുടെയും അമ്മയായി അഭിനയിക്കാൻ ഭാഗ്യമുണ്ടായി.
ദൈവം സഹായിച്ച് എനിക്ക് അധികം വിശ്രമം എടുക്കേണ്ടി വന്നിട്ടില്ല. അധികം വീട്ടില്‍ ഇരുന്നിട്ടില്ല. ഒന്നുകില്‍ സിനിമ അല്ലെങ്കില്‍ സീരിയല്‍, അല്ലെങ്കില്‍ ടെലിഫിലിം, അങ്ങനെ എന്തെങ്കിലും ഒക്കെ വർക്ക് ആയിട്ട് നമ്മള്‍ ഇങ്ങനെ പോയിരുന്നു. ടെൻഷൻ ഒക്കെ ഇഷ്‌ടം മാതിരിയുണ്ട്. മനുഷ്യനല്ലേ, നമ്മള്‍ വിചാരിച്ച് കിട്ടാതെ പോയ സിനിമകളുണ്ട്. അതൊക്കെ ആ വഴിക്ക് വിട്ടേക്കും. മമ്മൂക്കയെയും ലാലിനെയും ഒക്കെ ദൈവത്തിന് തുല്യമായി നമ്മള്‍ കാണുന്നവർ അല്ലേ.
തിരിഞ്ഞു നോക്കുമ്പോള്‍ എന്നെ സംബന്ധിച്ച് എനിക്ക് ഒരുപാട് അഭിമാനവും സന്തോഷവും ഒക്കെയുണ്ട്. പതിനാറാം വയസില്‍ കല്യാണം ഒക്കെ കഴിച്ചുപോയ ഒരാളാണ് ഞാൻ. വീട്ടില്‍ കുട്ടികള്‍ ഒക്കെയായി കഴിഞ്ഞിരുന്നയാള്‍. ഞാൻ ഒരിക്കലും സിനിമയിലേക്ക് വരുമെന്നും വിചാരിച്ചിരുന്നില്ല. യുഎസില്‍ ഷോ ചെയ്‌തു, യുകെയിലും മലേഷ്യയിലും ഒക്കെ പോയി. ഒട്ടുമിക്ക എല്ലാ താരങ്ങളുടെയും അമ്മയായിട്ടാണ് ജീവിച്ചത്...’’ താരം പറഞ്ഞു.
കസ്തൂരിമാന്‍ എന്ന സിനിമയെക്കുറിച്ചും അതില്‍ ഗ്ലിസറിനില്ലാതെ അഭിനയിച്ചതിനെക്കുറിച്ചും താരം പറയുന്നുണ്ട്. ‘‘കസ്‌തൂരിമാനില്‍ ഗ്ലിസറിൻ ഇല്ലാതെയാണ് കരഞ്ഞത്. ലോഹി സാർ അങ്ങനെ അതിന് അനുവദിക്കില്ല. നിങ്ങള്‍ക്ക് രണ്ട് മക്കള്‍ ഉള്ളതല്ലേ, അവരും പെണ്‍കുട്ടികള്‍ അല്ലേ എന്നൊക്കെയാണ് ലോഹി സാർ ചോദിച്ചത്. ഞാൻ കരയാൻ വേണ്ടി ഗ്ലിസറിൻ ചോദിച്ചപ്പോള്‍ ആയിരുന്നു അത്. അത് കേട്ടപ്പോള്‍ അറിയാതെ ശരിക്കും കരഞ്ഞു പോവുകയായിരുന്നു. ക്ലൈമാക്സില്‍ മീര വെട്ടിക്കൊല്ലുന്ന സീനില്‍ ഒക്കെ ഗ്ലിസറിൻ ഒക്കെ ഇല്ലാതെയാണ് കരഞ്ഞത്. അങ്ങനത്തെ പടമൊന്നും ഇനി ജീവിതത്തില്‍ കിട്ടില്ല.
നമ്മളെ ഒക്കെ പിടിച്ചു വലിക്കുകയായിരുന്നു ഷമ്മി തിലകൻ. ഞാൻ സോന, മീര, ചാക്കോച്ചൻ എന്നിവർ ആയിരുന്നു ആ സീനില്‍ ഉള്ളത്. മുളയുടെ അടുത്ത് നില്‍ക്കുന്ന ഷമ്മിയെ പിടിച്ചു വലിക്കുന്ന സീന്‍ ഉണ്ടല്ലോ. ശരിക്കും ഷമ്മിയുടെ പുറമൊക്കെ മുറിഞ്ഞു. ബനിയൻ ഒക്കെ വലിച്ചുകീറിയിരുന്നു. ഞങ്ങളുടെ നഖം കൊണ്ട് മാന്തിയപ്പോള്‍ ഷമ്മിയുടെ പുറത്തൊക്കെ പോറലും മുറിവും വന്നു. അവസാനം ഷമ്മി പറയുന്നുണ്ടായിരുന്നു ഞാനില്ല ഇങ്ങനെ അഭിനയിക്കാൻ എന്നൊക്കെ. അത്രയും നാച്വറലായിരുന്നു ആ സിനിമയൊക്കെ...’’ അംബിക മോഹന്‍ പറയുന്നു. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരമിത് പറഞ്ഞത്.