-->
കോഴിക്കോട്: താമരശ്ശേരിയിലെ ഫ്രഷ്‌കട്ട് സ്ഥാപനത്തിന് മുന്നിലുണ്ടായ സംഘര്‍ഷത്തില്‍ 361 പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്. മൂന്ന് എഫ്ഐആറുകളിലായി കലാപം സൃഷ്ടിക്കല്‍, വഴി തടയല്‍, അന്യായമായി സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഇന്നലെ വൈകിട്ടായിരുന്നു ഫ്രഷ് കട്ടിന്റെ അറവുമാലിന്യ സംസ്‌കരണ പ്ലാന്റിന് മുന്നില്‍ സമരക്കാരും പൊലീസും ഏറ്റുമുട്ടിയത്.
പ്ലാന്റും വാഹനങ്ങളും കത്തിനശിപ്പിച്ചതില്‍ ഫ്രഷ് കട്ടിന് അഞ്ച് കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഡിവൈഎഫ്ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ടി മെഹറൂഫാണ് ഒന്നാം പ്രതി. സംഘര്‍ഷമുണ്ടാക്കിയതിലാണ് 321 പേര്‍ക്കെതിരെ കേസുണ്ട്. സംഘര്‍ഷത്തിന് പുറമെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ പ്ലാന്റിന് തീയിട്ട സംഭവത്തില്‍ 30 പേര്‍ക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. തൊഴിലാളികളെ കൊല്ലണമെന്ന ഉദ്ദേശത്തോടെ കണ്ടെയ്നര്‍ ലോറി തീവെച്ച് നശിപ്പിച്ചുവെന്നും മാരകായുധങ്ങളും സ്ഫോടക വസ്തുക്കളും ഉപയോഗിച്ചുവെന്നും എഫ്ഐആറില്‍ പറയുന്നുണ്ട്.
തിരുവമ്പാടി സ്റ്റേഷനിലെ എഎസ്ഐയെ മര്‍ദിച്ചതില്‍ പത്തോളം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മൊബൈലില്‍ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച എഎസ്ഐയെ അക്രമിച്ചെന്നും 45000 രൂപയുടെ മൊബൈല്‍ കവര്‍ച്ച ചെയ്തെന്നും എഫ്ഐആറില്‍ പറയുന്നു.
ഇരുതുള്ളി പുഴയോരത്ത് ഇന്ന് ജനകീയ ഹര്‍ത്താലാണ്. പുഴ കടന്നുപോകുന്ന വാര്‍ഡുകളിലും വിവിധ പഞ്ചായത്തുകളിലുമാണ് ഹര്‍ത്താല്‍. ഓമശേരി പഞ്ചായത്തിലെ വെളിമണ്ണ, കൂടത്തായി, ചക്കിക്കടവ് എന്നിവിടങ്ങളിലും താമരശ്ശേരി പഞ്ചായത്തിലെ വെഴുപ്പൂര്‍ കുടുക്കിലുമ്മാരം, കരിങ്ങമണ്ണ, അണ്ടോണ, കോടഞ്ചേരി പഞ്ചായത്തിലെ മൈക്കാവ് കരിമ്പാലക്കുന്ന്, കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ പൊയിലങ്ങാടി, ഓര്‍ങ്ങട്ടൂര്‍, മാനിപുരം എന്നീ വാര്‍ഡുകളിലാണ് ഹര്‍ത്താല്‍.
സംഭവത്തില്‍ നാട്ടുകാര്‍ ഇന്നലെ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സമരക്കാര്‍ പ്ലാന്റിന് തീവെക്കുകയും ഫ്രഷ് കട്ടിന്റെ മാലിന്യ ശേഖരണ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തു. കല്ലേറില്‍ പൊലീസുകാര്‍ക്ക് പരിക്കേറ്റു. പിന്നാലെ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു. പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നതായി നേരത്തേയും ആരോപണം ഉണ്ടായിരുന്നു. എന്നാല്‍ പ്രതിഷേധങ്ങളൊന്നും സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നില്ല.