-->
ബെംഗളൂരു: കര്‍ണാടക സര്‍ക്കാര്‍ സെക്കന്‍ഡറി സ്‌കൂള്‍ ലീവിംഗ് സര്‍ട്ടിഫിക്കറ്റ് (എസ്എസ്എല്‍സി), സെക്കന്‍ഡ് പ്രീ-യൂണിവേഴ്‌സിറ്റി കോഴ്‌സ് (കക പിയുസി) എന്നിവയുടെ യോഗ്യതാ മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചു. അടുത്ത ക്ലാസ്സിലേക്ക് യോഗ്യത നേടുന്നതിനുള്ള ഏറ്റവും കുറഞ്ഞ മാര്‍ക്ക് 33 ശതമാനമാക്കിയതാണ് പ്രധാന പരിഷ്‌കാരം. നേരത്തെ ഇത് 35% ആയിരുന്നു. മാറ്റങ്ങള്‍ ഉടനടി പ്രാബല്യത്തില്‍ വരും.കര്‍ണാടക ഭരണപരിഷ്‌കാര കമ്മീഷന്‍ -2 ന്റെ നാലാമത്തെ റിപ്പോര്‍ട്ടില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഈ തീരുമാനം.
പുതുക്കിയ മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ ജയിച്ചോ തോറ്റോ എന്ന് തീരുമാനിക്കുക. 15 ദിവസത്തെ കൂടിയാലോചന കാലയളവില്‍ 701 കത്തുകള്‍ ഭേദഗതിയെ അനുകൂലിച്ച് വോട്ട് ചെയ്തു. എട്ട് കത്തുകള്‍ മാത്രമാണ് സര്‍ക്കാര്‍ നീക്കത്തെ എതിര്‍ത്തത്. വിജയശതമാനം വര്‍ധിപ്പിക്കാനും സിബിഎസ്ഇയും മറ്റ് ബോര്‍ഡുകളുമായി യോജിപ്പിച്ച് ഏകീകൃത സംവിധാനം ഏര്‍പ്പെടുത്താനും ആഗ്രഹിക്കുന്നുവെന്ന് പ്രൈമറി, സെക്കന്‍ഡറി വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ പറഞ്ഞു.
പുതുക്കിയ നിയമങ്ങള്‍ അനുസരിച്ച്, പരീക്ഷകളില്‍ വിജയിക്കാന്‍, സെക്കന്‍ഡറി സ്‌കൂള്‍ ലീവിംഗ് സര്‍ട്ടിഫിക്കറ്റ് വിദ്യാര്‍ത്ഥികള്‍ ഓരോ വിഷയത്തിനും 30% മാര്‍ക്കും ഇന്റേണല്‍ അസസ്മെന്റും എക്സ്റ്റേണല്‍ പരീക്ഷയും സംയോജിപ്പിച്ച് 33% മാര്‍ക്കും (625 ല്‍ കുറഞ്ഞത് 206 മാര്‍ക്ക്) നേടണം. പിയുസി പരീക്ഷയക്ക് ഓരോ വിഷയത്തിനും 30 ശതമാനം മാര്‍ക്ക് (എഴുത്ത്, പ്രായോഗിക/ഇന്റേണല്‍ അസസ്മെന്റുകള്‍ ഉള്‍പ്പെടെ) നേടുകയും മൊത്തത്തില്‍ 33 ശതമാനം സ്‌കോര്‍ നേടുകയും വേണം. 600 മാര്‍ക്കില്‍ 198 നേടിയാല്‍ യോഗ്യതയായി കണക്കാക്കും. അഖിലേന്ത്യാ ഉന്നത വിദ്യാഭ്യാസ സര്‍വേ (എഐഎസ്എച്ച്ഇ) പ്രകാരം, 2021-22 ല്‍ കര്‍ണാടക ദേശീയതലത്തില്‍ 15-ാം സ്ഥാനത്തായിരുന്നു. അതിനാല്‍, ഉയര്‍ന്ന വിജയശതമാനം നേടുന്നതിനായി പാസിംഗ് മാര്‍ക്ക് കുറയ്ക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.