-->
കൊല്ലം: കിണറ്റില്‍ ചാടിയ യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കിണര്‍ ഇടിഞ്ഞ് രക്ഷാപ്രവര്‍ത്തകനും മുകളില്‍ നിന്ന പങ്കാളിയുമടക്കം മൂന്നു പേര്‍ മരിച്ചു. കൊട്ടാരക്കര ഫയര്‍ സ്റ്റേഷനിലെ ഫയര്‍മാന്‍ ആറ്റിങ്ങല്‍ സ്വദേശി സോണി എസ് കുമാര്‍(38), മുണ്ടുപാറ വിഷ്ണു വിലാസം വീട്ടില്‍ അര്‍ച്ചന (33), കൂടെ താമസിച്ചിരുന്ന ആണ്‍സുഹൃത്ത് ശിവകൃഷ്ണന്‍(23) എന്നിവരാണ് മരിച്ചത്.
യുവതിയുമായി സോണി മുകളിലേക്ക് കയറുമ്പോഴാണ് കൈവരി ഇടിഞ്ഞ് അപകടം ഉണ്ടായത്. അപകട സമയത്ത് കിണറരികില്‍ നില്‍ക്കുകയായിരുന്നു ശിവകൃഷ്ണന്‍. അര്‍ച്ചനയെ കിണറ്റില്‍ നിന്നും രക്ഷപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ സോണിയുടെ മേലേക്ക് ചുറ്റുമതില്‍ ഇടിഞ്ഞു വീഴുകയായിരുന്നു. ഇവര്‍ക്കൊപ്പം കരയ്ക്ക് നിന്ന ശിവകൃഷ്ണനും 80 അടി താഴ്ചയുണ്ടായിരുന്ന കിണറ്റിലേക്ക് വീണു.
കൊട്ടാരക്കര ആനക്കോട്ടൂര്‍ മുണ്ടുപാറയില്‍ പുലര്‍ച്ചെ 12.15 ലോടെയാണ് സംഭവം. അപകടം സംഭവിച്ചതായി കൊട്ടാരക്കര ഫയര്‍ഫോഴ്‌സിന് ഫോണ്‍ കോള്‍ വരികയായിരുന്നു. നാല് മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ശേഷമാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.
ഫയര്‍ഫോഴ്‌സ് എത്തുമ്പോള്‍ അര്‍ച്ചനയുടെ മൂത്ത രണ്ട് മക്കള്‍ വഴിയില്‍ നില്‍ക്കുകയായിരുന്നു. അമ്മ കിണറ്റില്‍ വീണെന്നു പറഞ്ഞ് കുട്ടികള്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെ വീട്ടിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് കൊട്ടാരക്കര ഫയര്‍ & റസ്‌ക്യൂ യൂണിറ്റ് അംഗമായ സോണി റോപ് അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് താഴെയിറങ്ങുകയായിരുന്നു.
ഇയാളും കിണറ്റിലേക്ക് വീണു. അപകട സമയത്ത് ശിവകൃഷ്ണന്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം. ശിവകൃഷ്ണനും അര്‍ച്ചനയും കുറച്ച് നാളായി ഒരുമിച്ചായിരുന്നു താമസമെന്നും നാട്ടുകാര്‍ പറയുന്നു. ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നും തുടര്‍ന്നാണ് യുവതി കിണറ്റിലേക്ക് ചാടിയതെന്നുമാണ് പ്രാഥമിക നിഗമനം.