-->
കാന്താര ചാപ്റ്റര്‍ വണ്‍ എന്ന സിനിമ തിയേറ്ററുകളില്‍ ഹിറ്റായി ഓടുന്ന പശ്ചാത്തലത്തില്‍ മാത്യു തോമസ് നായകനാകുന്ന ‘നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്‌സ് ’എന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചു. ഒക്‌ടോബര്‍ 24 നാണ് ചിത്രം റിലീസ് ചെയ്യുക. നേരത്തെ ഒക്‌ടോബര്‍ 10 നാണ് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. റിലീസ് തീയതല മാറ്റിയ വിവരം അറിയിക്കാന്‍ അണിയറക്കാര്‍ പുറത്തുവിട്ട രസകരമായ വീഡിയോയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.
രാത്രിയില്‍ നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്‌സ് സിനിമയുടെ പോസ്റ്റര്‍ ഒട്ടിക്കുന്ന മാത്യു തോമസിനെ വീഡിയോയില്‍ കാണാം. മാത്യുവിനൊപ്പം ശരത് സഭയും മീനാക്ഷി ഉണ്ണികൃഷ്ണനുമുണ്ട്. ഒക്‌ടോബര്‍ 10 ന് റിലീസ് എന്ന പോസ്റ്റര്‍ ഒട്ടിക്കുമ്പോള്‍ കാന്താരയിലെ തെയ്യത്തിന്റെ അലര്‍ച്ച കേള്‍ക്കുന്നതും തുടര്‍ന്ന് മാത്യു പേടിക്കുന്നതും വീഡിയോയില്‍ കാണാം. പിന്നീട് ഒക്‌ടോബര്‍ 24 ന് റിലീസ് എന്ന് പോസ്റ്റര്‍ ഒട്ടിക്കുന്നതുമാണ് വീഡിയോയില്‍. രസകരമായ രീതിയില്‍ ഒരുക്കിയിരിക്കുന്ന വീഡിയോയില്‍ ലോക റഫറന്‍സുമുണ്ട്. കാന്താര ടീമിനും അഭിനന്ദനം അറിയിക്കുന്നുണ്ട്. ലെജന്റിന് മുന്നില്‍ ശിരസ്സു നമിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് മാത്യുവും അണിയറപ്രവര്‍ത്തകരും വീഡിയോ പങ്കുവെച്ചിരിക്കുന്നത്.