-->
ആദ്യഭാഗം ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടിയതോടെ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ‘കാന്താര’. ഈ സിനിമയുടെ പ്രീക്വല്‍ വരുന്നു എന്നറിഞ്ഞപ്പോള്‍ മുതല്‍ ഓരോ അപ്ഡേഷനും പ്രേക്ഷകര്‍ കാത്തിരുന്നതാണ്. ആ പ്രതീക്ഷകളെല്ലാം അക്ഷരാര്‍ത്ഥത്തില്‍ സാക്ഷാത്കരിച്ചാണ് ‘കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്‍' നിറഞ്ഞസദസ്സുകളില്‍ പ്രദര്‍ശനം തുടരുന്നത്.
ഋഷഭ് ഷെട്ടി സംവിധാനം ചെയ്തു നായകനായി എത്തിയ ‘കാന്താര’ ബിഗ് ബജറ്റിലൊരുങ്ങിയ ചിത്രമാണ്. പ്രേക്ഷകനെ ദൃശ്യം കൊണ്ടും ശബ്ദം കൊണ്ടും സംഗീതം കൊണ്ടും വിസ്മയിപ്പിച്ച തുളുനാടൻ വിശ്വാസത്തിന്റെ തീച്ചൂളകളിൽനിന്ന് ഊതിക്കാച്ചിയെടുത്ത ദൃശ്യവിരുന്നാണ് കാന്താര ചാപ്റ്റർ 1. ഇന്ത്യയില്‍ നിന്ന് മാത്രം 200 കോടി കടന്നിരിക്കുകയാണ് ഈ പാന്‍ ഇന്ത്യന്‍ ചിത്രം.
ഇപ്പോഴിതാ തന്റെ വിശ്വാസങ്ങളെ പറ്റി ഋഷഭ് ഷെട്ടി പറഞ്ഞതാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ‘സിനിമയ്‌ക്ക് പ്രശംസ ലഭിക്കുമ്പോഴും, നിങ്ങളുടെ സിനിമ കാലാകാലങ്ങളായി നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങളെയും അതുപോലുള്ള കാര്യങ്ങളെയും പ്രോത്സാഹിപ്പിക്കുന്നുവെന്ന് കരുതുന്ന ഒരു വിഭാഗമുണ്ട്. അതിനോട് നിങ്ങള്‍ എങ്ങനെയാണ് പ്രതികരിക്കുന്നത്?’ എന്നായിരുന്നു അവതാരകയുടെ ചോദ്യം. അതിനുള്ള മറുപടിയായിട്ടാണ് ഋഷഭ് തന്റെ വിശ്വാസങ്ങളെക്കുറിച്ച് പറഞ്ഞത്.
“നമ്മുടെ കാലാകാലങ്ങളായി നിലനില്‍ക്കുന്ന കെട്ടുകഥകള്‍, അന്ധവിശ്വാസങ്ങള്‍, മതപരമായ കഥകള്‍ എന്നിവയെക്കുറിച്ച് ധാരാളം പരാമർശങ്ങളുണ്ട്. അതില്‍ വിശ്വസിക്കുന്നവർ അതിനെ പോസിറ്റീവായി എടുക്കും, അല്ലാത്തവർ അതിനെ നെഗറ്റീവായി കാണും.
പക്ഷപാതപരമായ വീക്ഷണകോണിലൂടെ ഒരു കഥ പറയാൻ ഞങ്ങള്‍ ശ്രമിക്കുന്നില്ല. ഒരു ജനപ്രിയ മതപരമായ നാടോടിക്കഥയെ അതേപടി ചിത്രീകരിക്കുക മാത്രമാണ് ഞങ്ങള്‍ ചെയ്യുന്നത്. ഞാൻ അതില്‍ വിശ്വസിക്കുന്നു, എന്റെ കുടുംബവും അങ്ങനെ തന്നെ. മനുഷ്യരേക്കാള്‍ ശക്തമായ ഒരു ഊർജ്ജമുണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. മിക്ക ആളുകളും അതില്‍ വിശ്വസിക്കുമെന്ന് ഞാൻ കരുതുന്നു.
ദൈവം, ദേവസ്ഥാനം തുടങ്ങിയ കാര്യങ്ങള്‍ എന്റെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ്. നമുക്ക് മുകളില്‍ എപ്പോഴും ഒരു ഊർജ്ജം നമ്മെ സംരക്ഷിക്കുന്നുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. വിശ്വാസമില്ലാത്തവരുടെ പോയിന്റ് ഓഫ് വ്യൂവിനെ ഞാൻ അംഗീകരിക്കുന്നു. അതേ പോലെ എന്റെ വിശ്വാസത്തെയും നിങ്ങള്‍ ബഹുമാനിക്കണമെന്നേ എനിക്ക് പറയാനുള്ളു . വിശ്വാസമില്ലായ്‌മയും ഒരു തരത്തില്‍ പറഞ്ഞാല്‍ ഒരു വിശ്വാസമാണ്...’’ ഋഷഭ് ഷെട്ടി പറഞ്ഞു.
മികച്ച ഓപ്പണിങ് ലഭിച്ച ചിത്രത്തിന് ആദ്യ ദിവസം ഇന്ത്യയിലെ വിവിധ ഭാഷകളില്‍ നിന്ന് 61.85 കോടി രൂപ സിനിമ നേടിയെന്നാണ് കണക്കുകള്‍. ആദ്യ ദിവസം തന്നെ ആഗോളതലത്തില്‍ ഏകദേശം 89 കോടി രൂപ നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.