-->
കൊച്ചി: ഭൂട്ടാനില്‍ നിന്നുള്ള വാഹനക്കടത്തുമായി ബന്ധപ്പെട്ട് നടന്മാരായ ദുല്‍ഖര്‍ സല്‍മാനേയും അമിത്ചക്കാലക്കലിനെയും ഇ.ഡി. ചോദ്യം ചെയ്‌തേക്കും. റെയ്ഡില്‍ പിടിച്ചെടുത്ത രേഖകള്‍ പരിശോധിച്ച ശേഷം ഇരുവര്‍ക്കും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയേക്കും. ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇവര്‍ നല്‍കേണ്ടതുണ്ട്.
ഇന്നലെ ഇരുവരുടേയും വീടുകള്‍ ഉള്‍പ്പെടെ 17 ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. ദുല്‍ഖറിന്റെയും മമ്മൂട്ടിയുടേയും എറണാകുളത്തെയും ചെന്നൈയിലെയും പൃഥ്വിരാജിന്റെയും അമിത് ചക്കാലക്കലിന്റെയും വീടുകളും ഇതില്‍ ഉള്‍പ്പെടുന്നു. ഇ.ഡി. ഇന്നലെ റെയ്ഡിനിടയില്‍ ചെന്നൈയിലായിരുന്ന ദുല്‍ഖര്‍ സല്‍മാനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ഇവരുടെ സാമ്പത്തീക ഇടപാടുകളും പരിശോധിക്കുന്നുണ്ട്.
അതേസമയം നിയമനടപടി പൂര്‍ത്തിയാക്കിയാണ് വാഹനം വാങ്ങിയതെന്ന് ദുല്‍ഖര്‍ ഇന്നലെ അറിയിച്ചിരുന്നു. ലഭിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ നേരിട്ടു മൊഴിയെടുക്കാനാണു ദുല്‍ഖറിനെ ചെന്നൈയില്‍നിന്നു വിളിച്ചുവരുത്തിയത്. എളംകുളത്തെ വീട്ടിലെ പരിശോധന വൈകിട്ടോടെ പൂര്‍ത്തിയായതിനു പിന്നാലെയായിരുന്നു ദുല്‍ഖറിന്റെ മൊഴിയെടുത്തത്. രാവിലെ ചെന്നൈയിലെ വീട്ടിലായിരുന്ന ദുല്‍ഖര്‍ ഉച്ചയ്ക്കു നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. ഇന്നു ദുല്‍ഖര്‍ കസ്റ്റംസിനു മുന്നില്‍ ഹാജരായേക്കുമെന്നാണു സൂചന.
ഫെമയുടെ 3, 4, 8 വകുപ്പുകളുടെ ലംഘനം പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇ.ഡി. നടപടി ആരംഭിച്ചത്. അനധികൃത വിദേശനാണ്യ ഇടപാടുകളും ഹവാല വഴിയുള്ള അതിര്‍ത്തി കടന്നുള്ള പണമടയ്ക്കലും ഇതില്‍ ഉള്‍പ്പെടുന്നു. ഇന്ത്യയിലേക്കു ഭൂട്ടാന്‍- നേപ്പാള്‍ റൂട്ടുകളിലൂടെ ലാന്‍ഡ് ക്രൂസര്‍, ഡിഫന്‍ഡര്‍ തുടങ്ങിയ ആഡംബര കാറുകളുടെ നിയമവിരുദ്ധ ഇറക്കുമതിയിലും രജിസ്‌ട്രേഷനിലും ഏര്‍പ്പെട്ടിരിക്കുന്ന സിന്‍ഡിക്കേറ്റിനെക്കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് എന്നും ഇ.ഡി. വ്യക്തമാക്കിയിട്ടുണ്ട്.
കോയമ്പത്തൂര്‍ ആസ്ഥാനമായുള്ള ശൃംഖല വ്യാജരേഖകളും അരുണാചല്‍ പ്രദേശ്, ഹിമാചല്‍ പ്രദേശ്, മറ്റു സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ വ്യാജ ആര്‍.ടി.ഒ. രജിസ്‌ട്രേഷനുകളും ഉപയോഗിച്ചതായി പ്രാഥമികമായി കണ്ടെത്തി. പിന്നീടു വാഹനങ്ങള്‍ സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു കുറഞ്ഞ വിലയ്ക്കു വിറ്റു. നേരത്തെ കസ്റ്റംസ് ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി പിടിച്ചെടുത്തത് 39 വാഹനങ്ങളാണ്. കസ്റ്റംസ് പിടിച്ചെടുത്ത ലാന്‍ഡ്‌റോവര്‍ വിട്ടുകിട്ടണമെന്ന് അവശ്യപ്പെട്ടു ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.