-->
കോഴിക്കോട്: താമരശ്ശേരിയില്‍ ഡോക്ടറെ വെട്ടിയ സംഭവത്തില്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഡോക്ടര്‍മാര്‍ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കും. കെജിഎംഒഎ സംസ്ഥാനവ്യാപകമായി പ്രതിഷേധ ദിനം ആചരിക്കും. എല്ലാ ആശുപത്രികളിലും സംഘടനയുടെ നേതൃത്വത്തില്‍ പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കും.
അതേസമയം ഡോക്ടറുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് അധികൃതര്‍ അറിയിച്ചത്. സംഭവത്തില്‍ ഡിഎംഒ ഇന്ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ഡോക്ടര്‍ പി ടി വിപിന് ഇന്നലെ ഉച്ചയ്ക്ക് ഒന്നരക്കാണ് വെട്ടേറ്റത്.
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒമ്പത് വയസുകാരിയുടെ പിതാവ് സനൂപാണ് ഡോക്ടറെ വെട്ടിപ്പരുക്കേല്‍പ്പിച്ചത്. മൂര്‍ച്ചയേറിയ കൊടുവാള്‍ ഉപയോഗിച്ചായിരുന്നു പ്രതിയുടെ ആക്രമണം. മകളുടെ മരണത്തെ തുടര്‍ന്ന് പ്രതി മാനസിക സംഘര്‍ഷത്തിലായിരുന്നു. ഇതിന് പിന്നാലെയാണ് ഡോക്ടര്‍ക്ക് നേരെ ആക്രമണം നടത്തിയത്. ഡോക്ടറുടെ വെട്ട് ആരോഗ്യ വകുപ്പിനും ആരോഗ്യ മന്ത്രിക്കും സൂപ്രണ്ടിനും ഡെഡിക്കേറ്റ് ചെയ്യുന്നുവെന്നായിരുന്നു ആക്രമണ ശേഷം പ്രതി പ്രതികരിച്ചത്.
ആസൂത്രിതമായാണ് പ്രതി ആക്രമണം നടപ്പാക്കിയത്. രണ്ട് കുട്ടികള്‍ക്കൊപ്പമാണ് പ്രതി ആശുപത്രിയില്‍ എത്തിയത്. പിന്നീട് കുട്ടികളെ പുറത്ത് നിര്‍ത്തിയ ശേഷം അകത്ത് പ്രവേശിച്ച് കൈയിലെ ബാഗില്‍ കരുതിയ കൊടുവാള്‍ ഉപയോഗിച്ച് ഡോക്ടറുടെ തലയില്‍ വെട്ടുകയായിരുന്നു.