-->
ബോളിവുഡിന്റെ ഐക്കോണിക് സംവിധായകനായ മഹേഷ് ഭട്ട് തന്റെ സിനിമകളിലൂടെ മാത്രമല്ല മയമില്ലാതെയുള്ള പ്രതികരണങ്ങളിലൂടെയും എടുത്തടിച്ചപോലെയുള്ള അഭിപ്രായപ്രകടനങ്ങളിലൂടെയും എന്നും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. സംവിധായകന്‍ എന്ന നിലയില്‍ മാത്രമല്ല നിരവധി മികച്ച സിനിമകള്‍ നിര്‍മ്മിച്ച കലാകാരനെന്ന നിലയിലും മഹേഷ് ഭട്ട് പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാണ്. ആഷിഖ്വി, സഡക്ക്, ദില്‍ ഹേ മാംഗ്താ നഹി തുടങ്ങി പ്രണയത്തിന്റെ വിവിധ തലങ്ങള്‍ പ്രമേയമാക്കിയ സിനിമകള്‍ മഹേഷ് ഭട്ട് പ്രേക്ഷകര്‍ക്ക് നല്‍കിയിട്ടുണ്ട്.
മക്കളായ പൂജ ഭട്ടും ആലിയ ഭട്ടും സിനിമകളില്‍ അഭിനേത്രികളായി തിളങ്ങി നില്‍ക്കുമ്പോഴും തന്റെ നിലപാടുകള്‍ തുറന്നു പറയാന്‍ മഹേഷ് ഭട്ട് മടി കാണിച്ചിട്ടില്ല. സ്വകാര്യ ജീവിതത്തെപ്പറ്റി നിരവധി തുറന്നുപറച്ചിലുകള്‍ നടത്തിയിട്ടുള്ള ഫിലിം മേക്കര്‍ അർഥ്, ഫിർ തേരി കഹാനി യാദ് ആയി, സഖം എന്നീ സിനിമകള്‍ തന്റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടെടുത്ത ചലച്ചിത്രങ്ങളാണെന്നും തുറന്നുപറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ കുട്ടിക്കാലത്ത് തനിക്ക് നേരിട്ട ദുരനുഭവം വെളിപ്പെടുത്തുകയാണ് മഹേഷ് ഭട്ട്. മൂത്ത മകളും ചലച്ചിത്ര നിർമ്മാതാവുമായ പൂജ ഭട്ട് അവതാരകയായ ‘ദി പൂജ ഭട്ട് ഷോ’യിൽ പങ്കെടുക്കുന്നതിനിടെയാണ് മഹേഷ് ഭട്ടിന്റെ ഈ വെളിപ്പെടുത്തല്‍. തെരുവില്‍ വച്ച് ഒരു കൂട്ടം മുതിർന്ന കുട്ടികള്‍ തന്നെ ആക്രമിച്ചതിന്റെ ഓർമകളാണ് മഹേഷ് ഭട്ട് പങ്കുവച്ചത്. മഹേഷ് ഭട്ടിന്റെ മാതാപിതാക്കളായ നാനാഭായ് ഭട്ടും ഷിറിൻ മുഹമ്മദ് അലിയും മിശ്രവിവാഹിതരാണ് എന്നതാണ് ഇവരെ പ്രകോപിപ്പിച്ചതെന്നും സംവിധായകന്‍ പറയുന്നു.
‘‘എന്റെ കുട്ടിക്കാലത്ത് വൈദ്യുതി ബള്‍ബുകള്‍ ഇല്ലാത്തതിനാല്‍ ഗ്യാസ് ലാംബുകളാണ് രാത്രികളില്‍ ബോംബെയിലെ തെരുവുകളെ പ്രകാശിപ്പിച്ചിരുന്നത്. പൊടിപടലങ്ങള്‍ ശമിച്ചപ്പോള്‍, നടപ്പാതയുടെ വിള്ളലുകളില്‍ നിന്ന് മണ്ണിരകള്‍ പുറത്തേക്ക് വരുന്നത് നോക്കി ഞാന്‍ വീട്ടിലേക്ക് നടന്നു. പെട്ടെന്ന്, നാല് മുതിര്‍ന്ന ആൺകുട്ടികൾ എന്നെ വഴിയിൽ തടഞ്ഞു. അവർ എന്നെ ബലമായി പിടിച്ച് ചുമരിനോട് ചേർത്തു നിർത്തി. എങ്ങനെയെങ്കിലും ഒന്ന് രക്ഷപ്പെടുത്താന്‍ ഞാന്‍ ദൈവങ്ങളോട് പ്രാര്‍ഥിച്ചു. എന്നാല്‍ ദൈവങ്ങൾ നിശബ്ദരായിരുന്നു. രക്ഷപ്പെടുത്താന്‍ ആരും വരില്ലെന്ന് ഞാന്‍ മനസിലാക്കാന്‍ പിന്നെയും വര്‍ഷങ്ങളെടുത്തു. സ്ഥിതി പെട്ടെന്ന് വഷളായി. രക്ഷപ്പെടണമെങ്കില്‍ സ്വയം പരിശ്രമിക്കണമെന്ന് എനിക്ക് മനസിലായി. എന്നെ വീട്ടിലേക്ക് പോകാൻ അനുവദിക്കൂ എന്ന് ഞാന്‍ യാചിച്ചു. ഏതെങ്കിലും വഴിയാത്രക്കാരൻ അവരില്‍ നിന്ന് എന്നെ രക്ഷിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചു. പക്ഷേ ഉണ്ടായില്ല.
അവന്റെ പാന്‍റ്സ് അഴിച്ചെടുക്കൂ, അവരിൽ ഒരാൾ പറഞ്ഞു. ആ കുട്ടി മുന്നോട്ട് വന്ന് എന്റെ പാന്‍റ്സ് അഴിക്കാന്‍ ആരംഭിച്ചു. ഞാൻ അരുതെന്ന് അപേക്ഷിച്ചു. എന്തിനാണ് എന്നോട് ഇങ്ങനെ ചെയ്യുന്നത്? എന്ന് ചോദിച്ച് ഞാന്‍ കരഞ്ഞു. ‘നീ ഞങ്ങളിൽ ഒരാളാണോ എന്ന് ഞങ്ങൾക്ക് അറിയണം. നിന്റെ അമ്മ മോശം സിനിമകളില്‍ നൃത്തം ചെയ്യുന്ന മുസ്ലീമല്ലേ. പിന്നെന്തിനാ നിനക്ക് മഹേഷ് എന്ന് പേരിട്ടിരിക്കുന്നത്? അപ്പോള്‍ നിന്റെ പേര് മഹേഷ് എന്നെങ്ങിനെയാകും? അവര്‍ പറഞ്ഞു. ഞാൻ ആകെ തളർന്നുപോയി. കരയാൻ തുടങ്ങി.
സംഭവം പിതാവിനോട് പറയുമെന്ന് ഞാന്‍ പറഞ്ഞു. പക്ഷേ അവര്‍ പരിഹസിച്ചു. പിതാവ് ഇപ്പോൾ എവിടെയാണ് താമസിക്കുന്നതെന്ന് ചോദിച്ചു. നിന്റെ വീട്ടിലാണോ? സത്യം പറയൂ, എന്നാല്‍ നിന്നെ പോകാൻ അനുവദിക്കുാം അവര്‍ പറഞ്ഞു. എന്റെ ശബ്ദം ഇടറി. അദ്ദേഹം ഞങ്ങളോടൊപ്പം താമസിക്കുന്നുണ്ടെന്നും ഔട്ട്ഡോർ ഷൂട്ടിങിന് പോയിരിക്കുകയാണെന്നും സത്യം ചെയ്തു.
പിന്നെ എന്തോ ഒന്ന് എന്നിൽ മിന്നിമറഞ്ഞു. അവരുടെ കണ്ണുകളിലേക്ക് നോക്കി ഞാൻ ധൈര്യത്തോടെ പറഞ്ഞു. എന്റെ അച്ഛൻ നമ്മോടൊപ്പം താമസിക്കുന്നില്ല. അദ്ദേഹം അദ്ദേഹത്തിന്റെ ഭാര്യയോടൊപ്പം അന്ധേരിയിലാണ് താമസിക്കുന്നത്. ഞാന്‍ പറഞ്ഞു. അന്തരീക്ഷം മാറി, അവരുടെ എന്റെ മേലുള്ള പിടി അയഞ്ഞു, എന്നോട് പോകാൻ ആംഗ്യം കാണിച്ചു
സ്ഥിരമായ ഒരു മുറിവ് ആ സംഭവം എന്റെ മനസിലും ജീവിതത്തിലും അവശേഷിപ്പിച്ചു. കുടുംബത്തിലെ തികച്ചും വ്യക്തിപരവും രഹസ്യവുമായ കാര്യങ്ങള്‍ തുറന്ന് പറഞ്ഞത് അമ്മയുമായും സഹോദരങ്ങളുമായുമുള്ള ബന്ധങ്ങൾ വഷളാകുന്നതിലേക്ക് നയിച്ചു. അമ്മ എന്നെ ജീവിതത്തിൽ നിന്ന് മാറ്റി നിർത്തി...’’ മഹേഷ് ഭട്ട് പറഞ്ഞു.
1998ല്‍ മഹേഷ് ഭട്ട് സംവിധാനം ചെയ്ത ‘സഖം’ എന്ന ചിത്രം അമ്മ ഷിരിൻ മുഹമ്മദ് അലിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതായിരുന്നു. അജയ് ദേവ്ഗണ്‍ നായകനായ ചിത്രത്തില്‍ പൂജാ ഭട്ട് ആണ് ഷിരിന്റെ വേഷം അവതരിപ്പിച്ചത്. രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളാണ് ചിത്രത്തിന് ലഭിച്ചത്. മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള നർഗീസ് ദത്ത് അവാർഡും അജയ് ദേവ്ഗണിന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാർഡും സഖം നേടിക്കൊടുത്തു.