-->
കഴിഞ്ഞ ഒക്‌ടോബര്‍ 2 നായിരുന്നു നിര്‍മാതാവ് ബോളി കപൂറിന്റെ മകളും മോട്ടിവേഷണല്‍ സ്പീക്കറുമായ അന്‍ഷുല കപൂറിന്റെയും എഴുത്തുകാരനായ രോഹന്‍ താക്കറിന്റെയും വിവാഹനിശ്ചയം നടന്നത്. ചടങ്ങിനായി അണിഞ്ഞൊരുങ്ങാന്‍ തന്നെ സഹായിക്കുന്ന സഹോദരിമാരായ ജാന്‍വി കപൂറിന്റെയും ഖുഷി കപൂറിന്റെയും ഒപ്പമുളള വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് അന്‍ഷുല.
തന്റെ സഹോദരിമാര്‍ക്കായി അന്‍ഷുല എഴുതിയ ഹൃദയസ്പര്‍ശിയായ കുറിപ്പും ആരാധകരുടെ ഹൃദയം കവരുകയാണ്. ജാന്‍വിയും ഖുഷിയും സ്‌നേഹത്തോടെ അന്‍ഷുലയുടെ മുടി പിന്നുന്നതാണ് വീഡിയോയിലുളളത്. ആ നിമിഷം അന്‍ഷുല വീഡിയോയില്‍ പകര്‍ത്തി.
‘അവരുടെ നിശബ്ദമായ സ്‌നേഹം എനിക്ക് ലഭിക്കുന്നതുവരെ അത് എത്രമാത്രം ആവശ്യമാണെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. വാക്കുകള്‍ ആവശ്യമില്ലാത്ത തരം സ്‌നേഹം.. ശരിയായ സമയത്തുളള ഒരു ആലിംഗനം എന്റെ കൈ പിടിക്കാന്‍ നീളുന്ന കരം, ഞങ്ങള്‍ നിനക്കൊപ്പമുണ്ട് എന്ന് പറയുന്ന ഒരു നോട്ടം. സൗമ്യമായി കടന്നുവരികയും എന്നാല്‍ എന്റെ ഹൃദയത്തില്‍ എപ്പോഴും മുഴങ്ങിനില്‍ക്കുകയും ചെയ്യുന്ന തരം സ്‌നേഹം. എന്റെ അഭിപ്രായങ്ങളെ കേള്‍ക്കുന്നവര്‍, എന്റെ സ്വന്തം പ്രോത്സാഹകര്‍ പറയാഴത അറിയുന്ന എന്റെ ആശ്വാസം. എല്ലായ്‌പ്പോഴും എനിക്ക് സുരക്ഷിതമായി വീഴാനുളെളാരിടമായതിന് നന്ദി. ഐ ലവ് യു ജാന്‍വി കപൂര്‍, ഖുഷി കപൂര്‍ ’അന്‍ഷുല കുറിച്ചു.
നിരവധിപ്പേരാണ് അന്‍ഷുലയുടെ വീഡിയോയ്ക്ക് താഴെ പ്രതികരണവുമായെത്തിയത്. ഒരു മിശ്ര കുടുംബത്തിലെ സ്‌നേഹത്തിനും പിന്തുണയ്ക്കും മനോഹരമായ ഉദാഹരണമെന്ന് വിശേഷിപ്പിച്ചുകൊണ്ട് പലരും മൂവരുടെയും സ്‌നേഹത്തെ പ്രശംസിച്ചു. അവര്‍ പരസ്പരം മുറിവുണക്കുന്ന രീതി, എന്നാണ് ഒരാള്‍ കുറിച്ചത്. നിങ്ങള്‍ മൂന്ന് സഹോദരിമാര്‍ തമ്മിലുളള മനോഹരമായ ബന്ധം എന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്.
ബോണി കപൂറിന് മോന ഷൂരി കപൂറുമായുളള ആദ്യ വിവാഹത്തിലെ മക്കളാണ് അന്‍ഷുലയും, അര്‍ജുന്‍ കപൂറും. ശ്രീദേവിയുമായി പ്രണയത്തിലായതോടെ ബോണി ആ ബന്ധം വേര്‍പെടുത്തിയിരുന്നു. 1996 ല്‍ അദ്ദേഹം ശ്രീദേവിയെ വിവാഹം കഴിച്ചു. ബോണി കപൂറിന്റെയും ശ്രീദേവിയുടെയും മക്കളാണ് ജാന്‍വിയും ഖുഷിയും.