-->
തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ സസ്‌പെന്‍ഷനിലായ മുരാരി ബാബു മുമ്പ് ജോലിചെയ്ത ക്ഷേത്രങ്ങളിലേക്കും അനേഷണം നീളുമെന്നു സൂചന. ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ സ്വര്‍ണനാഗപ്പത്തി നഷ്ടപ്പെട്ടതും നിരവധി ആരോപണങ്ങള്‍ നേരിടുന്ന മുരാരിയെ ശബരിമലയിലെ തന്ത്രപ്രധാനതസ്തികയില്‍ നിയമിച്ചതുമടക്കം അന്വേഷണപരിധിയില്‍ വന്നേക്കും.
ചങ്ങനാശേരി പെരുന്ന സ്വദേശിയായ മുരാരി ബാബു പ്രമുഖ സമുദായസംഘടനയുടെ നോമിനിയെന്ന വ്യാജേനയാണ് ബോര്‍ഡില്‍ സ്വാധീനശക്തിയായതെന്നു മറ്റ് ജീവനക്കാര്‍ പറയുന്നു. ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ സ്വര്‍ണരുദ്രാക്ഷമാല മോഷണത്തിനുപുറമേ മറ്റ് തട്ടിപ്പുകളും നടന്നതായി ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ആരോപണവിധേയരെ ശബരിമലയില്‍ നിയമിക്കരുതെന്ന ഹൈക്കോടതി വിധിപോലും മറികടന്നാണ് മുരാരിയെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറാക്കിയത്.
ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ 2021 ജനുവരി 17-നു വൈകിട്ട് നാലരയോടെ ശ്രീകോവിലിനുള്ളിലുണ്ടായ അഗ്‌നിബാധ മറച്ചുവച്ചു, അഗ്നിബാധയില്‍ കേടുസംഭവിച്ച സ്വര്‍ണപ്രഭയുടെ നാഗപ്പത്തികള്‍ ദേവസ്വം ബോര്‍ഡിന്റെ അനുമതിയില്ലാതെ വിളക്കിച്ചേര്‍ത്തു, ഇവയെല്ലാം മറച്ചുവച്ച് ഒറ്റരാശിപ്രശ്‌നത്തിലൂടെ പരിഹാരക്രിയയ്ക്കായി 10 ലക്ഷം രൂപ ഭക്തരില്‍നിന്നു പിരിച്ചെടുത്തു എന്നിവയാണ് വിജിലന്‍സ് കണ്ടെത്തിയത്.
ക്ഷേത്രത്തിലെ സ്വര്‍ണച്ചാര്‍ത്തുള്ള കുടയിലെ ഇളകിയ ചന്ദ്രക്കല ഉറപ്പിക്കാന്‍ ദേവസ്വം ബോര്‍ഡില്‍നിന്നു നേടിയ അനുമതിയുടെ മറവിലാണ് സ്വര്‍ണനാഗപ്പത്തികള്‍ വിളക്കിച്ചേര്‍ത്തതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ 2005-06ല്‍ അഡ്മിനിസ്ര്‌ടേറ്റീവ് ഓഫീസറായിരുന്ന മാവേലിക്കര ചെട്ടികുളങ്ങര സ്വദേശി ജെ. ജയലാല്‍ വഴിപാടായി സമര്‍പ്പിച്ച സ്വര്‍ണം കെട്ടിയ രുദ്രാക്ഷമാല കാണാതായതു സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍.
മുമ്പ് ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ തിരുവാഭരണം സ്‌ട്രോങ്‌റൂമില്‍നിന്ന് സ്വര്‍ണം, വെള്ളി ഇനത്തില്‍പ്പെട്ട ആറ് ഉരുപ്പടികള്‍ കാണാതായിരുന്നു. എന്നാല്‍, അന്വേഷണം നടക്കുന്നതിനിടെ, 16 ദിവസത്തിനുശേഷം ഇവയെല്ലാം സ്‌ട്രോങ് റൂമില്‍ തിരിച്ചുവച്ചതായി കണ്ടെത്തി.