-->
ഈയടുത്ത് മലയാള സിനിമയില്‍ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി 200 കോടി ക്ലബ്ബും കടന്ന് തേരോട്ടം നടത്തിയ സിനിമയാണ് ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത് ‘ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര’. ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് നിര്‍മ്മിച്ച ഈ സിനിമയിലെ പ്രധാന കഥാപാത്രമായ ‘ചന്ദ്ര’യായി തിളങ്ങിയത് കല്യാണി പ്രിയദര്‍ശനാണ്.
തിയേറ്ററില്‍ ഇപ്പോഴും ജൈത്രയാത്ര തുടരുന്ന ലോക മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷൻ നേടി 300 കോടി കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രം എന്ന റെക്കോഡിലേക്കുള്ള യാത്രയിലാണ്. സിനിമയില്‍ സൂപ്പര്‍ വുമണായി കല്യാണി തകര്‍പ്പന്‍ അഭിനയമാണ് കാഴ്ചവച്ചത്. സിനിമയിലെ എല്ലാ തുറയിലുള്ളവരും കല്യാണിയുടെ കഥാപാത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഇതിനിടെ പാർവതി. ദർശന പോലുള്ള നടിമാർക്കും അർഹതപ്പെട്ടതാണ് ലോകയുടെ വിജയ ക്രെഡിറ്റ് എന്ന് നടി നൈല ഉഷ പറഞ്ഞിരുന്നു. അതിനു പിന്നാലെ ഇത്തരം സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ വരാനുള്ള സ്പേസ് ഉണ്ടാക്കിയത് തങ്ങളാണെന്ന് ഡബ്ല്യു.സി.സി അംഗം കൂടിയായ റിമ കല്ലിങ്കലും പറഞ്ഞു.
ഇപ്പോഴിതാ ഇതിനെ ട്രോളി മറുപടി നല്‍കുകയാണ് നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. മലയാളത്തിലിറങ്ങിയ സ്ത്രീപക്ഷ സിനിമകളെ മുന്‍നിര്‍ത്തിയായിരുന്നു വിജയ് ബാബുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ‘‘ദൈവത്തിന് നന്ദി .. വൈശാലി, ഉണ്ണിയാർച്ച, കടത്തനാട്ട് മകം, കള്ളി ചെല്ലമ്മ, അവളുടെ രാവുകൾ, ആദാമിന്റെ വാരിയെല്ല്, നീലത്താമര, പഞ്ചാഗ്നി, എന്റെ സൂര്യ പുത്രിക്ക്, ആകാശദൂത്, ഇൻഡിപെൻഡൻസ്, എല്‍സമ്മ എന്ന ആണ്‍കുട്ടി, നന്ദനം, ചിന്താവിഷ്ടയായ ശ്യാമള, അച്ചുവിന്റെ അമ്മ, ഹൗ ഓള്‍ഡ് ആർയു, 22 ഫീമെയില്‍ കോട്ടയം... തുടങ്ങി ഒട്ടനവധി സിനിമകളുടെ ക്രെഡിറ്റും സ്പേയ്സും ആരും എടുക്കാത്തതില്‍ ദൈവത്തിന് നന്ദി... കൂടാതെ മലയാളം എന്നും മികച്ച സ്ത്രീ കേന്ദ്രീകൃത സിനിമകൾ നൽകിയിട്ടുണ്ട്.
കാലം മാറിയപ്പോള്‍, പുതിയ പ്രേക്ഷകരെ ചേർത്തുകൊണ്ട് ഒ.ടി.ടിയുടെ സഹായത്തോടെ നമ്മുടെ വ്യവസായം കൂടുതല്‍ ഉയരങ്ങളില്‍ എത്തിയപ്പോള്‍, ആഗോള നിലവാരവും ലളിതവും നേരായതുമായ കണ്ടന്റുകള്‍ നമ്മള്‍ ഉണ്ടാക്കാൻ തുടങ്ങി. അതിന് വേണ്ടിയുള്ള സ്പേസ് കണ്ടെത്തി സിനിമ നിർമിച്ചതിന്റെ മുഴുവൻ ക്രെഡിറ്റും ടീം വേഫെയറിനും ലോകക്കും മാത്രം അവകാശപ്പെട്ടതാണ്...’’വിജയ് ബാബു കുറിച്ചു. വിജയ് ബാബുവിന്റെ പോസ്റ്റിന് നിരവധി പേരാണ് അനുകൂലിച്ച് കമന്റുകള്‍ കുറിക്കുന്നത്.