-->
തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ് യുടെ രാഷ്ട്രീയ പ്രചാരണ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർക്കാണ് ജീവൻ നഷ്ടമായത്. നിരവധി പേര്‍ക്ക് പരിക്കുകളും സംഭവിച്ചിട്ടുണ്ട്. വലിയ രീതിയിലുള്ള പ്രക്ഷോഭങ്ങളാണ് ഈ സംഭവത്തിനു ശേഷം എതിര്‍പക്ഷത്തുള്ള രാഷ്ട്രീയ പാര്‍ട്ടികളടക്കം സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുന്നത്. സംഘാടകരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയും ദുരന്തമുണ്ടായതിനുപിന്നാലെ സ്ഥലത്തുനിന്ന് മടങ്ങിയ വിജയ് ചാർട്ടേഡ് വിമാനത്തിൽ അർധരാത്രി തന്നെ ചെന്നൈയിലെത്തിയതും പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ അനുശോചനം അറിയിച്ചതുമെല്ലാം വിമര്‍ശനങ്ങള്‍ക്ക് കാരണമായി. എക്സിൽ പങ്കുവച്ച ഒരു കുറിപ്പ് അല്ലാതെ പരസ്യ പ്രതികരണവും ഉണ്ടായില്ലെന്നുള്ളതും വിമര്‍ശനങ്ങള്‍ക്ക് കാരണമായി.
ഇപ്പോഴിതാ ദുരന്തത്തിന് പിന്നാലെ ആദ്യമായി മൗനം വെടിയുകയാണ് ടി വി കെ നേതാവും നടനുമായ വിജയ്. കരൂര്‍ ദുരന്തത്തില്‍ വികാരാധീനനായിട്ടാണ് വിജയ് പ്രതികരിച്ചത്. ഇതുപോലെയൊരു സിറ്റുവേഷൻ തനിക്ക് ഒരിക്കലും ഫെയ്സ് ചെയ്യേണ്ടി വന്നിട്ടില്ലെന്നും വിജയ് പറഞ്ഞു. കരൂരില്‍ മാത്രം പ്രശ്നം എങ്ങനെ ഉണ്ടായെന്നും സത്യം ഉടനെ പുറത്തുവരുമെന്നും പിന്തുണച്ച എല്ലാവരോടും നന്ദിയുണ്ടെന്നും ഇങ്ങനെ ആണോ പ്രതികാരം ചെയ്യുന്നതെന്നും വിജയ് ചോദിച്ചു.
‘‘എന്റെ ജീവിതത്തില്‍ ഇത്രയും വേദനയുണ്ടായൊരു സാഹചര്യം നേരിട്ടിട്ടില്ല. മനസില്‍ വേദന മാത്രം. ആളുകള്‍ കാണാന്‍ വന്നത് എന്നോടുള്ള വിശ്വാസവും സ്‌നേഹവും കാരണം. അതിന് ഞാന്‍ എന്നും കടപ്പെട്ടിരിക്കുന്നു. അതിനാലാണ് മറ്റെന്തിനേക്കാളും ആളുകളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കിയത്.
അതിനാലാണ് രാഷ്ട്രീയ കാരണങ്ങളെല്ലാം മാറ്റി വച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്താന്‍ സാധിക്കുന്ന ഇടങ്ങള്‍ തെരഞ്ഞെടുത്തതും അനുമതി ചോദിച്ചതുമെല്ലാം. എന്നാല്‍ നടക്കാന്‍ പാടില്ലാത്തത് നടന്നു. ഞാനും മനുഷ്യനാണ്. ആ സമയം അത്രയും പേരെ ബാധിക്കുന്ന വിഷമയുണ്ടാകുമ്പോള്‍ എങ്ങനെ അവിടെ നിന്നും പോരാന്‍ സാധിക്കും. തിരികെ അവിടേക്ക് പോയാല്‍ അത് കാരണം വേറെ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകും എന്നതിനാല്‍ അത് ഒഴിവാക്കാനാണ് ശ്രമിച്ചത്.
സ്വന്തക്കാരെ നഷ്ടപ്പെട്ട് വേദനിക്കുന്നവരോടുള്ള ആഴത്തിലുള്ള അനുശോചനം രേഖപ്പെടുത്തുന്നു. എന്ത് പറഞ്ഞാലും മതിയാകില്ലെന്ന് അറിയാം. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെല്ലാം വേഗത്തില്‍ സുഖപ്പെട്ട് തിരികെ വരണമെന്ന് ഞാന്‍ ഈ സമയം പ്രാര്‍ത്ഥിക്കുന്നു. ഉടനെ തന്നെ നിങ്ങളെയെല്ലാവരേയും കാണും. ഈ നേരം ഞങ്ങളുടെ വേദന മനസിലാക്കി സംസാരിച്ച രാഷ്ട്രീയ നേതാക്കള്‍ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു. അഞ്ച് മണ്ഡലങ്ങളില്‍ പ്രചരണത്തിന് പോയിട്ടുണ്ട്. എന്നാല്‍ കരൂരില്‍ മാത്രം എന്തുകൊണ്ട് ഇങ്ങനൊരു സംഭവമുണ്ടായി ?
എല്ലാ സത്യവും പുറത്ത് വരണം. ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്. കരൂരിലെ ജനങ്ങള്‍ നടന്നത് പറയുമ്പോള്‍ ദൈവം തന്നെ ഇറങ്ങി വന്ന് സത്യം വിളിച്ച് പറയുന്നത് പോലെ എനിക്ക് തോന്നി. ഉടനെ തന്നെ സത്യം പുറത്ത് വരും. ഞങ്ങള്‍ക്ക് അനുവദിച്ച സ്ഥലത്ത് പോയി നിന്ന് സംസാരിച്ചുവെന്നല്ലാതെ ഞങ്ങളൊന്നും ചെയ്തിട്ടില്ല.
എങ്കിലും ഞങ്ങളുടെ പാര്‍ട്ടിയിലെ അംഗങ്ങള്‍ക്കെതിരെ എഫ്‌ഐആറിട്ടു. സിഎം സാര്‍, നിങ്ങള്‍ക്ക് ആരെയെങ്കിലും ശിക്ഷിക്കണം എന്നുണ്ടെങ്കില്‍ എന്നെ എന്ത് വേണമെങ്കിലും ചെയ്യാം. അവരുടെ ദേഹത്ത് കൈ വെക്കരുത്. ഞാന്‍ വീട്ടില്‍ കാണും, ഇല്ലെങ്കില്‍ ഓഫീസില്‍ കാണും. സുഹൃത്തുക്കളേ ബഹുമാനപ്പെട്ടവരേ, നമ്മുടെ രാഷ്ട്രീയയാത്ര ഇനിയും ശക്തമായി തന്നെ മുന്നോട്ട് പോകും...’’ വിജയ് പറഞ്ഞു. വിജയ് എക്സ് പ്ലാറ്റ്ഫോമില്‍ പങ്കിട്ട വീഡിയോയ്ക്ക് താഴെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ കമന്റുകള്‍ കുറിക്കുന്നുണ്ട്.
pic.twitter.com/FipkqoLlmB— TVK Vijay (@TVKVijayHQ) September 30, 2025