-->
രാജ്യത്തെ ക്രിക്കറ്റ് പ്രേമികളെ ഹരം കൊള്ളിച്ചും ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയുമാണ് ഇക്കഴിഞ്ഞ ദിവസം ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്താനെ തോല്‍പിച്ച് ഇന്ത്യ ചാമ്പ്യന്മാരായത്. ഇന്ത്യ വിജയകിരീടം ഉയർത്തിയതിന്റെ ആവേശവും സന്തോഷവും ക്രിക്കറ്റ് പ്രേമികള്‍ സോഷ്യല്‍ മീഡിയയിലൂടെ ആഘോഷമാക്കുന്നുണ്ട്. ഫൈനലിന് പിന്നാലെ പല പ്രമുഖരും ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിപ്പുകള്‍ പങ്കിട്ടു.
എന്നാല്‍ ഇപ്പോഴിതാ അക്കൂട്ടത്തില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്നത് മുന്‍ പാക് താരം ഷോയബ് അക്തറിനെ പരിഹസിച്ച് ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന്‍ പങ്കിട്ട ട്വീറ്റാണ്. ഒരു ക്രിക്കറ്റ് ടോക്ക് ഷോയ്ക്കിടെ, ഷോയബ് അക്തര്‍ ഇന്ത്യയെ വിമര്‍ശിക്കുന്നതിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് താരം അഭിഷേക് ശര്‍മ്മയുടെ പേര് തെറ്റി അഭിഷേക് ബച്ചന്‍ എന്നാണ് പറഞ്ഞത്. അതു പിന്നീട് ട്രോളുകളിലും നിറഞ്ഞു. ഈ പരാമര്‍ശമാണ് അമിതാഭ് ബച്ചന്‍ അക്തറിനെ തന്റെ ട്വീറ്റിലൂടെ ട്രോളാനുള്ള കാരണമായത്. അഭിഷേക് ബച്ചൻ നന്നായി കളിച്ചുവെന്നും ടീം ഇന്ത്യ എങ്ങനെ അവരുടെ ‘ശത്രു’വിനെ പരാജയപ്പെടുത്തിയെന്നും അമിതാഭ് ബച്ചൻ എക്സില്‍ കുറിച്ചു. ‘‘നമ്മള്‍ ജയിച്ചു! ‘അഭിഷേക് ബച്ചൻ’ നന്നായി കളിച്ചു. അവിടെ അവർക്ക് നാവ് ഇടറി, ഇവിടെ, ബാറ്റിങ്ങോ ബൗളിങ്ങോ ഫീല്‍ഡിങ്ങോ ചെയ്യാതെ നിങ്ങള്‍ ശത്രുവിനെ വീഴ്ത്തി. അവരുടെ വായടഞ്ഞുപോയി! ജയ് ഹിന്ദ്! ജയ് ഭാരത്! ജയ് മാ ദുർഗ്ഗ...’’ എന്നാണ് പൊട്ടിച്ചിരിക്കുന്ന സ്മൈലികള്‍ക്കൊപ്പം അമിതാഭ് ബച്ചന്‍ കുറിച്ചത്. ബിഗ് ബിയുടെ ട്രോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നുണ്ട്.
T 5516(i) - जीत गये !! 🇮🇳🇮🇳 .. well played 'Abhishek Bachchan' .. उधर ज़बान लड़खड़ाई, और इधर, बिना batting bowling fielding किए, लड़खड़ा दिया दुश्मन को !!बोलती बंद !! 🤣🤣🤣🤣🤣🤣🤣जय हिन्द ! जय भारत ! जय माँ दुर्गा !!!!— Amitabh Bachchan (@SrBachchan) September 28, 2025
പാകിസ്ഥാന്‍ ഫൈനലിനെ കുറിച്ചുള്ള പ്രീ മാച്ച് ചര്‍ച്ചയ്ക്കിടെ ‘അഭിഷേക് ശര്‍മ’യുടെ പേരിന് പകരം അക്തര്‍ പറഞ്ഞത് ‘അഭിഷേക് ബച്ചന്‍’ എന്നാണ്. ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശർമയ്‌ക്ക് പകരം അബദ്ധത്തില്‍ ബോളിവുഡ് താരവും അമിതാഭ് ബച്ചന്റെ മകനുമായ അഭിഷേക് ബച്ചനെന്നാണ് അക്തര്‍ പറഞ്ഞത്. ‘‘അഭിഷേക് ബച്ചനെ നേരത്തെ പുറത്താക്കിയാല്‍ ഇന്ത്യയുടെ മധ്യനിരയുടെ അവസ്ഥ എന്തായിരിക്കും? അവരുടെ മധ്യനിര ഇതുവരെ മികച്ച പ്രകടനം നടത്തിയിട്ടില്ല...’’ എന്നാണ് അക്തർ പറഞ്ഞത്. ആ നാക്ക് പിഴയ്ക്ക് സോഷ്യല്‍ മീഡിയ ട്രോളുകളിലൂടെ മറുപടി നല്‍കിയിരുന്നു. അക്തറിന്റെ അബദ്ധത്തെ ട്രോളി അഭിഷേക് ബച്ചനും രംഗത്തെത്തിയിരുന്നു. ടൈംസ് ഓഫ് ഇന്ത്യയുടെ വാർത്ത പങ്കുവച്ചുകൊണ്ടായിരുന്നു അഭിഷേകിന്റെ പ്രതികരണം. ‘‘സർ, എല്ലാ ബഹുമാനത്തോടെയും പറയട്ടെ... അവർക്ക് അത് ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ല! പിന്നെ ഞാന്‍ ക്രിക്കറ്റ് കളിയില്‍ മിടുക്കനല്ല...’’ എന്നായിരുന്നു അഭിഷേക് എക്സില്‍ കുറിച്ചത്.
ഏതായാലും മുന്‍പ് അഭിഷേക് പങ്കിട്ട ട്വീറ്റും അതിനു ശേഷം അച്ഛന്‍ അമിതാഭ് ബച്ചന്‍ പങ്കുവച്ച ട്വീറ്റും ആഘോഷമാക്കുകയാണ് ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍. ഇരുവരുടെയും എക്സ് പോസ്റ്റുകള്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ പരിഹസിക്കാനുള്ള ആയുധമാക്കുകയാണിവര്‍.
Sir, with all due respect… don’t think they’ll even manage that! And I’m not even good at playing cricket. 🙏🏽 https://t.co/kTy2FgB10j— Abhishek 𝐁𝐚𝐜𝐡𝐜𝐡𝐚𝐧 (@juniorbachchan) September 26, 2025
ഇന്ത്യയുടെ അഭിഷേക് ശര്‍മ്മ ഈ ടൂര്‍ണ്ണമെന്‍റിലെ തന്നെ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ചൈനയുടെ എസ് യു വിയായ ഹവല്‍ 9 ആണ് അഭിഷേകിന് സമ്മാനമായി ലഭിച്ചത്. പുറത്താകാതെ 69 റണ്‍സെടുത്ത തിലക് വർമയായിരുന്നു കളിയിലെ താരം. നാല് വിക്കറ്റ് പിഴുത് കുല്‍ദീപ് യാദവ് പാകിസ്ഥാന്‍ ബാറ്റിങ് നിരയെ താറുമാറാക്കി. വിക്കറ്റ് കീപ്പറായും ബാറ്ററായും മലയാളി താരം സഞ്ജു സാംസണും കളിയില്‍ തിളങ്ങി. അഞ്ച് വിക്കറ്റിനാണ് പാകിസ്ഥാന് മേല്‍ ഇന്ത്യ ആധിപത്യം സ്ഥാപിച്ചത്.
ഫൈനലിലെ ഇന്ത്യ-പാക് മത്സരം ഗ്രൗണ്ടില്‍ കഴിഞ്ഞിട്ടും അവസാനിച്ചിരുന്നില്ല. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അധ്യക്ഷന്‍ കൂടിയായ പാകിസ്ഥാന്‍ മന്ത്രി മൊഹ്‌സിന്‍ നഖ്വിയില്‍ നിന്ന് കിരീടമേറ്റു വാങ്ങാന്‍ ഇന്ത്യ തയ്യാറായില്ല. റണ്ണേഴ്‌സ് അപ്പ് ചെക്ക് വലിച്ചെറിഞ്ഞായിരുന്നു പാക് നായകന്‍ സല്‍മാന്‍ ആഘ തന്റെ നിരാശയും അമർഷവും പ്രകടിപ്പിച്ചത്. ഇന്ത്യന്‍ ആരാധകർ കൂക്കിവിളിച്ചാണ് താരത്തെ തിരികെ അയച്ചത്.
ഇതിന്റെ തുടർച്ചയായി സോഷ്യല്‍ മീഡിയയിലും ഇന്ത്യ-പാക് പോര് മുറുകയാണ്. ‘ഓപ്പറേഷന്‍ സിന്ദൂർ 2.0’ ആയാണ് പല ക്രിക്കറ്റ് ആരാധകരും ഏഷ്യ കപ്പ് ഫൈനലിനെ കാണുന്നത്. എന്നാല്‍ ഈ അമിത വാശി ക്രിക്കറ്റ് ആവേശത്തിന് യോജിക്കുന്നതല്ലെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.