-->
ചെന്നൈ: വിജയ്‌യുടെ വലിയ ആരാധികയായിരുന്നു ബ്രിന്ദ(22). തന്റെ രണ്ട് വയസുള്ള മകനെ സഹോദരിയുടെ അടുത്ത് ഏല്‍പ്പിച്ചശേഷമാണ് അവര്‍ കരൂരിലേക്കു പോയത്. ആ യാത്ര അവസാനയാത്രയുമായി. കരുരിലെ റാലിയിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് ബ്രിന്ദ മരിച്ചു. അപകടത്തെക്കുറിച്ച് അറിഞ്ഞതു മുതല്‍ ബ്രിന്ദയെ ഫോണിയില്‍ വിളിച്ചുകൊണ്ടിരിക്കയായിരുന്നുവെന്ന് സഹോദരി അറിയിച്ചു.
മറുപടി ലഭിച്ചില്ല. ഇന്നലെ രാവിലെയാണു മരണ വിവരം അറിഞ്ഞത്. 'വിജയ്‌യുടെ കടുത്ത ആരാധികയായിരുന്നു അവള്‍. കുട്ടിയെ എന്റെ അടുത്ത് ഏല്‍പ്പിച്ചിട്ട് റാലിക്ക് പോകുകയാണെന്ന് പറഞ്ഞു. ഞങ്ങള്‍ വൈകിട്ട് നാലു മണിയോടെ അവളെ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. ഞങ്ങള്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. രാത്രി 10 മണിയോടെ അവളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയി. ഇന്നലെ ഞങ്ങള്‍ അവളുടെ ചിത്രം റാലിയുടെ സംഘാടകര്‍ക്ക് അയച്ചുകൊടുത്തു. അല്‍പ സമയത്തിനുശേഷം മരണവിവരം അറിഞ്ഞു'- അവര്‍ പറഞ്ഞു.അപകടത്തില്‍ കൊല്ലപ്പെട്ട ഓരോ വ്യക്തിയുടെയും കുടുംബത്തിന് 20 ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 2 ലക്ഷം രൂപയും നഷ്ടപരിഹാരമായി വിജയ് പ്രഖ്യാപിച്ചിട്ടുണ്ട്.
'ഞങ്ങള്‍ക്ക് പണം വേണ്ട. പണത്തേക്കാള്‍ വലുതാണു ജീവന്‍. ആവശ്യമായ സുരക്ഷ ഒരുക്കാതിരുന്നിട്ട് പണം നല്‍കാമെന്നു പറഞ്ഞാല്‍, അതു വെറും രാഷ്ട്രീയ പ്രസംഗമായേ കാണാനാകൂ. നിങ്ങള്‍ ഒരു യോഗം നടത്തുമ്പോള്‍, അവിടെ സ്ഥലസൗകര്യം ഉണ്ടെന്ന് ഉറപ്പുവരുത്തുക, ആളുകള്‍ക്ക് ഭക്ഷണം, വെള്ളം എന്നിവ ലഭ്യമാണെന്ന് ഉറപ്പുവരുത്തുക. നഷ്ടപരിഹാരം പ്രഖ്യാപിച്ചതുകൊണ്ട് മാത്രം ഒന്നും ശരിയാവില്ല. എനിക്ക് പണം വേണ്ട, എന്റെ സഹോദരിയെ തിരികെ വേണം. അവര്‍ക്ക് അവളുടെ ജീവന്‍ തിരികെ തരാന്‍ കഴിയുമോ?' - അവര്‍ ചോദിച്ചു.