Saturday, March 14, 2026 Last Updated 7 Min 7 Sec ago English Edition
Todays E paper
Ads by Google
Saturday 27 Sep 2025 04.11 PM

‘‘ഭരിക്കുന്ന പാർട്ടിയിലെ ആളുകൾ നായകന്റെ അടുത്ത സുഹൃത്തുക്കൾ; ആ വര്‍ഷം മികച്ച നടൻ, നടി ഉൾപ്പടെ എല്ലാ സ്റ്റേറ്റ് അവാർഡും ആ സിനിമയ്ക്ക് കിട്ടി...'' രൂപേഷ് പീതാംബരൻ

നടനായും തിരക്കഥാകൃത്തായും സംവിധായകനായും തിളങ്ങി നില്‍ക്കുന്ന താരമാണ് രൂപേഷ് പീതാംബരന്‍. ഇപ്പോഴിതാ സംസ്ഥാന അവാര്‍ഡുകളും ദേശീയ അവാര്‍ഡുകളും ലോബിയിംഗിന്റെ സ്വാധീനത്തിലാണ് പലപ്പോഴും തീരുമാനിക്കപ്പെടുന്നതെന്ന് പറയുകയാണ് രൂപേഷ്.
Rupesh Peethambaran , state awards and national awards are often decided under the influence of lobbying
Roopesh Peethamabaran about state awards (Image Source: Youtube)

സംസ്ഥാന ദേശീയ അവാര്‍ഡ് പ്രഖ്യാപനങ്ങള്‍ പലപ്പോഴും വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവയ്ക്കാറുണ്ട്. അര്‍ഹതപ്പെട്ടവര്‍ക്ക് അംഗീകാരം കിട്ടാറില്ലെന്നും ജൂറി അംഗങ്ങള്‍ വ്യക്തിതാത്പര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കാറുണ്ടെന്നും പലരും ആരോപിക്കാറുണ്ട്. പല മികച്ച സിനിമകളേയും കഥാപാത്രങ്ങളെയും തഴഞ്ഞ് പുരസ്കാരങ്ങള്‍ നല്‍കിയെന്നുള്ളത് ഇത്തവണത്തെ ദേശീയ അവാര്‍ഡിന്റെ കാര്യത്തിലും വന്ന വിവാദമാണ്.
ഇപ്പോഴിതാ സംസ്ഥാന -ദേശീയ തലത്തിലുള്ള ചലച്ചിത്ര അവാര്‍ഡുകള്‍ ലോബിയിംഗിന്റെ സ്വാധീനത്തിലാണ് പലപ്പോഴും തീരുമാനിക്കപ്പെടുന്നതെന്ന് ആരോപിക്കുകയാണ് സംവിധായകന്‍ രൂപേഷ് പീതാംബരന്‍. ദേശീയ അവാര്‍ഡിന്റെ കാര്യത്തില്‍ പലപ്പോഴും ലോബിയിങ് നടക്കാറുണ്ടെന്നും താന്‍ തന്നെയാണ് ഇതിന് സാക്ഷിയെന്നും പറയുകയാണ് രൂപേഷ്.
‘‘ദേശീയ അവാര്‍ഡിന്റെ കാര്യത്തില്‍ പലപ്പോഴും ലോബിയിങ് നടക്കാറുണ്ട്. അങ്ങനെ വന്നാല്‍ ഒരേസമയം രണ്ട് പേര്ക്ക് അവാര്‍ഡ് നല്‍കുന്ന രീതിയും ഉണ്ടാകും. ചെറുപ്പത്തില്‍ ഞാന്‍ അത്തരമൊരു സംഭവത്തിന് നേരിട്ട് സാക്ഷിയായതാണ്.
കേരളത്തില്‍ കഴിഞ്ഞ പത്ത് കൊല്ലത്തിനിടെ ഉണ്ടായൊരു സംഭവമുണ്ട്. ഞാനതിന് സാക്ഷിയാണ്. പറഞ്ഞാല്‍ ഏത് സിനിമയാണെന്ന് മനസിലാകും. എങ്കിലും പറയാം. ഭരിക്കുന്ന പാര്‍ട്ടിയിലെ ആളുകള്‍ നായകന്റെ വളരെ അടുത്ത സുഹൃത്തുക്കളാണ്. അവനൊരു പടം ചെയ്തു. ഗംഭീര വിജയമായി. സുഹൃത്തായ രാഷ്ട്രീയക്കാരനോട് എന്താടോ നമുക്കൊന്നും അവാര്‍ഡില്ലേ എന്ന് ചോദിച്ചു. വിശ്വസിക്കാനാകില്ല.
ആ സിനിമയ്ക്ക് നടന്‍, സംവിധായകന്‍, സിനിമ, നടി എല്ലാ സ്‌റ്റേറ്റ് അവാര്‍ഡും കിട്ടി. അതിലെ ഒരു നിര്‍മാതാവ് നടനാണ്. ഈ സിനിമയ്ക്ക് കൊടുക്കാന്‍ പറ്റാത്തതിനാല്‍ വേറൊരു സിനിമയിലെ അഭിനയത്തിന് സ്റ്റേറ്റ് അവാര്‍ഡ് കൊടുത്തു. മൊത്തം അവാര്‍ഡും ആ ടീമിനായിരുന്നു. സിനിമയുടെ പേരും വര്‍ഷവും പറയില്ല. ലോബിയിങ് ആണ്. എന്റെ സിനിമകളൊന്നും അവാര്‍ഡിന് അയച്ചിട്ടില്ല. ഇനി ചെയ്യുന്ന സിനിമകളും അയക്കില്ല...’’ എന്നാണ് രൂപേഷ് ആരോപിച്ചത്.
ലോബിയിങ് ശക്തമായി നടക്കുന്ന സാഹചര്യത്തില്‍ താന്‍ സ്വന്തം സിനിമകള്‍ ഒരിക്കലും അവാര്‍ഡിന് അയച്ചിട്ടില്ലെന്നും ഇനി അയക്കില്ലെന്നും രൂപേഷ് വ്യക്തമാക്കി. ‘‘എന്റെ സ്വന്തം സിനിമകള്‍ ഒരിക്കലും അവാര്‍ഡിന് അയച്ചിട്ടില്ല, ഇനി അയക്കില്ല. ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സും അതേ രീതിയാണ് പിന്തുടരുന്നത്. അവാര്‍ഡിന് സിനിമ അയക്കില്ല, ഫെസ്റ്റിവലുകള്‍ക്കാണ് മാത്രം അയക്കുക. കാരണം, അവാര്‍ഡുകള്‍ സത്യത്തില്‍ ലോബിയിങ്ങാണ്...’’ രൂപേഷ് പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചില്‍.

രൂപേഷിന്റെ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിട്ടുണ്ട്. താരം സൂചിപ്പിച്ച സിനിമ ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചാര്‍ളി ആണെന്നാണ് പലരും പറയുന്നത്. ആ വര്‍ഷം ചാര്‍ളിക്ക് നടന്‍, നടി, സംവിധായകന്‍, തിരക്കഥ തുടങ്ങി എട്ട് സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചിരുന്നു. കൂടാതെ, സഹ നിർമ്മാതാക്കളിൽ ഒരാളായിരുന്ന ജോജു ജോർജിന് ആ വർഷം തന്നെ, ലുക്ക ചുപ്പി, ഒരു സെക്കന്റ് ക്ലാസ് യാത്ര എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് പ്രത്യേക ജൂറി പുരസ്കാരവും ലഭിച്ചിരുന്നു.
രൂപേഷിന്റെ ആരോപണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞതോടെ ചിലര്‍ ‘ചാര്‍ളി’ നേടിയ പുരസ്‌കാരങ്ങള്‍ പൂര്‍ണമായും അര്‍ഹിച്ചതാണെന്ന് വാദിക്കുന്നുണ്ട്. എന്നാല്‍ മറ്റുചിലര്‍ ദുല്‍ഖറിന്റെ അഭിനയത്തിന് അവാര്‍ഡ് കൊടുക്കേണ്ടിയിരുന്നില്ലെന്നും കുറിക്കുന്നുണ്ട്.
മലയാളത്തിലെ ക്ലാസിക് ചിത്രമായ ‘സ്ഫടിക’ത്തില്‍ മോഹൻലാലിന്റെ ചെറുപ്പകാലം അവതരിപ്പിച്ചുകൊണ്ട് സിനിമയിൽ അരങ്ങേറ്റം കുറിച്ചയാളാണ് രൂപേഷ് പീതാംബരൻ. പിന്നീട് ദുൽഖറിനെ നായകനാക്കി തീവ്രം, ടോവിനോ തോമസ് ചിത്രം യൂ ടൂ ബ്രൂട്ടസ് തുടങ്ങീ ചിത്രങ്ങളും രൂപേഷ് സംവിധാനം ചെയ്തു. എന്തു തന്നെയായാലും രൂപേഷിന്റെ വാക്കുകള്‍ വലിയ വിവാദങ്ങളിലേക്ക് നയിക്കുന്നുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW