Sunday, March 15, 2026 Last Updated 34 Min 0 Sec ago English Edition
Todays E paper
Ads by Google
Friday 26 Sep 2025 11.35 AM

‘2 തലമുറകള്‍, 2 ദേശീയ അവാര്‍ഡുകള്‍; അച്ഛന്റെ അവാര്‍ഡിനരികില്‍ എന്റേത് വയ്ക്കുമ്പോള്‍ അഭിമാനം തോന്നുന്നു’വെന്ന് വിജയരാഘവന്‍; പുലിക്ക് പിറന്നത് പൂച്ചയാവില്ലല്ലോയെന്ന് കമന്റുകള്‍

മലയാളികളുടെ പ്രിയപ്പെട്ട വിജയരാഘവന് 71-ാമത് ദേശീയ പുരസ്കാരത്തില്‍ മികച്ച സഹനടനുള്ള അവാര്‍ഡ് ലഭിച്ചിരുന്നു. ഇപ്പോഴിതാ അച്ഛന്റെ ഓര്‍മ്മകള്‍ക്കൊപ്പം ആ സന്തോഷം പങ്കിടുകയാണ് വിജയരാഘവന്‍.
Vijayaraghavan, NN pillai
Vijayaraghavan shares a nostalgic post after receiving national award (Image Source: Instagram)

സർഗസൃഷ്ടിയുടെ കുലപതിയും മലയാള നാടകവേദിയുടെ ആചാര്യൻമാരിൽ ഒരാളുമായിരുന്നു എൻ. എൻ. പിള്ള. മലയാളനാടകലോകത്തെ അസാധാരണ പ്രതിഭയായിരുന്ന എന്‍ എന്‍ പിള്ളയുടെ നാടകങ്ങള്‍ വികാരവും വിചാരവും വിശപ്പുമുള്ള സാധാരണമനുഷ്യരുടെ പക്ഷത്തു നിന്നുകൊണ്ട് ഉന്നയിച്ച ചോദ്യങ്ങളുടെ പരമ്പരയായിരുന്നു. കേരളത്തിലെ ജനങ്ങള്‍ ആവേശപൂര്‍വം കാണുകയും ആ കാഴ്ചയിലൂടെ ആത്മവിചാരണ നടത്തുകയും ചെയ്തിട്ടുള്ള നാടകങ്ങളാണ് എന്‍.എന്‍.പിള്ളയുടേത്.
ഗോഡ്ഫാദര്‍ എന്ന ചിത്രത്തിലെ ‘അഞ്ഞൂറാന്‍’ എന്ന കഥാപാത്രം മാത്രം മതി മലയാള സിനിമാപ്രേക്ഷകര്‍ എന്‍ എന്‍ പിള്ളയെ ഓര്‍ക്കാന്‍. മലയാള സിനിമയിൽ തന്റേതായ ഒരു ഇരിപ്പിടം കണ്ടെത്തുവാൻ കഴിഞ്ഞെങ്കിലും സിനിമയായിരുന്നില്ല തന്റെ തട്ടകമെന്ന് എന്‍ എന്‍ പിള്ളയ്ക്ക് അറിയാമായിരുന്നു. എന്നാൽ മകൻ കുട്ടൻ എന്ന് വിളിൽക്കുന്ന വിജയരാഘവൻ മലയാള സിനിമയിലെ പ്രമുഖ നടന്മാരിൽ ഒരാളായി മാറി. അഞ്ചു പതിറ്റാണ്ടിലധികമായി വില്ലന്‍, സഹനായകന്‍, നായകന്‍, സ്വഭാവനടന്‍ എന്നിങ്ങനെ എണ്ണമെടുക്കാവുന്നതിലധികമായി തന്റെ കൈയൊപ്പ് പതിപ്പിച്ച് വിജയരാഘവന്‍ കൈയടി നേടിയ കഥാപാത്രങ്ങള്‍ അനവധിയാണ്. നൂറ്​ വയസ്സുള്ള ഇട്ടൂപ്പിന്റെ സൂക്ഷ്മഭാവങ്ങൾ തന്മയത്വത്തോടെ അവതരിപ്പിച്ചാണ് ‘പൂക്കാലം’ എന്ന സിനിമയിലൂടെ മികച്ച സഹനടനുള്ള ദേശീയപുരസ്കാരം വിജയരാഘവന്‍ നേടിയത്.
ഇപ്പോഴിതാ തന്റെ അവാര്‍ഡ് തിളക്കത്തിനൊപ്പം അച്ഛന്റെ ഓര്‍മ്മകളും കൂടി പങ്കിട്ട് വിജയരാഘവന്‍ പങ്കിട്ട ​സോഷ്യല്‍ മീഡിയ കുറിപ്പാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. അച്ഛന്‍ എന്‍ എന്‍ പിള്ളയുടെ ചിത്രത്തിനു താഴെയായി നിരത്തി വച്ച ദേശീയ അവാര്‍ഡുകള്‍ നോക്കിയിരിക്കുന്ന വിജയരാഘവനെ ചിത്രത്തില്‍ കാണാം.
‘‘രണ്ട് തലമുറകൾ. രണ്ട് ദേശീയ അവാർഡുകൾ...എന്റെ അവാർഡ് എന്റെ അച്ഛന്റെ അവാർഡിന് സമീപം വയ്ക്കുമ്പോൾ അഭിമാനം തോന്നുന്നു....’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് വിജയരാഘവന്‍ ചിത്രം പങ്കിട്ടിരിക്കുന്നത്. ഒപ്പം തനിക്കും അച്ഛനും കിട്ടിയ അവാര്‍ഡിന്റെ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. പോസ്റ്റിനു താഴെ നിരവധി ആരാധകരാണ് കമന്റുകള്‍ കുറിക്കുന്നത്. ‘സത്യം പറ കുട്ടേട്ട, ഇത് പോലൊരു ദിവസം കുട്ടേട്ടന്‍ ആഗ്രഹിച്ചിരുന്നില്ലേ ?, പുലിക്ക് പിറന്നത് പൂച്ചയാവില്ലല്ലോ, അഞ്ഞൂറാനേ മറക്കാന്‍ പറ്റുമോ, ഇന്ന് കണ്ടതില്‍ വച്ച് ഏറ്റവും മികച്ച ഫോട്ടോ...’ എന്നതടക്കമാണ് കമന്റുകള്‍.

നാടകാചാര്യൻ, ഗാനരചയിതാവ്, സ്വാതന്ത്ര്യ സമര സേനാനി എന്നിങ്ങനെ വിശേഷണങ്ങള്‍ അനവധിയുള്ള എന്‍ എന്‍ പിള്ളയുടെ നാടകങ്ങള്‍ ഇരുപതാം നൂറ്റാണ്ടിലും പ്രാധാന്യമര്‍ഹിക്കുന്നതാണ്. സോഷ്യല്‍ മീഡിയയുടെ കാലത്തിനു മുമ്പേ വിട പറഞ്ഞെങ്കിലും ഇന്നും സോഷ്യലിസം, ഡെമോക്രസി, കമ്മൂണിസം ഇവ തമ്മിലുള്ള വ്യത്യസം പറഞ്ഞു കൊടുക്കുന്ന സംഭാഷണങ്ങളുടെ വിഡിയോയും ഗോഡ്ഫാദർ എന്ന സിനിമയിലെ എന്‍ എന്‍ പിള്ളയുടെ സംഭാഷണവും രംഗങ്ങളും വൈറലാണ്. ഇന്നും മിമിക്രി താരങ്ങൾക്ക് വേദികളില്‍ കൈയടി കിട്ടുന്നതാണ് എന്‍ എന്‍ പിള്ളയുടെ ശബ്ദം. എൻ.എൻ. പിള്ള വിട പറഞ്ഞിട്ട് കാൽ നൂറ്റാണ്ട് ആയെങ്കിലും ലക്ഷക്കണക്കിന് നാടക പ്രേമികളുടെ മനസ്സിൽ തന്റെ ശക്തമായ നാടകങ്ങളിലൂടെ ഇന്നും ആ അതുല്യപ്രതിഭ ജീവിക്കുന്നു.

Ads by Google
Friday 26 Sep 2025 11.35 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW