-->
കൊല്ലം: ദേവസ്വംബോര്‍ഡിന്റെ അയ്യപ്പസംഗമവുമായി സഹകരിക്കുകയും എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതിന് പിന്നാലെ സമുദായ നേതാക്കളുമായി കൂടിക്കാഴ്ച നടത്താന്‍ ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ നെട്ടോട്ടം. എസ്എന്‍ഡിപി യോഗം നേതാവ് വെള്ളാപ്പള്ളി നടേശനുമായി ബിജെപി നേതാവ് വി. മുരളീധരന്‍ കൂടിക്കാഴ്ച നടത്തി.
വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വീട്ടിലാണ് കൂടിക്കാഴ്ച. ഇന്ന് രാവിലെയാണ് വി മുരളീധരനും വെള്ളാപ്പള്ളി നടേശനും കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്. സൗഹൃദസന്ദര്‍ശനം എന്നായിരുന്നു മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണം. അതേസമയം ശബരിമല വിഷയത്തില്‍ അടക്കം ബിജെപിയോട് അകല്‍ച്ച കാണിച്ച് നില്‍ക്കുന്ന എസ്എന്‍ഡിപിയെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമാണ് കൂടിക്കാഴ്ചയെന്നാണ് കരുതുന്നത്.
എന്‍എസ്എസും എസ്എന്‍ഡിപിയും നേരത്തേ സര്‍ക്കാരിന്റെ പിന്തുണയോടെ ദേവസ്വംബോര്‍ഡ് നടത്തിയ അയ്യപ്പസംഗമത്തോട് അനുകൂല നിലപാട് എടുത്തിരുന്നു. പരിപാടിയിലേക്ക് മുഖ്യമന്ത്രിയുടെ കാറിലായിരുന്നു വെള്ളാപ്പള്ളി എത്തിയത്. കോണ്‍ഗ്രസിനെയും ബിജെപിയെയും രണ്ടു സംഘടനകള്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതിനൊപ്പം ആഗോള അയ്യപ്പസംഗമത്തിന് ബദലായി പന്തളത്ത് ഹിന്ദു ഐക്യവേദി നടത്തിയ വിശ്വാസിസംഗമത്തില്‍ എതിര്‍പ്പ് പറയുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കൂടിക്കാഴ്ചയെന്നാണ് സൂചനകള്‍.
നേരത്തേ ശബരിമല ആചാരസംരക്ഷണത്തിനായി നിയമനിര്‍മ്മാണം നടത്തുമെന്ന് പറഞ്ഞ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം ഇതുവരെ ചെയ്തിട്ടില്ലെന്ന്്് എന്‍എസ്എസ് വിമര്‍ശിച്ചിരുന്നു. എന്നാല്‍ കോടതിയില്‍ ഇരിക്കുന്ന കേസില്‍ ഇപ്പോള്‍ നിയമം കൊണ്ടുവരാന്‍ കഴിയില്ലെന്നും ശരിയായ സമയത്ത് ഭരണഘടന അനുവദിക്കുന്നത് അനുസരിച്ച നിയമനിര്‍മ്മാണം നടത്തുന്ന കാര്യം പരിശോധിക്കുമെന്നാണ് വി.മുരളീധരന്‍ നല്‍കിയ മറുപടി.
ശബരിമലയുടെ കാര്യത്തില്‍ എന്‍എസ്എസിനും തങ്ങള്‍ക്കും ഒരേ നിലപാടാണെന്ന് മുരളീധരന്‍ പറഞ്ഞു. നാമജപ ഘോഷയാത്രയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ എടുത്തിരിക്കുന്ന ഒരു കേസുപോലൂം പിന്‍വലിച്ചിട്ടില്ലെന്നും വി. മുരളീധരന്‍ പറഞ്ഞിരുന്നു.