Sunday, March 22, 2026 Last Updated 11 Min 35 Sec ago English Edition
Todays E paper
Ads by Google
Thursday 25 Sep 2025 04.48 PM

വയോസേവന അവാർഡുകൾ പ്രഖ്യാപിച്ചു ; നടി ഷീലയ്ക്കും ഗായിക പി കെ മേദിനിക്കും

vayosevana awards
photo - facebook

തിരുവനന്തപുരം : വയോസേവന അവാർഡുകൾ പ്രഖ്യാപിച്ചു. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ ആർ ബിന്ദു പ്രഖ്യാപിച്ചു. മലയാളത്തിന്റെ്‌ ആദ്യകാല ലേഡി സൂപ്പർ സ്റ്റാറും നിത്യഹരിത നായികയുമായ ഷീലയെയും പ്രശസ്ത ഗായിക പി കെ മേദിനിയെയും ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്ക്കാരങ്ങൾക്ക് തിരഞ്ഞെടുത്തു. ഒരു ലക്ഷം രൂപ വീതമാണ് ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്കാരത്തുക.

അറുപതുകളുടെ ആരംഭത്തിൽ സിനിമയിലെത്തിയ ശ്രീമതി ഷീല, രണ്ടു പതിറ്റാണ്ടിലേറെ കാലം വെള്ളിത്തിരയിൽ നിറസാന്നിദ്ധ്യമായിരുന്നു. ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ച താരജോഡിയെന്ന റെക്കോർഡ് പ്രേം നസീറിനൊപ്പം പങ്കിട്ടിരുന്നു. ഗായികയും സംഗീതജ്ഞയും എന്നതിനൊപ്പം പുന്നപ്ര വയലാർ സ്വാതന്ത്ര്യസമര സേനാനിയായും ചരിത്രത്തിൽ ഇടം നേടിയ പി കെ മേദിനി . വയോജനങ്ങള്‍ക്കിടയില്‍ മികച്ച സേവനം കാഴ്ചവെച്ചിട്ടുള്ള മുതിര്‍ന്ന പൗരന്മാര്‍, സര്‍ക്കാര്‍, സര്‍ക്കാര്‍ ഇതര വിഭാഗങ്ങള്‍, കലാകായിക മേഖലകളില്‍ മികവ് തെളിയിച്ച മുതിര്‍ന്ന പൗരന്മാര്‍ എന്നിവരെയാണ് വയോസേവന പുരസ്‌കാരത്തിന് തിരഞ്ഞെടുക്കുന്നത്.

മികച്ച കോർപ്പറേഷനുള്ള ഒരു ലക്ഷം രൂപയുടെ പുരസ്ക്കാരം ദക്ഷിണേഷ്യയിലെ ആദ്യ വയോജന സൗഹൃദ നഗരമായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച കൊച്ചി കോർപ്പറേഷനാണ്. ലോകാരോഗ്യ സംഘടന ജനീവയിൽ നടത്തിയ ലീഡർഷിപ്പ് ഉച്ചകോടിയിലാണ് കൊച്ചിയ്ക്ക് അംഗീകാരം ലഭിച്ചിരുന്നത്.

പൊതുസ്ഥാപനങ്ങളിലും സർക്കാർ ഓഫീസുകളിലും വയോജന സൗഹൃദ സൗകര്യങ്ങൾ ഏർപ്പെടുത്തിയതടക്കമുള്ള പ്രവർത്തനമികവിന് – ആരോഗ്യകേന്ദ്രങ്ങളിൽ വയോജന സൗഹൃദ പ്രവേശന മാർഗ്ഗങ്ങൾ, കാത്തിരിപ്പ് മുറികൾ, ഇരിപ്പിട സൗകര്യങ്ങൾ, കുടിവെള്ള സൗകര്യം, ശുചിമുറികൾ തുടങ്ങിയവ സജ്ജമാക്കി – മികച്ച ജില്ലാ പഞ്ചായത്തിനുള്ള ഒരു ലക്ഷം രൂപയുടെ പുരസ്കാരം കാസറഗോഡ് നേടി.

വാതിൽപ്പടി സേവനത്തിലും കുടുംബശ്രീ സംവിധാനം ഉപയോഗപ്പെടുത്തുന്നതിലും ഉള്ള മികവോടെ വയോജന സൗഹൃദ നഗരസഭയായി പ്രവർത്തിക്കുന്ന നെടുമങ്ങാട് നഗരസഭയെ മികച്ച മുനിസിപ്പാലിറ്റിയായി തിരഞ്ഞെടുത്തു. ഒരു ലക്ഷം രൂപയാണ് പുരസ്‌കാരം.

മൊബൈൽ ആരോഗ്യക്ലിനിക്ക് സേവങ്ങൾ എത്തിക്കുകയും വയോജനങ്ങൾക്ക് വിജ്ഞാനത്തിനും വിനോദത്തിനും ഹാപ്പിനെസ്സ് കോർണർ സജ്ജമാക്കുകയും ചെയ്‌തതടക്കമുള്ള പ്രവർത്തനങ്ങൾക്ക് മാനന്തവാടിയെ മികച്ച ബ്ലോക്ക് പഞ്ചായത്തായും (ഒരു ലക്ഷം രൂപ പുരസ്‌കാരം), വയോജനങ്ങൾക്ക് സൗജന്യ ഡയാലിസിസ്, വാർഡുകളിൽ വയോജന ക്ലബ്ബ്, വയോജന പാർക്ക് തുടങ്ങിയവ സ്ഥാപിച്ച ഒളവണ്ണയെ മികച്ച ഗ്രാമപഞ്ചായത്തായും (ഒരു ലക്ഷം രൂപ പുരസ്‌കാരം) തിരഞ്ഞെടുത്തു.

മികച്ച എൻജിഒക്കുള്ള പുരസ്ക്കാരം, വയോജനങ്ങൾക്കായി മെഡിക്കൽ ക്യാമ്പുകൾ, ഫിസിയോ തെറാപ്പി കേന്ദ്രങ്ങൾ, കൗൺസലിംഗ് സേവനങ്ങൾ, ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന റെസിഡൻഷ്യൽ കെയർ ഹോമുകൾ എന്നിവ നടത്തിവരുന്ന കണ്ണൂരിലെ ദയ റീഹാബിലിറ്റേഷൻ ട്രസ്റ്റിനു കീഴിലുള്ള ഖിദ്‌മ തണൽ സ്നേഹവീടിനാണ്. അര ലക്ഷം രൂപയാണ് പുരസ്കാരം.

നാഷണൽ സർവീസ് സ്‌കീം സന്നദ്ധപ്രവർത്തകരെ വൃദ്ധസദനങ്ങളുമായി സംയോജിപ്പിച്ച് ‘തിരികെ’ എന്ന ജില്ലാതല പദ്ധതിയും, വയോജനങ്ങൾക്ക് സാമൂഹ്യ ഉൾച്ചേർക്കലും ഉപജീവനം മെച്ചപ്പെടുത്തലും ഉറപ്പാക്കുന്ന ‘കൂടെ’ പദ്ധതിയും പോലുള്ള മികവാർന്ന പ്രവർത്തനങ്ങൾക്ക്, മികച്ച മെയിന്റനൻസ് ട്രിബ്യൂണലിനുള്ള പുരസ്കാരം തൃശൂർ മെയിന്റനൻസ് ട്രിബ്യൂണൽ നേടി. അര ലക്ഷം രൂപയാണ് പുരസ്കാരം.

മികച്ച മാലിന്യസംസ്കരണ പ്രവർത്തനത്തിന് കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ അംഗീകാരം നേടിയ, മാതൃകാ സായംപ്രഭാ പദ്ധതിയിൽ മികച്ച പ്രകടനം കാഴ്ച വെച്ച, കോഴിക്കോട് കോർപ്പറേഷനു കീഴിലെ കുണ്ടൂപ്പറമ്പ് സായംപ്രഭാ ഹോമിനാണ് മികച്ച സർക്കാർ വൃദ്ധസദനം/സായംപ്രഭാ ഹോം മേഖലയ്ക്കുള്ള പുരസ്കാരം. അര ലക്ഷം രൂപയാണ് സമ്മാനം.

കല-സാഹിത്യം-സംസ്‌കാരം മേഖലയിൽ വിഖ്യാത കഥാപ്രസംഗ കലാകാരനായ ശ്രീ. തൃക്കുളം കൃഷ്‌ണൻകുട്ടിയെയും, പൂതംകളി കലാരംഗത്തെ സജീവ സാന്നിദ്ധ്യമായ അമ്പലപ്പടിക്കൽ നാരായണനെയും പുരസ്‌ക്കാരത്തിന് തിരഞ്ഞെടുത്തു. കാൽ ലക്ഷം രൂപ വീതമാണീ പുരസ്കാരങ്ങൾ.

കായിക മേഖലയിലെ മികവിന് ഇന്റർനാഷണൽ മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് അയോദ്ധ്യ, നാഷണൽ മാസ്‌റ്റേഴ്‌സ് ഗെയിംസ് ധർമ്മശാല തുടങ്ങി ഒട്ടേറെ കായിക അരങ്ങുകളിൽ മെഡലുകൾ സ്വന്തമാക്കിയ ശ്രീ. ഇരവി ഗോപാലകൃഷ്ണൻ, ബ്റൂണെ മാസ്‌റ്റേഴ്‌സ് ഓപ്പൺ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്, മലേഷ്യൻ ഇന്റർനാഷണൽ മാസ്‌റ്റേഴ്‌സ് ഓപ്പൺ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്, ഗോവ റിവർ മാരത്തൺ ചാമ്പ്യൻഷിപ്പ് തുടങ്ങി നിരവധി അന്താരാഷ്ട്ര കായികവേദികളിൽ സമ്മാനിതനായ ശ്രീ. വി വാസു എന്നിവർക്ക് പുരസ്ക്കാരം നൽകും. കാൽ ലക്ഷം രൂപ വീതമാണീ പുരസ്കാരങ്ങളും.

വയോജനമേഖലയിൽ ശ്ലാഘനീയമായി സേവനം കാഴ്ചവെച്ചിട്ടുള്ള മുതിർന്ന പൗരൻമാർക്കും, വിവിധ സർക്കാർ -സർക്കാരിതര വിഭാഗങ്ങൾക്കും കലാകായിക സാംസ്കാരിക മേഖലകളിൽ മികവ് തെളിയിച്ച മുതിർന്ന പൗരന്മാർക്കും സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള വയോസേവന അവാർഡുകളാണ് മന്ത്രി ഡോ. ആർ ബിന്ദു വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചത്.

ക്യാഷ് അവാർഡിനൊപ്പം പ്രശസ്തിപത്രവും മെമൻ്റോയും ഉൾപ്പെട്ടതാണ് പുരസ്ക്കാരങ്ങൾ. ഒക്ടോബർ മൂന്നിന് തൃശൂരിൽ നടക്കുന്ന സംസ്ഥാനതല വയോജനദിനാചരണ ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.

Ads by Google
Thursday 25 Sep 2025 04.48 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW