-->
‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ എന്ന ഫാസില്‍ ചിത്രത്തിലെ ഗേളി എന്ന തന്റെ ആദ്യ കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് നദിയ മൊയ്തു. പിന്നീടിങ്ങോട്ട് നദിയ ഒരു തരംഗമായി മാറുകയായിരുന്നു. തൊണ്ണൂറുകളിൽ മലയാളത്തിന്റെ ഫാഷൻ സിമ്പലായിരുന്നു നദിയ. നദിയയുടെ ഹെയര്‍സ്റ്റൈലുകളും ഔട്ട്ഫിറ്റുകളും മേക്കപ്പുമൊക്കെ അക്കാലത്ത് ഒരുപാട് പേര്‍ അനുകരിച്ചിട്ടുണ്ട്. മലയാളത്തിലും തമിഴിലുമടക്കം നിരവധി മികച്ച കഥാപാത്രങ്ങള്‍ നദിയ സമ്മാനിച്ചിട്ടുണ്ട്.
സിനിമയില്‍ തിളങ്ങി നിന്നിരുന്ന കാലത്താണ് വിവാഹിതയായി നദിയ സിനിമാരംഗം വിട്ടത്. പിന്നീട് മലയാളികള്‍ നെഞ്ചേറ്റിയ താരം തിരിച്ചുവന്നത് മലയാളത്തിലും തരംഗം സൃഷ്ടിച്ച എം കുമരന്‍, സണ്‍ ഓഫ് മഹാലക്ഷ്മി എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു. പിന്നീടിങ്ങോട്ട് അമ്മ വേഷങ്ങളടക്കം സെലക്ടീവായ കഥാപാത്രങ്ങള്‍ ചെയ്ത് താരം പ്രേക്ഷകര്‍ക്കൊപ്പമുണ്ട്. 58 വയസ്സായിട്ടും ഇന്നും നദിയയ്ക്ക് മുപ്പതിന്റെ ചെറുപ്പമാണ്. താരം പങ്കിടുന്ന ചിത്രങ്ങള്‍ക്ക് താഴെ മിക്ക ആരാധകരും നല്‍കുന്ന കമന്റുകളും സൗന്ദര്യത്തെക്കുറിച്ചാണ്. സോഷ്യല്‍ മീഡിയയിലും സജീവമായ താരം പങ്കിടുന്ന പോസ്റ്റുകളും ചിത്രങ്ങളുമെല്ലാം വളരെ വേഗത്തില്‍ തരംഗമാകാറുണ്ട്.
ഇപ്പോഴിതാ നവരാത്രി ദിനങ്ങള്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള ഒരു റീല്‍സാണ് താരം പങ്കുവച്ചിരിക്കുന്നത്. സെലിബ്രിറ്റി ട്രെയിനറും കൊറിയോഗ്രഫറുമായ ചാർവി ഭരദ്വാജിനൊപ്പമുള്ള നവരാത്രി ഗര്‍ബ നൃത്തമാണ് നദിയ പങ്കിട്ടിരിക്കുന്നത്. ‘നവരാത്രി വൈബ്സ്...’ എന്ന ക്യാപ്ഷനൊപ്പം താരം പങ്കിട്ട നൃത്തവീഡിയോ ഏറ്റെടുക്കുകയാണ് ആരാധകര്‍. സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയ ഗുജറാത്തി ഗാനം ഖലാസി ‘ഇവോ കോൻ ഛേ ഖലാസി മാനേ കൈദോനേ...’ എന്ന പാട്ടിനാണ് നദിയ ചുവടു വയ്ക്കുന്നത്. വളരെ അനായാസമായി, സുന്ദരിയായി, ചടുലമായി ഗര്‍ബ ചെയ്യുന്ന നദിയയുടെ വീഡിയോ ഏറ്റെടുക്കുകയാണ് ആരാധകര്‍. ഈ പ്രായത്തിലും ഗ്രേസും വൈബും ഒട്ടും കുറഞ്ഞിട്ടില്ല എന്നതടക്കമാണ് കമന്റുകള്‍.