-->
ന്യൂഡല്‍ഹി: ഇന്നു പ്രാബല്യത്തില്‍ വരുന്ന ജി.എസ്.ടി. പരിഷ്‌കരണം രാജ്യത്തെ സാധാരണക്കാര്‍ക്കു നേട്ടമാകുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. 'ജി.എസ്.ടി. സമ്പാദ്യ' ഉത്സവത്തിനു തുടക്കമാകുകയാണ്. നികുതി ഭാരത്തില്‍നിന്നു ജനങ്ങള്‍ക്കു മോചനമാകും.
ജനങ്ങളുടെ സമ്പാദ്യം വര്‍ധിക്കും. രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും വേഗം കൂടും. പുതിയ ജി.എസ്.ടി. ഘടന ഇന്നു പ്രാബല്യത്തില്‍ വരാനിരിക്കെ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന് നവരാത്രി ആശംസകള്‍ നേര്‍ന്നുകൊണ്ട് പ്രധാനമന്ത്രി തന്റെ പ്രസംഗം ആരംഭിച്ചത്. ജി.എസ്.ടി. പരിഷ്‌കരണത്തിനു തുടര്‍ച്ചയുണ്ടാകുമെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു.
'ശക്തിയെ ആരാധിക്കുന്നതിനുള്ള ഉത്സവം, നവരാത്രി ആരംഭിക്കുകയാണ്. നിങ്ങള്‍ക്കെല്ലാവര്‍ക്കും ആശംസകള്‍. നവരാത്രിയുടെ ആദ്യ ദിവസം, രാജ്യം ആത്മനിര്‍ഭര്‍ ഭാരതിലേക്ക് ഒരു വലിയ ചുവടുവെയ്പ്പു കൂടി നടത്തുകയാണ്.
അടുത്ത തലമുറ ജി.എസ്.ടി. പരിഷ്‌കാരങ്ങള്‍ തുടങ്ങുന്നു. ജി.എസ്.ടി. സേവിങ്‌സ് ഉത്സവം ആരംഭിക്കാന്‍ പോകുന്നു. നിങ്ങളുടെ സമ്പാദ്യം വര്‍ധിക്കും. നിങ്ങളുടെ പ്രിയപ്പെട്ട ഇനങ്ങള്‍ ഇനി എളുപ്പത്തില്‍ വാങ്ങാന്‍ കഴിയും. പാവപ്പെട്ടവര്‍, മധ്യവര്‍ഗം, യുവാക്കള്‍, സ്ത്രീകള്‍, വ്യാപാരികള്‍ എന്നിവര്‍ക്കു ജി.എസ്.ടി. പരിഷ്‌കാരങ്ങളില്‍ നിന്ന് വളരെയധികം നേട്ടമുണ്ടാകും.
പരിഷ്‌കാരങ്ങള്‍ ഭാരതത്തിന്റെ വളര്‍ച്ച വേഗത്തിലാക്കും. ബിസിനസ് നടപടികള്‍ എളുപ്പത്തിലാക്കും. കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കും. രാജ്യത്തിന്റെ വികസനത്തില്‍ ഓരോ സംസ്ഥാനവും തുല്യ പങ്കാളിയാകുമെന്ന് ഉറപ്പാക്കുകയും ചെയ്യും.'-പ്രധാനമന്ത്രി പറഞ്ഞു.
ജി.എസ്.ടിയില്‍ ഇന്നു മുതല്‍ 5, 18 ശതമാനം സ്ലാബുകള്‍ മാത്രമാകും. ആഡംബര വസ്തുക്കളും പുകയില ഉത്പ്പന്നങ്ങളടക്കമുള്ള 'പാപ വസ്തുക്ക'ളും ഒഴികെയുള്ള എല്ലാ ഇനങ്ങളും ഈ രണ്ടു സ്ലാബില്‍ ഉള്‍പ്പെടും. 12, 18 ശതമാനം സ്ലാബുകള്‍ എടുത്തുകളഞ്ഞു. നിരവധി ഉല്‍പ്പന്നങ്ങളെ ജി.എസ്.ടിയില്‍നിന്ന് ഒഴിവാക്കുകയും താഴ്ന്ന സ്ലാബിലേക്കു മാറ്റുകയും ചെയ്തതിനാല്‍ നിത്യോപയോഗ സാധനങ്ങള്‍ക്കടക്കം വില കുറയും.
2017 ല്‍ ജി.എസ്.ടി. കൊണ്ടുവരാനുള്ള തന്റെ സര്‍ക്കാരിന്റെ തീരുമാനം ചരിത്രപരമായ നീക്കമായിരുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. 'പതിറ്റാണ്ടുകളായി, ജനങ്ങള്‍ വ്യത്യസ്ത നികുതികളുടെ വലയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ദേശീയ താല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് ഞങ്ങള്‍ ജി.എസ്.ടിക്കു മുന്‍ഗണന നല്‍കിയത്. സംസ്ഥാനങ്ങളുടെ ആശങ്കകള്‍ പരിഹരിച്ചു. എല്ലാ സംസ്ഥാനങ്ങളുടെയും പിന്തുണയോടെ, ഈ വലിയ നികുതി പരിഷ്‌കരണം നടപ്പാക്കാന്‍ കഴിയും.
പരിഷ്‌കരണം ഒരു തുടര്‍പ്രക്രിയയാണ്. കാലം മാറുമ്പോള്‍, രാജ്യത്തിന്റെ ആവശ്യങ്ങളും മാറും. രാജ്യത്തിന്റെ നിലവിലെ പരിഷ്‌കാരങ്ങള്‍ മനസില്‍വെച്ചുകൊണ്ട്, പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുകയാണ്. ഒരു രാജ്യം ഒരു നികുതി എന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കപ്പെടുകയാണ്.
99 ശതമാനം വസ്തുക്കളും 5 ശതമാനം സ്ലാബില്‍ വരും. കാപ്പി, നെയ്യ്, ബിസ്‌ക്കറ്റ്, എണ്ണ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ക്ക് ഇന്നു മുതല്‍ വിലകുറയും. പുതിയ കാറുകള്‍ക്കു വില കുറയും. മെഡിക്കല്‍ ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കുള്ള പ്രീമിയങ്ങളും കുറയും. ഉത്സവ സീസണില്‍ പൊതുജന ഉപഭോഗം വര്‍ധിപ്പിക്കാന്‍ ഈ നീക്കം സഹായിക്കും.
ഈ വര്‍ഷം ആദ്യം പ്രഖ്യാപിച്ച ആദായനികുതി ആനുകൂല്യങ്ങളും ഇപ്പോഴത്തെ ജി.എസ്.ടി. പരിഷ്‌കാരങ്ങളും 'ഇരട്ട നേട്ട'മാണ്. ആദായനികുതി, ജി.എസ്.ടി. ഇളവുകള്‍ ഒന്നിച്ചെടുത്താല്‍ പൊതുജനങ്ങളുടെ ലാഭം 2.5 ലക്ഷം കോടി രൂപയാണ്. നമ്മള്‍ എല്ലാ വീടുകളെയും ഒരു സ്വദേശി ചിഹ്‌നമാക്കി മാറ്റണം. എല്ലാ കടകളും സ്വദേശി ഉല്‍പ്പന്നങ്ങള്‍ കൊണ്ട് അലങ്കരിക്കണം. അഭിമാനത്തോടെ പറയുക, 'ഞാന്‍ സ്വദേശി വാങ്ങുന്നു, ഞാന്‍ സ്വദേശി വില്‍ക്കുന്നു. ഇതായിരിക്കണം ഓരോ ഇന്ത്യക്കാരന്റെയും മാനസികാവസ്ഥ.-പ്രധാനമന്ത്രി പറഞ്ഞു.
'നാഗരിക് ദേവോ ഭവ'
പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ 'നാഗരിക് ദേവോ ഭവ', 'നവ മധ്യവര്‍ഗ്', 'ബചത് ഉത്സവ്' മൂന്നു വാക്കുകള്‍ ശ്രദ്ധനേടി. സാമ്പത്തിക പിന്നാക്കാവസ്ഥയില്‍നിന്നു കൂടുതല്‍ ഉയര്‍ന്ന സാമൂഹിക-സാമ്പത്തിക സ്ഥിതിയിലേക്ക് വളരുന്ന ജനവിഭാഗത്തെ വിശേഷിപ്പിക്കാനാണ് മോദി 'നവ മധ്യവര്‍ഗ്' എന്ന പദം ഉപയോഗിച്ചത്. രാജ്യത്ത് 24 കോടിയിലധികംപേര്‍ 'നവ മധ്യവര്‍ഗ'ത്തില്‍ ഉള്‍പ്പെടെമെന്നാണു കണക്ക്. നാഗരിക് ദേവോ ഭവയിലൂടെ രാജ്യത്തെ പൗരന്മാര്‍ക്കു വേണ്ടിയാണ് പുതിയ പരിഷ്‌കാരമെന്നൃം മോദി സൂചിപ്പിച്ചു.
ജനങ്ങളാണ് ദൈവമെന്നും അദ്ദേഹം പറഞ്ഞു. നിത്യോപയോഗ സാധനങ്ങളുടെ വിലകുറയുന്നതിലൂടെ ജനങ്ങളുടെ സമ്പാദ്യം ഉയരാന്‍ ജി.എസ്.ടി. പരിഷ്‌കരണം വഴിതെളിക്കുമെന്നാണ് 'ബച്ചത് ഉത്സവ്' പ്രയോഗം സൂചിപ്പിക്കുന്നത്.