-->
ആക്ഷന്‍ സിനിമകളെക്കുറിച്ച് പറയുമ്പോള്‍ മലയാളികളുടെ മനസിലേക്ക് ആദ്യമെത്തുന്ന പേരുകളിലൊന്നാണ് ഷാജി കൈലാസ്. ആക്ഷന്‍ ത്രില്ലര്‍ ചിത്രങ്ങളില്‍ തന്റേതായ ഒരു കൈയൊപ്പ് നല്‍കി പ്രേക്ഷകരുടെ മനസ്സിലിടം നേടിയ ഷാജി കൈലാസിന്റെ ചിത്രങ്ങള്‍ എന്നും റിപ്പീറ്റഡ് വാല്യൂവുള്ളതാണ്. ഷാജിയുടെ പുത്തന്‍ ചിത്രങ്ങള്‍ക്ക് ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
ഷാജി കൈലാസിന്റെ ഏറ്റവും പുതിയ ചിത്രം മലയാള സിനിമയിലെ കരുത്തുറ്റ നടനായ ജോജു ജോര്‍ജിനെ നായകനാക്കിയൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമായ ‘വരവ്’ ആണ്. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ടൈറ്റില്‍ ലോഞ്ച് ചെയ്തത്. ‘റിവഞ്ച് ഈസ് നോട്ട് എ ഡേര്‍ട്ടി ബിസിനസ്’ എന്ന ടാഗ്ലൈനുമായി എത്തിയിരിക്കുന്ന പോസ്റ്റര്‍ തന്നെ ചിത്രമൊരു മാസ് ആക്ഷന്‍ എന്റര്‍ടെയ്നര്‍ വാഗ്ദാനം ചെയ്യുന്നു.
ഇപ്പോഴിതാ ഈ സിനിമയില്‍ തനിക്കൊപ്പം അസിസ്റ്റന്റായി മകന്‍ റുഷിനും ഉണ്ടാകുമെന്ന് സന്തോഷത്തോടെ കുറിക്കുകയാണ് ഷാജി കൈലാസ്. ‘വരവി’ലാണ് റുഷിന്‍ അച്ഛനൊപ്പം അസിസ്റ്റന്റാകുന്നത്. മകന്‍ ഒപ്പം ചേരുന്നതിന്റെ സന്തോഷത്തിനൊപ്പം ആശംസയും കുറിക്കുന്നുണ്ട് ഷാജി കൈലാസ്. ഷാജി കൈലാസ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഈ സന്തോഷം പങ്കിട്ടിരിക്കുന്നത്.
‘‘ഞങ്ങളുടെ മകന്‍ റുഷിന്‍ ഞങ്ങളുടെ പുതിയ സിനിമയായ വരവില്‍ അസിസ്റ്റന്റ് ഡയറക്ടറായി ജോയിന്‍ ചെയ്തു. നിന്റെ പാത ജ്ഞാനത്താല്‍ പ്രകാശിക്കട്ടെ, നിന്റെ ഹൃദയം ധൈര്യത്താല്‍ നിറയട്ടെ, നിന്റെ ആത്മാവ് സത്യസന്ധതയാല്‍ നയിക്കപ്പെടട്ടെ. നിന്റെ പുതിയ യാത്രയില്‍ വലിയ വിജയവും പൂര്‍ത്തീകരണവും കൈവരിക്കട്ടെ...ആത്മവിശ്വാസത്തോടെ നടക്കുക....’’ എന്നാണ് മകനെ വെള്ളിത്തിരയിലേക്ക് സ്വാഗതം ചെയ്ത് മകനൊപ്പമുള്ള ചിത്രം പങ്കിട്ട് ഷാജി കൈലാസ് കുറിച്ചത്.
മലയോര മേഖലയുടെ പശ്ചാത്തലത്തിലൂടെ ഒരുങ്ങുന്ന ചിത്രമാണത്. ഹൈറേഞ്ച് മലനിരകളില്‍ ഒറ്റയാൾ പോരാട്ടം നടത്തിപ്പോരുന്ന ഒരു ടീ എസ്റ്റേറ്റ് പ്ലാന്ററുടെ സാഹസ്സികമായ ജീവിത കഥയാണ് ‘വരവ്’. ഹൈറേഞ്ചില്‍ താമസിക്കുന്ന പോളി എന്ന പോളച്ചന്റെ ജീവിതമാണ് ചിത്രം പറയുന്നത്. കഠിനാധ്വാനത്തിലൂടെ സമ്ബത്തും പേരുമെല്ലാം ആവശ്യത്തിലധികം നേടിയ പോളച്ചന് ഒരു നിര്‍ണായക ഘട്ടത്തില്‍ വീണ്ടും ഒരു വരവിനിറങ്ങേണ്ടി വരുന്നു. ആ വരവില്‍ ആവട്ടെ, ചില പ്രതികാരങ്ങള്‍ തീര്‍ക്കേണ്ടി വരുന്നു. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എ.കെ. സാജനാണ്. ഓള്‍ഗാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസി റെജിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.