-->
കല്‍പ്പറ്റ: വോട്ടുമോഷണ ആരോപണം ഉന്നയിച്ച് വലിയ വാര്‍ത്താസമ്മേളനം നടത്തിയതിന് പിന്നാലെ കേന്ദ്രപ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയും മാതാവും കോണ്‍ഗ്രസിന്റെ മുന്‍ അദ്ധ്യക്ഷയായ സോണിയാഗാന്ധിയും വയനാട്ടില്‍. ഇന്ന് രാവിലെ പത്തുമണിയോടെ കരിപ്പൂരില്‍ വിമാനമിറങ്ങിയ ഇരുവരും ഹെലികോപ്റ്ററില്‍ പടിഞ്ഞാറേത്തറ സ്‌കൂളിന്റെ ഗ്രൗണ്ടിലെ ഹെലിപാഡില്‍ ഇറങ്ങി.
സ്വകാര്യ സന്ദര്‍ശനത്തിനും പരിപാടികള്‍ക്കുമായിട്ടാണ് ഇരുവരും എത്തിയത്. സോണിയാഗാന്ധി ഏതാനും ദിവസമായി മണ്ഡലത്തില്‍ തന്നെയുണ്ട്. കെപിസിസി അദ്ധ്യക്ഷന്‍ സണ്ണിജോസഫ്, കെ.സി. വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഇരുവരേയും സ്വീക രിക്കാന്‍ എത്തിയിരുന്നു. രണ്ടുപേരും ഇന്നും നാളെയും വയനാട്ടില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. പ്രിയങ്ക നേരത്തേ തന്നെ ഇവിടെ മണ്ഡലപര്യടനം നടത്തിവരികയാണ്. വോട്ടുമോഷണവുമായി ബന്ധപ്പെട്ട് ഇന്നലെ വലിയ വാര്‍ത്താസമ്മേളനം രാഹുല്‍ നടത്തിയിരുന്നു.
പ്രിയങ്കാഗാന്ധി മത്സരിക്കാന്‍ എത്തുന്നതിന് മുമ്പ് രാഹുല്‍ഗാന്ധിയായിരുന്നു വയനാട്ടിലെ എംപി. ഇതിനെതിരേ ബിജെപി രംഗത്ത് വരികയും ചെയ്തി ട്ടുണ്ട്. രാഹുല്‍ നാട്ടില്‍ കലാപം ഉണ്ടാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ഭരണഘടനാസ്ഥാപനങ്ങളെ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന രാഹുലിനെതിരേ കേസെടുക്കണമെന്നുമാണ് ബിജെപി ആവശ്യപ്പെടുന്നത്.
കര്‍ണാടകയിലെ കോണ്‍ഗ്രസ് അനുകൂല മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ 6018 വോട്ടുകള്‍ ഡിലീറ്റ് ചെയ്‌തെന്ന ആരോപണം ഇന്നലെ രാഹുല്‍ നടത്തിയിരുന്നു. കോണ്‍ഗ്രസിന് പ്രാമുഖ്യമുള്ള മണ്ഡലത്തില്‍ വോട്ടുകള്‍ ഇല്ലാതാക്കുകയും കാര്യങ്ങള്‍ ബിജെപിയ്ക്ക് അനുകൂലമാക്കാന്‍ ഇല്ലാത്തവരെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്നതായിട്ടാണ് ഇന്നലെ രാഹുല്‍ ആരോപിച്ചത്. ആരോപണങ്ങള്‍ നിഷേധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപയും രംഗത്ത് വരികയും ചെയ്തിട്ടുണ്ട്്.