-->
വിറ്റിലിഗോ രോഗാവസ്ഥയിലൂടെ കടന്നുപോകുന്ന യുവാവിന്റെ കഥ പറയുന്ന തലവര എന്ന ചിത്രത്തെ പ്രശംസിച്ച് സാമൂഹമാധ്യമത്തില്‍ കുറിപ്പ് പങ്കുവെച്ച് നടി മംമ്ത മോഹന്‍ദാസ്.
ഏറെക്കാലമായി കാത്തിരുന്ന സൂപ്പര്‍ ഹീറോയിന്‍ ചിത്രങ്ങളെ ആഘോഷിക്കുന്നതിനിടെ നിരവധി സൂപ്പര്‍ ഹീറോകളുടെയും ഹീറോയിനുകളുടെയും ജീവിതത്തെ പ്രതിനിധീകരിക്കുന്നവരുടെ കഥാപാത്രത്തെ അവതരിപ്പിച്ച ഹീറോയിലേക്കുകൂടി നിങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞാണ് മംമ്ത കുറിപ്പ് പങ്കുവെച്ചത്.
തലവര ചെയ്യാന്‍ തീരുമാനിച്ച അര്‍ജുന്‍ അമശാകനും പുതുമുഖ സംവിധായകന്‍ കൂടിയായ അഖില്‍ അനില്‍കുമാറിനും മംമ്ത നന്ദി പറയുന്നുണ്ട്. ആരുടെയും വികാരങ്ങളെ വേദനിപ്പിക്കാതെ ലളിതവും ആസ്വാദ്യകരവുമായി ചിത്രം എടുത്തതിനെയും മംമ്ത പ്രശംസിക്കുന്നുണ്ട്. നമുക്ക് ചുറ്റും ജീവിക്കുന്ന എല്ലാ പാണ്ടകള്‍ക്കും കൂടുതല്‍ കരുത്ത് ലഭിക്കട്ടെയെന്നും മംമ്ത കുറിക്കുന്നുണ്ട്.
ഷെബിന്‍ ബക്കറും മഹേഷ് നാരായണനും ചേര്‍ന്ന് നിര്‍മിച്ച് അഖില്‍ അനില്‍കുമാറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് തലവര. ചിത്രത്തില്‍ വിറ്റിലിഗോ രോഗാവസ്ഥയുളള ഒരു യുവാവിന്റെ ജീവിതവും പ്രണയവുമൊക്കെയാണ് അര്‍ജുന്‍ അശോകന്‍ അവതരിപ്പിച്ചിരിക്കുന്നത്.
വിറ്റിലിഗോ രോഗത്തെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് താനെന്ന് നടി മംമ്ത മോഹൻദാസ് നേരത്തേ പറഞ്ഞിരുന്നു. ലോക വിറ്റിലിഗോ ദിനത്തിൽ തൊലിയുടെ നിറംമാറിയ തന്റെ കൈയുടെ ചിത്രവും താരം പോസ്റ്റ് ചെയ്യുകയുണ്ടായി.