-->
ഗ്ലോബല്‍ താരം പ്രിയങ്ക ചോപ്ര മോഡലിംഗിലൂടെ ബോളിവുഡിലെത്തി താരറാണിയായി മാറിയ അഭിനേത്രിയാണ്. ഹോളിവുഡിലും പ്രശസ്തി നേടിയതോടെയാണ് പ്രിയങ്കയ്ക്ക് വിദേശയാത്രകള്‍ കൂടുതലായി വന്നു തുടങ്ങിയത്. ആ യാത്രകളിലൂടെയാണ് അമേരിക്കന്‍ പോപ്പ് ഗായകന്‍ നിക്ക് ജൊനാസുമായി പ്രിയങ്ക സൗഹൃദത്തിലായതും പിന്നെ പ്രണയിച്ചതും. നിക്കിന്റെ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പ്രത്യേക അതിഥിയായി പ്രിയങ്ക എത്തിയതോടെയാണ് ഇവരുടെ പ്രണയം പരസ്യമായത്.
ദീർഘനാളത്തെ പ്രണയത്തിനു ശേഷമാണ് നിക്കും പ്രിയങ്കയും ജോധ്പൂരിൽ ഉമൈദ് ഭവൻ കൊട്ടാരത്തിൽ വച്ച് വിവാഹിതരായി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങുകള്‍ ക്രിസ്തീയ ആചാരപ്രകാരവും പിന്നീട് പഞ്ചാബി ശൈലിയിലും നടത്തിയിരുന്നു. പ്രിയങ്കയെക്കാൾ 10 വയസ്സ് പ്രായം കുറഞ്ഞ നിക്കിനെ വിവാഹം ചെയ്തത് പിന്നീട് വിമർശനങ്ങൾക്ക് കാരണമായി. പിന്നീട് താരദമ്പതികൾ വാടക ഗർഭധാരണത്തിലൂടെ കുഞ്ഞിനെ സ്വന്തമാക്കിയതും വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. എന്നാൽ അതിനെയെല്ലാം അതിജീവിച്ച് അവരുടെ പ്രണയം തുടരുകയാണ് താരദമ്പതിമാര്‍.
ഇപ്പോഴിതാ നിക്ക് ജൊനാസിന് ഹൃദയത്തില്‍ ചാലിച്ച ജന്മദിനാശംസകള്‍ പങ്കിടുകയാണ് ഭാര്യയും അഭിനേത്രിയുമായ പ്രിയങ്ക ചോപ്ര ജൊനാസ്.
‘‘എന്റെ പ്രിയനേ, ഇന്ന് നിന്നെ ആഘോഷിക്കുമ്പോൾ, വർഷങ്ങളായി നിങ്ങളോടൊപ്പം ചെലവഴിക്കാൻ എനിക്ക് ഭാഗ്യമുണ്ടായ അത്ഭുതകരമായ സെപ്റ്റംബർ 16-ലെ ഓരോ നിമിഷവും ഞാൻ ഓർമ്മിക്കുന്നു. നിങ്ങളുമായി ജീവിതം പങ്കിടാൻ എനിക്ക് വളരെ നന്ദിയുണ്ട്. എല്ലാ ദിവസവും ഞങ്ങൾ നിങ്ങളെ ആഘോഷിക്കുന്നു. ഇതാ 2025–2018...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ഇതുവരെ ആരാധകര്‍ കാണാത്ത ഏറ്റവും പ്രണയം നിറഞ്ഞ ചിത്രങ്ങളുടെ പരമ്പര പ്രിയങ്ക പങ്കിട്ടിരിക്കുന്നത്.
ഗ്ലാമറസ് പൊതുപരിപാടികൾ മുതൽ വീട്ടിലെ അടുപ്പമുള്ള നിമിഷങ്ങൾ വരെ വർഷങ്ങളായി ഇരുവരും പ്രത്യേക നാഴികക്കല്ലുകൾ ആഘോഷിക്കുന്നതിന്റെ സ്നാപ്പ്ഷോട്ടുകൾ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പങ്കിട്ട ചിത്രങ്ങളിലൊന്നിൽ അവർ ഒരു റെസ്റ്റോറന്റിൽ നിക്കിന്റെ ജന്മദിനം ആഘോഷിക്കുന്നത് കാണാം. അവര്‍ പങ്കിടുന്ന കെമസ്ട്രിയെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമാണ് ആരാധകര്‍ കമന്റുകള്‍ കുറിക്കുന്നത്.