-->
ലക്‌നൗ: തെരുവ്‌നായ ആക്രമണവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ രാജ്യത്തുടനീളം വലിയ ചര്‍ച്ചയായി മാറുമ്പോള്‍ ഉത്തര്‍പ്രദേശിലെ അവയ്ക്ക് ഇനി കഠിനകാലം. മനുഷ്യരെ ആക്രമിക്കുന്ന നായകളെ ആജീവനാന്തം കൂട്ടിലാക്കാനാണ് ഉദ്ദേശം. സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ഉത്തരവ് പ്രകാരം, പ്രകോപനമില്ലാതെ മനുഷ്യനെ കടിക്കുന്ന നായകളെ 10 ദിവസത്തേക്ക് മൃഗസംരക്ഷണ കേന്ദ്രത്തില്‍ പാര്‍പ്പിക്കും. ഇത് രണ്ടാമതും ആവര്‍ത്തിച്ചാല്‍ നായകളെ അവയുടെ ജീവിതകാലം മുഴുവന്‍ കേന്ദ്രത്തില്‍ താമസിപ്പിക്കും.
നായകള്‍ക്ക് ജീവപര്യന്തം തടവുശിക്ഷയ്ക്ക് തുല്യമാണ് ഈ കാര്യം. അതേസമയം ആരെങ്കിലും മുമ്പോട്ട് വന്നാല്‍ തെരുവിന് ഒരിക്കലും വിട്ടുകൊടുക്കില്ലെന്ന് സത്യവാങ്മൂലം നല്‍കി നായയെ ദത്തെടുക്കാന്‍ നല്‍കും. ആക്രമണകാരികളായ നായകളെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പല്‍ സെക്രട്ടറി അമൃത് അഭിജാതാണ് ഉത്തരവ് നല്‍കിയിരിക്കുന്നത്. സെപ്റ്റംബര്‍ 10-ന് എല്ലാ ഗ്രാമീണ, നഗര തദ്ദേശ സ്ഥാപനങ്ങള്‍ക്കും ഉത്തരവ് കൈമാറിയിട്ടുണ്ട്.
തെരുവുനായയുടെ കടിയേറ്റ ശേഷം ആരെങ്കിലും പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ് എടുത്താല്‍, സംഭവം അന്വേഷിച്ച് നായയെ അടുത്തുള്ള മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. 'അവിടെയെത്തിയാല്‍, നായയെ വന്ധ്യംകരിക്കും. അതിനുശേഷം 10 ദിവസത്തേക്ക് നിരീക്ഷിക്കുകയും അവയുടെ സ്വഭാവം രേഖപ്പെടുത്തുകയും ചെയ്യും. പുറത്തുവിടുന്നതിന് മുന്‍പ്, നായയുടെ എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളുന്ന മൈക്രോചിപ്പ് ഘടിപ്പിക്കും. ഇത് നായയുടെ സ്ഥാനം കണ്ടെത്താനും സഹായിക്കും,' പ്രയാഗ്രാജ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ വെറ്ററിനറി ഓഫീസര്‍ ഡോ. ബിജയ് അമൃത് രാജ് പറഞ്ഞു.
പ്രകോപനമില്ലാതെ ഇതേ നായ രണ്ടാമതും മനുഷ്യനെ കടിച്ചാല്‍, അതിനെ ജീവിതകാലം മുഴുവന്‍ കേന്ദ്രത്തില്‍ പാര്‍പ്പിക്കും. മൂന്ന് പേര്‍ അടങ്ങിയ കമ്മറ്റിയാകും നായയുടെ കാര്യം തീരുമാനിക്കുക. പ്രദേശത്തെ ഒരു വെറ്ററിനറി ഡോക്ടര്‍, മൃഗങ്ങളെക്കുറിച്ച് പരിചയവും അവയുടെ സ്വഭാവം മനസ്സിലാക്കുന്ന ആള്‍, മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്നുള്ള ഒരാളും ഈ കമ്മിറ്റിയില്‍ ഉണ്ടാകും. കടിയേറ്റത് പ്രകോപനമില്ലാതെയാണോ എന്ന് ഇവര്‍ പരിശോധിക്കും. ഉദാഹരണത്തിന്, ആരെങ്കിലും കല്ലെറിഞ്ഞതിന് ശേഷം കടിച്ചാല്‍ അത് പ്രകോപനമില്ലാത്ത ആക്രമണമായി കണക്കാക്കില്ല.
ഈ നായകളെ ദത്തെടുക്കുന്ന വ്യക്തി എല്ലാ വിവരങ്ങളും (പേര്, വിലാസം തുടങ്ങിയവ) നല്‍കുകയും നായയെ തെരുവിലേക്ക് വിടില്ലെന്ന് സത്യവാങ്മൂലം സമര്‍പ്പിക്കുകയും വേണം. നായയുടെ മൈക്രോചിപ്പ് വിവരങ്ങളും രേഖപ്പെടുത്തും. ദത്തെടുത്ത ശേഷം നായയെ തെരുവിലേക്ക് വിട്ടാല്‍, ദത്തെടുത്ത വ്യക്തിക്കെതിരെ നിയമനടപടി സ്വീകരിക്കും.