-->
മലയാളികള്‍ ഇന്നും മനസ്സില്‍ സൂക്ഷിക്കുന്ന ഒരുപിടി നല്ല സിനിമകള്‍ സമ്മാനിച്ച തിരക്കഥാകൃത്തും സംവിധായകനുമാണ് രഞ്ജൻ പ്രമോദ്.
രണ്ടാം ഭാവം എന്ന ചിത്രത്തിലൂടെ എഴുത്തുകാരനായി അരങ്ങേറ്റം കുറിച്ച രഞ്ജന്‍ പ്രമോദ് പിന്നീട് മീശ മാധവൻ, മനസ്സിനക്കരെ, അച്ചുവിന്റെ അമ്മ, നരൻ എന്നിങ്ങനെയുള്ള ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ക്ക് തൂലിക ചലിപ്പിച്ചു. പിന്നീടിങ്ങോട്ടും ഒരുപിടി ജനപ്രിയ സിനിമകള്‍ രഞ്ജന്‍ സംവിധാനം ചെയ്തു.
ഇന്നും പ്രേക്ഷകരിഷ്ടപ്പെടുന്ന ചേക്കിലെ കള്ളന്റെ കഥ പറഞ്ഞ മീശമാധവന്‍ രഞ്ജന്‍ പ്രമോദിന്റെ തിരക്കഥയില്‍ പിറന്നതാണ്. ലാല്‍ജോസ് സംവിധാനം ചെയ്ത് ദിലീപും കാവ്യാ മാധവനും കേന്ദ്ര കഥാപാത്രങ്ങളിലായെത്തിയ മീശമാധവന്‍ അന്നുമിന്നും ഹിറ്റ് ചാര്‍ട്ടില്‍ മുന്‍പന്തിയിലുണ്ട്. ഒരിക്കല്‍ ഒരു പരിപാടിയില്‍ വച്ച് മീശമാധവനില്‍ രഞ്ജൻ പ്രമോദിന് സംതൃപ്തി ഉണ്ടായിരുന്നില്ലെന്ന് ലാല്‍ ജോസ് പറഞ്ഞിരുന്നു.
ഇപ്പോഴിതാ ആ പരാമർശത്തില്‍ കൂടുതല്‍ വ്യക്തത വരുത്തിയിരിക്കുകയാണ് രഞ്ജൻ പ്രമോദ്. മുഴവനായി തൃപ്തിക്കുറവ് ഉണ്ടായിരുന്നില്ലെന്നും മീശമാധവനിലെ ആ ഇന്റിമേറ്റ് സീനിനെക്കുറിച്ചാണ് താന്‍ പറഞ്ഞതെന്നും പറയുകയാണ് രഞ്ജന്‍ പ്രമോദ്.
‘‘ഭഗവാൻ കൃഷ്ണനുമായി ബന്ധപ്പെടുത്തിയല്ല മീശമാധവന്റെ തിരക്കഥ എഴുതിയത്. അത് ഹിറ്റ് ചിത്രമായിരുന്നു. പക്ഷെ തിരക്കഥാകൃത്തെന്ന നിലയില്‍ എനിക്ക് മീശമാധവനില്‍ സംതൃപ്തി ഇല്ലായിരുന്നുവെന്ന് സംവിധായകൻ ലാല്‍ ജോസ് പറഞ്ഞിട്ടുണ്ട്. എന്തിനാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെന്ന് എനിക്കറിയില്ല. ആ സിനിമയില്‍ എനിക്ക് തീരെ ഇഷ്ടമില്ലാത്ത ഒരു കാര്യമുണ്ട്. അതിന്റെ പേരില്‍ ഞാനും ലാല്‍ ജോസും തമ്മില്‍ പ്രശ്നങ്ങളുമുണ്ടായിട്ടുണ്ട്.
നായകൻ നായികയുടെ അരഞ്ഞാണം മോഷ്ടിക്കുന്ന സീനുമായി ബന്ധപ്പെട്ടാണ് പ്രശ്നമായത്. സീൻ എഡിറ്റ് ചെയ്യുമ്പോള്‍ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് ലാല്‍ ജോസ് പറഞ്ഞിരുന്നു. പക്ഷെ എഡിറ്റിംഗ് കഴിഞ്ഞ സീൻ കൃത്യമായി കാണാൻ സംവിധായകൻ എന്നെ വിളിച്ചിരുന്നില്ല. ചിലപ്പോള്‍ അത് മനഃപൂർവമായിരിക്കില്ല.
നായികയോടുളള നായകന്റെ സംഭാഷണങ്ങള്‍ പൊളിറ്റിക്കല്‍ കറക്‌ട്‌നെസാണെന്ന് ഇപ്പോഴുളളവർ പറയുന്നുണ്ട്. ഞാൻ അതൊന്നും ശ്രദ്ധിക്കാറില്ല. നായകന് നായികയോടുളള പ്രണയമാണ് അവിടെ ചിത്രീകരിച്ചിരിക്കുന്നത്. ഡബിള്‍ മീനിംഗുളള പല സംഭാഷണങ്ങളും ഞാൻ തിരക്കഥയില്‍ എഴുതിയിട്ടുണ്ട്. അരഞ്ഞാണം മോഷ്ടിക്കുന്ന സീൻ ചിത്രീകരിച്ചതില്‍ എനിക്ക് കുറച്ച് വിയോജിപ്പുണ്ടായിരുന്നു. അരഞ്ഞാണത്തിന്റെ വലിപ്പം കാണിക്കാനല്ല ഞാൻ ആ സീൻ എഴുതിയത്. റൊമാന്റിക് സീനാണെന്ന് ഞാൻ കരുതിയ സീനിലാണ് മയില്‍പ്പീലിയുടെയും അരഞ്ഞാണത്തിന്റെയും വലിപ്പം മാത്രം കാണിച്ചത്. അതെനിക്ക് അസ്വസ്ഥത ഉണ്ടാക്കിയിരുന്നു...’’ രഞ്ജൻ പ്രമോദ് പറഞ്ഞു. ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിനിടയിലാണ് രഞ്ജന്‍ ഇക്കാര്യം പറഞ്ഞത്.