-->
തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ മരണമടഞ്ഞ രണ്ടുപേർക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിങ്കളാഴ്ച മരിച്ച തിരുവനന്തപുരം സ്വദേശിയായ 52 വയസ്സുള്ള സ്ത്രീക്കും ഞായറാഴ്ച മരിച്ച കൊല്ലം വെളിനല്ലൂർ സ്വദേശിയായ 91കാരനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ അമിബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ഈ വര്‍ഷം മരിച്ചവരുടെ എണ്ണം 19 ആയി.
ഒരാഴ്ചയായി ഇവർ ചികിത്സയിലായിരുന്നു. എവിടെനിന്നാണ് രോഗം ബാധിച്ചതെന്നത് തുടർ പരിശോധനകളിലൂടെ മാത്രമേ വ്യക്തമാകുവെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഈ മാസം മാത്രം ഒമ്പത് മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആക്കുളത്തെ നീന്തൽ കുളത്തിൽനിന്ന് രോഗം ബാധിച്ച് ചികിത്സയിലുള്ള 17കാരന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. സ്വകാര്യ ആശുപത്രിയിൽനിന്ന് കഴിഞ്ഞ ദിവസമാണ് മെഡിക്കൽ കോളജിലെ ഐ.സി.യുവിലേയ്ക്ക് ലേക്ക് മാറ്റിയത്.
ഒപ്പം ഉണ്ടായിരുന്ന മറ്റു മൂന്നു കുട്ടികൾക്കും ഇതുവരെ രോഗലക്ഷണങ്ങൾ ഇല്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. കുട്ടികൾ എല്ലാം നിരീക്ഷണത്തിൽ തുടരുകയാണ്. എട്ടുപേരാണ് ഇപ്പോൾ മെഡിക്കൽ കോളജിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലുള്ളത്.
സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു മരിച്ചവരുടെ കണക്കില്‍ കഴിഞ്ഞദിവസം ആരോഗ്യവകുപ്പ് വ്യക്തത വരുത്തിയിരുന്നു. ഈ വര്‍ഷം ഇതുവരെ 66 പേര്‍ക്ക് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചുവെന്നും 17 പേര്‍ മരിച്ചുവെന്നുമായിരുന്നു ആരോഗ്യ വകുപ്പിന്റെ സ്ഥിരീകരണം