-->
ദൃശ്യവിരുന്നുകള്‍ സമ്മാനിച്ച ഒരുപാട് സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച ഛായാഗ്രാഹകനാണ് ജോമോന്‍ ടി ജോണ്‍. ചാര്‍ളി, എന്ന് നിന്റെ മൊയ്തീന്‍, തിര, തട്ടത്തിന്‍ മറയത്ത്, കാപ്പ, ധ്രുവനച്ചത്തിരം തുടങ്ങിയ നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ദൃശ്യവിസ്മയം സൃഷ്ടിച്ച ജോമോന്‍, സൗത്ത് ഇന്ത്യ കടന്ന് ബോളിവുഡില്‍ വരെ ചെന്ന് മലയാളികളുടെ അഭിമാനമായി മാറിയ പ്രതിഭ കൂടിയാണ്.
ഏകദേശം രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ജോമോന്‍ എഞ്ചിനീയറും ഗവേഷകയും പ്രൊഡ്യൂസറും ഡിസൈനറുമൊക്കെയാണ് അന്‍സു എല്‍സ വര്‍ഗീസിനെ തന്റെ ജീവിതപങ്കാളിയാക്കിയത്. സെലിബ്രിറ്റികള്‍ അടക്കം നിരവധി പേര്‍ പങ്കെടുത്ത വിവാഹം സോഷ്യല്‍ മീഡിയയും ആഘോഷമാക്കിയിരുന്നു.
ഇപ്പോഴിതാ തങ്ങള്‍ ആദ്യത്തെ കണ്മണിയെ കാത്തിരിക്കുന്ന സന്തോഷം പങ്കിടുകയാണ് ജോമോന്‍ ടി ജോണും ഭാര്യ അന്‍സുവും. ലണ്ടനില്‍ രണ്ടുപേരും ഒരുമിച്ച് സായാഹ്നസവാരി നടത്തുമ്പോള്‍ എടുത്ത ചിത്രങ്ങള്‍ക്കൊപ്പമാണ് ജോമോന്റെ പോസ്റ്റ്. ‘‘ഞങ്ങളുടെ കഥയിലേക്ക് കുറച്ചുകൂടി സ്നേഹം ചേർക്കുന്നു...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ജോമോന്‍ സന്തോഷം പങ്കിട്ടിരിക്കുന്നത്. ഞങ്ങളുടെ ഏറ്റവും വലിയ സാഹസികത, ദൈവത്തിന്റെ അനുഗ്രഹം, മൈ ബെസ്റ്റ് പാര്‍ട്ട് എന്നീ ഹാഷ്ടാഗുകളും നല്‍കിയാണ് ജോമോന്റെ പോസ്റ്റ്.
സിനിമാമേഖലയിലുള്ള പല താരങ്ങളും ജോമോനും അന്‍സുവിനും ആശംസകള്‍ പങ്കിട്ട് കമന്റുകള്‍ കുറിക്കുന്നുണ്ട്. ഗീതു മോഹന്‍ദാസ്, നമിത പ്രമോദ്, അമൃത സുരേഷ്, സുരഭിലക്ഷ്മി എന്നിവര്‍ ലവ് ഇമോജിക്കൊപ്പമാണ് ആശംസകള്‍ പങ്കിടുന്നത്.
അന്‍സുവുമായി നടന്നത് ജോമോന്റെ രണ്ടാം വിവാഹമാണ്. ജോമോന്‍ ആദ്യ വിവാഹം ചെയ്തത് നടിയായ ആന്‍ അഗസ്റ്റിനെയായിരുന്നു. ഏറെ നാളത്തെ പ്രണയത്തിനുശേഷമായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. എന്നാല്‍ 2020ല്‍ ഇരുവരും വേര്‍പിരിഞ്ഞു. അതിനു ശേഷമാണ് ജോമോന്‍ രണ്ടാമതും വിവാഹിതനായത്.