-->
നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധനേടുന്നു. ഒരു സിനിമയിലെങ്കിലും ഈ ജന്മം അഭിനയിക്കണമെന്ന അതിയായ ആഗ്രഹം കൊണ്ടു മാത്രമാണ് ഇന്നിവിടെ വരെ എത്താന്‍ സാധിച്ചതെന്ന് ജയചന്ദ്രന്‍ പറയുന്നു. ആരും അറച്ച് പോവുന്ന മാരകമായ ആരോപണം ഏല്‍പ്പിച്ചിട്ടും ഒരു വലിയ വിഭാഗം ആളുകള്‍ തന്നിലര്‍പ്പിച്ച വിശ്വാസമാണ് ഇപ്പോള്‍ ഈ കുറിപ്പ് എഴുതാന്‍ കാരണമെന്നും നടന പറഞ്ഞു.
‘നിങ്ങളോട് പങ്ക് വെയ്ക്കാത്ത ഒരുകാര്യവുമെനിക്കില്ല! നിങ്ങളുടെ വിശ്വാസ്യത കളയുന്ന ഒരുകാര്യവും ചെയ്തിട്ടുമില്ല! ഒരൊറ്റ സിനിമയിൽ എങ്കിലും ഈ ജന്മം അഭിനയിക്കണം എന്ന കുഞ്ഞുന്നാളിലെയുള്ള മോഹതീഷ്ണത ഒന്നു മാത്രം എന്നെ അവിടെയെത്തിച്ചു! ഒരു അസന്മാർഗ്ഗികതയിലൂടെയും പോകാൻ ഇടവരുത്താതെ പ്രകൃതി വഴികാട്ടി.
ഹോ, അവിടെത്തിയിട്ട് എന്തൊക്കെ നേരിട്ടെന്നറിയാമോ! സഹപ്രവർത്തകര് ഞെളിപിരി കൊണ്ട് എന്തൊക്കെയോ ചെയ്യുന്നു, നാട്ടുകാരില്‍, കൂട്ടുകാരിലും 'ചിലർ' ഇരിക്കപ്പൊറുതിയില്ലാതെ കീഴുമേല് മറിയുന്നു...ദാ! ഇപ്പോൾ ഭാര്യയൊഴിച്ച് കുറെ വീട്ടുകാരും!കൂടെ ഒരുവൻ നന്നാവുന്നതിൽ ഇത്രയധികം വയറുനോവുണ്ടാകുന്ന മറ്റൊരു ജീവിയില്ല!
എന്നിട്ടും, ഈ അസൂയാമേദ്യങ്ങളുടെ ഇടയിലൂടെ 'ദൃശ്യം', 'ചാന്തുപൊട്ട്' ഇത്തരം അസാധ്യമായ വിജയങ്ങളുൾപ്പടെ മുപ്പതോളം സിനിമകളിൽ പങ്കാവാൻ കഴിഞ്ഞതിൽ അത്ഭുതം തോന്നുന്നു. അതിലെല്ലാം സഹകരിപ്പിച്ചവരെ മരണം വരെ സ്മരിക്കും., ദ്രോഹിച്ചവരെയും!ഇതെല്ലാം എഴുതാൻ കാരണം,
ആരും അറച്ച് പോവുന്ന മാരകമായ ആരോപണം ഏൽപ്പിച്ചിട്ടും, നിങ്ങളിൽ ഒരു വലിയ വിഭാഗം മെസ്സേജിലൂടെയും, കമന്റിലൂടെയും എന്നിലുള്ള വിശ്വാസം അറിയിക്കുന്നത് കൊണ്ടാണ്! മരണം വരെ നിങ്ങളുടെ മുന്നിൽ ഒരു ചെറിയ കലാകാരനായി നിൽക്കാൻ കൊതിയാണ്!ഇനി, ഞാനേത് ഷേപ്പിൽ വരുവെന്നറിയത്തില്ല! ഏത് ഷേപ്പിൽ വന്നാലും നിങ്ങളുണ്ടാവണം! ഉണ്ടാവില്ലേടേ...കൂജ’ ജയചന്ദ്രന്‍ കുറിച്ചു.