-->
തിരുവനന്തപുരം: മുഖ്യമന്ത്രിക്കൊപ്പം ഒരുമിച്ചിരുന്ന ഓണസദ്യ ഉണ്ടതില്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശനെതിരേ രൂക്ഷ വിമര്‍ശനവുമായി മുന്‍ കെപിസിസി അദ്ധ്യക്ഷന്‍ കെ. സുധാകരന്‍. അത് ശരിയായില്ലെന്നും താനായിരുന്നെങ്കില്‍ അങ്ങിനെ ചെയ്യില്ലായിരുന്നെന്നും വിഷയം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യുമെന്നും കെ. സുധാകരന്‍ പ്രതികരിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സുജിത്തിനെ കുന്നംകുളം പോലീസ് രൂക്ഷ മര്‍ദ്ദനത്തിന് ഇരയാക്കിയ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്ന ദിവസമായിരുന്നു പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുമായി ചേര്‍ന്ന് കളിചിരി വര്‍ത്തമാനങ്ങളൊക്കെ നടത്തി ഓണസദ്യ ഉണ്ടതെന്നാണ് പാര്‍ട്ടിക്കുള്ളില്‍ തന്നെ ഉയര്‍ന്നിരിക്കുന്ന ആക്ഷേപം.
ചടങ്ങില്‍ ഒരുമിച്ചിരുന്ന സദ്യകഴിക്കുന്ന സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നെന്നും താനായിരുന്നെങ്കില്‍ ഇങ്ങിനെ ചെയ്യില്ലായിരുന്നെന്നും കെ. സുധാകരന്‍ വ്യക്തമാക്കി. വിഷയം കെപിസിസിയിലും വലിയ ചര്‍ച്ചയായേക്കുമെന്നാണ് കരുതുന്നത്. സംഭവത്തില്‍ മുഖ്യമന്ത്രിയ്ക്ക് എതിരേ രൂക്ഷ വിമര്‍ശനം പ്രതിപക്ഷനേതാവും നടത്തി. വിഷയത്തില്‍ മുഖ്യമന്ത്രി ഇതുവരെ വാ തുറന്നിട്ടില്ലെന്നും ഒരു ഫേസ്ബുക്ക് കുറിപ്പ് പോലും ഇട്ടിട്ടില്ലെന്നും നടപടിയെടുക്കില്ലെന്ന് അദ്ദേഹം പറയട്ടെ അപ്പോള്‍ കാണാമെന്നുമായിരുന്നു പ്രതികരണം. പോലീസിനെ നിയന്ത്രിക്കുന്നത് അദ്ദേഹത്തിന്റെ വകുപ്പാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു. മര്‍ദ്ദനദൃശ്യം പുറത്തുവന്ന സമയത്തായിരുന്നു മുഖ്യമന്ത്രിയുെട വീട്ടില്‍ നടത്തിയ ഓണാഘോഷത്തില്‍ പ്രതിപക്ഷനേതാവ് പോയി സദ്യ ഉണ്ടത്. യൂത്ത്‌കോണ്‍ഗ്രസിനും ഇക്കാര്യത്തില്‍ പ്രതിഷേധമുണ്ട്.
പലരും സോഷ്യല്‍മീഡിയ ഹാന്‍ഡിലില്‍ തങ്ങള്‍ക്കുള്ള അതൃപ്തി പരസ്യമാക്കിയിരുന്നു. ഇത് മാനിച്ചുള്ള പ്രതികരണമാണ് കെ. സുധാകരന്‍ നടത്തിയതെന്നും സതീശനെതിരേ പാര്‍ട്ടിക്കുള്ളില്‍ നിന്നും ഉയരുന്ന വിമര്‍ശനത്തിന്റെ ഭാഗമായിരുന്നു കെ.സുധാകരന്റെ പ്രതികരണമെന്നുമാണ് കരുതുന്നത്. സുജിത്തിനെ ക്രൂരമായി മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരേ രൂക്ഷമായ പ്രതികരണമാണ് യൂത്ത്‌കോണ്‍ഗ്രസ് നടത്തുന്നത്. പോലീസുകാരെ സര്‍വ്വീസില്‍ നിന്നു തന്നെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഇവരുടെ വീടുകളിലേക്കും വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ചും യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം അരങ്ങേറുന്നുണ്ട്. ഇതോടെ നാലു പോലീസുകാര്‍ക്കെതിരേ ശക്തമായ നടപടി വേണമെന്നാണ് ആവശ്യം. കണ്ണൂരില്‍ പോലീസ് ഉദ്യോഗസ്ഥരെ എവിടെ കിട്ടിയാലും കൈകാര്യം ചെയ്യണം എന്ന നിലയിലാണ് കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസിന്റെ വികാരം.