-->
കാഞ്ഞങ്ങാ: പറക്കളായിയിൽ ആസിഡ് കുടിച്ച്, മൂന്നു പേർ ആത്മഹത്യ ചെയ്ത കുടുംബത്തിലെ നാലാമനും മരിച്ചു. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന രാകേഷാണ് (35) മരിച്ചത്. പറക്കളായി ഒണ്ടാംപുളിയിലെ കർഷകനായ എം. ഗോപി (58), ഭാര്യ കെ.വി. ഇന്ദിര (55), മൂത്ത മകൻ ഹൊസ്ദുർഗിലെ വ്യാപാര സ്ഥാപനത്തിലെ സെയിൽസ്മാൻ രഞ്ജേഷ് (37) എന്നിവരാണ് നേരത്തെ മരിച്ചത്.
2 ദിവസമായി ജോലിക്ക് പോയില്ല; ബാങ്കിൽ നിന്ന് 90,000 രൂപ പിൻവലിച്ചു, ആത്മഹത്യ ചെയ്തതെന്തിന്? രാകേഷിന്റെ മൊഴി നിർണായകം
കഴിഞ്ഞ മാസം 28ന് പുലർച്ചെയാണ് ഇവർ ആസിഡ് കുടിച്ചത്. തുടർന്ന് ആസിഡ് കുടിച്ച വിവരം രാകേഷ് ബന്ധുവിനെ വിളിച്ചറിയിച്ചു. ഇയാൾ എത്തി ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മൂന്നു പേരും മരിച്ചത്. റബർ ഷീറ്റ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ആസിഡാണ് കുടിച്ചത്. കടബാധ്യതയാണ് കാരണമെന്ന് പറയുന്നുണ്ടെങ്കിലും വലിയ ബാധ്യതയില്ലെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. പൊലീസ് അന്വേഷണം നടത്തിയെങ്കിലും ആത്മഹത്യക്കുള്ള കാരണം ദുരൂഹമായി തുടരുകയായിരുന്നു.
രാകേഷ് ആരോഗ്യ നില വീണ്ടെടുത്താൽ മാത്രമേ യഥാർഥ കാരണം അറിയാൻ സാധിക്കുമായിരുന്നുള്ളു. എന്നാൽ ഇന്ന് പുലർച്ചെ രാകേഷും മരണത്തിനു കീഴടങ്ങി. ജീപ്പിൽ ആശുപത്രിയിലേക്ക് പോകുന്നതിനിടെ രാകേഷ് സംസാരിക്കാൻ സാധിക്കുന്ന അവസ്ഥയിലായിരുന്നു. ആസിഡ് കഴിക്കാനുണ്ടായ സാഹചര്യം ആവർത്തിച്ച് ചോദിച്ചിട്ടും രാകേഷ് മറുപടി പറഞ്ഞില്ല.
ഗോപി ആദ്യകാല പ്രവാസിയായിരുന്നു. രഞ്ജേഷും രാകേഷും ഗൾഫിലായിരുന്നു ജോലി ചെയ്തിരുന്നത്. കോവിഡ് കാലത്ത് ഇവർ നാട്ടിലെത്തി തുളസി എന്ന പേരിൽ മിനി സൂപ്പർമാർക്കറ്റ് ആരംഭിച്ചു. എന്നാൽ ഇത് നഷ്ടത്തിലായതോടെ പൂട്ടി. പിന്നീട് രഞ്ജേഷ് കാഞ്ഞങ്ങാട് പുതിയ കോട്ടയിലെ മൊത്തവ്യാപാര സ്ഥാപനത്തിലും രാകേഷ് കോട്ടച്ചേരി പെട്രോൾ പമ്പിന് സമീപത്തെ പലവ്യജ്ഞന കടയിലും ജോലി ചെയ്തു വരികയായിരുന്നു.