-->
കൊല്ലം: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് സംഘടിപ്പിക്കുന്ന അയ്യപ്പസംഗമത്തിന് ബദലായി സംഘപരിവാര്‍ സംഘടനകള്‍ പന്തളത്ത് ബദല്‍ അയ്യപ്പസംഗമം നടത്താനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഹിന്ദു ഐക്യവേദിയാണ് പരിപാടിക്ക് മുന്‍കൈയ്യെടുക്കുന്നത്. തീയതി സംബന്ധിച്ച തീരുമാനം പിന്നീട് എടുക്കും. സര്‍ക്കാരിന്റെ അയ്യപ്പസംഗമത്തിനെതിരേ ബിജെപി രാഷ്ട്രീയ പ്രചരണം നടത്തുകയും ചെയ്യും.
നേരത്തേ സര്‍ക്കാരിന്റെയും ദേവസ്വത്തിന്റെയും പരിപാടിയോട് എന്ത് നിലപാട് എടുക്കണം എന്ന ഒരു ആശങ്ക സംഘപരിവാര്‍ സംഘടനകള്‍ക്ക് ഇടയില്‍ ഉണ്ടായിരുന്നു. ബിജെപി ആദ്യം തന്നെ ഇതിനെതിരേ നിലപാട് എടുത്തിരുന്നു. അതുകൊണ്ട് ആചാര വിരുദ്ധത ഉയര്‍ത്തി സിപിഎമ്മിനെതിരേ ബിജെപി നടത്തുന്ന പ്രചരണം നിലനിര്‍ത്തിക്കൊണ്ടു തന്നെ സമാന്തരമായി യഥാര്‍ത്ഥ വിശ്വാസികളെ പങ്കെടുപ്പിക്കുന്ന ബദല്‍ അയ്യപ്പസംഗമം നടത്താന്‍ ഹിന്ദുഐക്യവേദിയെയും ചുമതലപ്പെടുത്തി. യാഥാര്‍ത്ഥ വിശ്വാസസംഗമം എന്നായിരിക്കും ഇതിന് പ്രചരണം നല്‍കുക.
നേരത്തേ തന്നെ ബിജെപി ആഗോള അയ്യപ്പസംഗമത്തിനെതിരേ രംഗത്ത് വന്നിരുന്നു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയനാടകം എന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പരിപാടിയെ വിമര്‍ശിച്ചത്. വോട്ടുബാങ്ക് ലക്ഷ്യമിട്ടുളള പരിപാടിയാണെന്നും യുക്തിവാദികളായ പിണറായി വിജയനും സനാതനധര്‍മ്മത്തെ അധിക്ഷേപിക്കുകയും ഹിന്ദുവിനെ വൈറസ് എന്ന് വിളിക്കുകയും ചെയ്ത തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനെയും എന്തിനാണ് പരിപാടിയിലേക്ക് ക്ഷണിച്ചിരിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചിരുന്നു. പത്ത് കൊല്ലം ഈ ഭക്തര്‍ക്ക് ഒരു അടിസ്ഥാന സൗകര്യം പോലും ചെയ്ത് നല്‍കാത്ത ദേവസ്വം അയ്യപ്പ സംഗമം നടത്തുകയാണെങ്കില്‍ നടത്തട്ടെയെന്നും പറഞ്ഞു.
അതേസമയം എന്‍എസ്എസും എസ്എന്‍ഡിപിയും രാഷ്ട്രീയപാര്‍ട്ടിയായ മുസ്‌ളീംലീഗും അയ്യപ്പസംഗത്തിന് പിന്തുണ നല്‍കിക്കൊണ്ട് രംഗത്ത് വന്നിരിക്കുന്നത് ബിജെപിയ്ക്കും കോണ്‍ഗ്രസിനും വലിയ തിരിച്ചടിയാണ്. സംഗമത്തിന് പിന്നില്‍ രാഷ്ട്രീയ താല്‍പര്യമുണ്ടെന്നാണ് കോണ്‍ഗ്രസ് ആരോപണം. പരിപാടിക്കെതിരേ ആദ്യം തന്നെ പ്രതിപക്ഷ നേതാവ് നിലപാട് എടുത്തിരുന്നു. യുഡിഎഫ് സഹകരിച്ചേക്കില്ലെന്നാണ് സൂചന. എന്നാല്‍ പരിപാടി വര്‍ഗ്ഗീയവാദികള്‍ക്ക് എതിരേ ശരിയായ വിശ്വാസികളെ ഒരുമിപ്പിക്കാനുള്ള പരിപാടിയെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി വിലയിരുത്തിയത്. മതത്തെ അധികാരത്തിനായി വിനിയോഗിക്കുന്നവരാണ് യഥാര്‍ത്ഥ വര്‍ഗ്ഗീയവാദികളെന്നും പറഞ്ഞു.
സെപ്റ്റംബര്‍ 20നാണ് ആഗോള അയ്യപ്പ സംഗമം പമ്പാ തീരത്ത് നടക്കുന്നത്. ദക്ഷിണേന്ത്യയില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഭക്തജന സംഗമമാണ് ആഗോള അയ്യപ്പസംഗമം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടകന്‍. കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍, കേരളത്തിലെ കേന്ദ്ര മന്ത്രിമാര്‍ അടക്കം പങ്കെടുക്കുമെന്നാണ് വിവരം. പൊതുജനങ്ങള്‍ക്ക് ഉപാധികളോടെ മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. പങ്കെടുക്കുന്നവര്‍ മൂന്ന് വര്‍ഷത്തിനിടെ കുറഞ്ഞത് രണ്ട് പ്രാവശ്യം ദര്‍ശനം നടത്തിയിരിക്കണം.