Wednesday, March 18, 2026 Last Updated 18 Min 23 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Sep 2025 02.04 PM

ഇനി സനാതനധര്‍മ്മസംഗമം നടത്തി ജയ് ശ്രീറാം വിളിച്ചാലും രക്ഷയില്ല ; പിണറായിയെ ആരും വിശ്വസിക്കില്ലെന്ന് അബ്ദുള്ളക്കുട്ടി

uploads/news/2025/09/798917/abdullakkutty.gif

മലപ്പുറം: അയ്യപ്പസംഗമം നടത്തിയതുകൊണ്ടൊന്നും കേരളാമുഖ്യമന്ത്രി പിണറായി വിജയനെ ഹിന്ദുസമുഹം വിശ്വസിക്കില്ലെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടി. ശരണമയ്യപ്പാ എന്ന് വിളിച്ചാലും അയ്യപ്പ സംഗമത്തിന് പകരം സനാതന ധര്‍മ്മ സംഗമം നടത്തി ജയ് ശ്രീറാം എന്ന് വിളിച്ചാലും പിണറായി വിജയനെ കേരളത്തിലെ ഹിന്ദുവിശ്വാസികള്‍ അംഗീകരിക്കില്ലെന്നും മലപ്പുറത്ത് നടന്ന പരിപാടിയില്‍ അബ്ദുള്ളക്കുട്ടി പറഞ്ഞു. ദൈവനിഷേധികളായ പിണറായിക്ക് ഇതിലൊക്കെ എന്ത് കാര്യമെന്നും ചോദിച്ചു.

മുസ്ലിം പ്രീണനം കൊണ്ട് ഭൂരിപക്ഷം ഹിന്ദുക്കളും സിപിഐഎം വിട്ടുകൊണ്ടിരിക്കുകയാണ്. അത് മനസിലാക്കി അവസാന അടവ് എന്ന നിലയിലാണ് പിണറായി ആഗോള അയ്യപ്പ സംഗമവുമായി മുന്നോട്ടുവന്നിരിക്കുന്നതെന്നും മിസ്റ്റര്‍ പിണറായി, ദൈവനിഷേധികളായ നിങ്ങള്‍ക്ക് ഇതിലൊക്കെ എന്ത് കാര്യം എന്നും അബ്ദുള്ളക്കുട്ടി ചോദിച്ചു. രഹ്ന ഫാത്തിമയേയും ബിന്ദു അമ്മിണിയേയും പോലെയുള്ളവരെ ശബരിമലയില്‍ കയറ്റി എല്‍ഡിഎഫ് സര്‍ക്കാര്‍ ഹിന്ദു വിശ്വാസികളെ അപമാനിക്കുകയാണ് ചെയ്തതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

അയ്യപ്പ സംഗമം ഹിന്ദു വിശ്വാസികളെ വിഡ്ഢികളാക്കാനുള്ള പിണറായി വിജയന്റെ വ്യാമോഹമാണ്. അത് നടക്കാന്‍ പോകുന്നില്ല. ശബരിമല ആചാരങ്ങള്‍ക്ക് എതിരെ പിണറായി നിന്ദ്യമായ പ്രവര്‍ത്തികളാണ് നടത്തിയതെന്നും എ പി അബ്ദുള്ളക്കുട്ടി പറഞ്ഞു. സെപ്റ്റംബര്‍ 20നാണ് ആഗോള അയ്യപ്പസംഗമം തീരുമാനിച്ചിരിക്കുന്നത്. ദേവസ്വം ബോര്‍ഡ് നടത്തുന്ന ആഗോള അയ്യപ്പ സംഗമത്തിനെതിരെ ബിജെപിയില്‍ നിന്നും ശക്തമായ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടായിരുന്നു പ്രധാന വിമര്‍ശനം.

യുവതി പ്രവേശനത്തെ പിന്തുണച്ച സര്‍ക്കാരിന് അയ്യപ്പ സംഗമം നടത്താന്‍ അര്‍ഹതയില്ലെന്നാണ് പൊതുവെ ഉയര്‍ന്നിരിക്കുന്ന വിമര്‍ശനം. ഇതിന് പുറമേ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, നടനും ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍ എന്നിവരെ ക്ഷണിച്ചതിനെതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. സനാതനധര്‍മ്മത്തിനെതിരെ നിലകൊണ്ട ഉദയനിധി സ്റ്റാലിന്‍ പരിപാടിയില്‍ പങ്കെടുത്താല്‍ തടയുമെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്. മതത്തെയും വിശ്വാസത്തെയും ഉപയോഗിച്ച് രാഷ്ട്രീയ അധികാരത്തിലേക്കുള്ള പ്രക്രിയയുടെ പേരാണ് വര്‍ഗീയതയെന്നായിരുന്നു എം വി ഗോവിന്ദന്‍ പറഞ്ഞത്.

Ads by Google
Ads by Google
TRENDING NOW