Sunday, March 15, 2026 Last Updated 55 Min 22 Sec ago English Edition
Todays E paper
Ads by Google
Friday 29 Aug 2025 04.29 PM

‘‘ഗോവിന്ദ എന്റേത് മാത്രമാണ്, മറ്റാരുടെയും അല്ല; ദൈവം ഇറങ്ങി വന്നാലും ഞങ്ങളെ വേര്‍പെടുത്താനാവില്ല; ഇതിനെപ്പറ്റി ഞങ്ങള്‍ പറയാതെ ഒന്നും പറയരുത്...’’ സുനിത അഹൂജ

ബോളിവുഡ് നടൻ ഗോവിന്ദയും ഭാര്യ സുനിത അഹൂജയും വിവാഹജീവിതത്തിലെ പ്രശ്‌നങ്ങളെ തുടർന്നാണ് അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞത്. എന്നാല്‍ ഇപ്പോഴിതാ ഗോവിന്ദ എപ്പോഴും തന്റെ ഭർത്താവായി തുടരുമെന്നും ആർക്കും അവരുടെ ബന്ധം തകർക്കാൻ കഴിയില്ലെന്നും പറയുകയാണ് സുനിത.
Govinda,  Sunita Ahuja,  Govinda and his wife Sunita Ahuja dispelled divorce rumours
Govinda and his wife Sunita Ahuja dispelled divorce rumours (Image Source: Instagram)

ബോളിവുഡിൽ ഒരുകാലത്ത് യുവതീയുവാക്കളുടെ ഹരമായിരുന്നു നടൻ ​ഗോവിന്ദ. 90-കളിൽ കോമഡി ചിത്രങ്ങളിലെ നായകവേഷങ്ങളിലൂടെ ​ഗോവിന്ദ ബോളിവുഡിൽ തന്റേതായ ഇരിപ്പിടം ഉറപ്പിച്ചു. പിന്നീടിങ്ങോട്ട് തന്റെ നൃത്തച്ചുവടുകളിലൂടെയും മികച്ച അഭിനയത്തിലൂടെയും ബോളിവുഡില്‍ ഗോവിന്ദ തന്റെ സ്ഥാനം കരുത്തുള്ളതാക്കി. എന്നാൽ കഴിഞ്ഞ കുറച്ചുവർഷങ്ങളായി സിനിമയിൽ സജീവമല്ല താരം.
സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് ഗോവിന്ദ തന്റെ പ്രണയിനിയായ സുനിത അഹൂജയെ ജീവിതപങ്കാളിയാക്കിയത്. നീണ്ട 40 വർഷത്തെ ദാമ്പത്യമാണ് സുനിതയും ഗോവിന്ദയും തമ്മിലുള്ളത്. പക്ഷേ ഈയടുത്ത് ബോളിവുഡില്‍ ഏറ്റവും ചൂടേറിയ ഒരു ചര്‍ച്ചയായി മാറിയത് ഗോവിന്ദയുടെ ഭാര്യ സുനിതാ അഹൂജ വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചെന്നുള്ളതായിരുന്നു. എന്നാല്‍ വിവാഹ മോചന വാർത്തകള്‍ പുറത്തുവന്നതിന് പിന്നാലെ തീർത്തും ഒരു ഭാവമാറ്റവുമില്ലാതെ പൂർണ സന്തോഷവാനായി മുംബൈ വിമാനത്താവളത്തില്‍ എത്തിയ ഗോവിന്ദ ചുറ്റും കൂടിയ മാധ്യമപ്രവർത്തകരെ അഭിവാദ്യം ചെയുകയും ചിത്രങ്ങള്‍ക്ക് വേണ്ടി പോസ് ചെയ്യുകയും ചെയ്തു. ഇരുവരും ഒരുമിച്ച്‌ ഗണേശ ചതുർത്ഥി ആഘോഷിക്കുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്.
ഇപ്പോഴിതാ ഗണേശ ചതുർത്ഥി ആഘോഷിക്കുന്ന സുനിത അഹൂജ തന്റെ ദാമ്പത്യത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയും ആരാധകരും ഏറ്റെടുക്കുന്നത്. തങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നും തങ്ങള്‍ തുറന്നു പറയുന്നതു വരെ ഒന്നും ഈ വിഷയത്തില്‍ പറയരുതെന്നുമാണ് സുനിത പറഞ്ഞത്.
‘‘എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ, ഇന്ന് ഞങ്ങള്‍ വളരെ അടുത്ത് ഇങ്ങനെ നില്‍ക്കുമോ, അടുപ്പം കാണിക്കുമോ ? ഞങ്ങള്‍ക്കിടയില്‍ ഒരു അകലം ഉണ്ടാകുമായിരുന്നു. ദൈവം മുകളിൽ നിന്ന് വന്നാലും ഞങ്ങളെ വേർപെടുത്താൻ ആർക്കും കഴിയില്ല...‘മേരാ പതി സിർഫ് മൈൻ ഹേ’ എന്നൊരു സിനിമ ഉണ്ടായിരുന്നു, അതുപോലെ എന്റെ ഗോവിന്ദ എന്റേത് മാത്രമാണ്, മറ്റാരുടെയും അല്ല. ഞങ്ങള്‍ എന്തെങ്കിലും വായ തുറന്നു പറയുന്നതു വരെ, ദയവായി ഈ വിഷയത്തിൽ ഒന്നും പറയരുത്...’’ എന്നാണ് സുനിത വീഡിയോയില്‍ പറഞ്ഞത്. നിറഞ്ഞ ചിരിയോടെയും സന്തോഷത്തോടെയുമാണ് സുനിത ആഘോഷങ്ങളിലുടനീളം പങ്കെടുത്തത്.
സുനിത പർപ്പിൾ സാരി ധരിച്ചും ഗോവിന്ദ ചുവന്ന കുർത്ത ധരിച്ചുമാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. അവരുടെ മകൻ യശ്വർദ്ധൻ അഹൂജയും ആഘോഷങ്ങളിൽ പങ്കുചേരുന്നത് ദൃശ്യങ്ങളിലുണ്ട്. ഗോവിന്ദയും സുനിതയും വീടിന് പുറത്ത് തടിച്ചുകൂടിയ പാപ്പരാസികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു.

അറുപത്തിരണ്ടു വയസ്സുള്ള ഗോവിന്ദ 30 വയസ്സുള്ള മറാത്തി സിനിമാ നടിയുമായി പ്രണയത്തിലാണെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് സുനിത വിവാഹമോചനത്തിന് ഒരുങ്ങുന്നു എന്ന വാര്‍ത്തകള്‍ വന്നത്. എന്നാല്‍ ആറ് മാസം മുമ്പ് വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്‌തെങ്കിലും ഇരുവരും ഭിന്നതകള്‍ മറന്ന് ഒന്നിച്ചെന്നും ഗോവിന്ദയുടെ അഭിഭാഷകൻ ലളിത് ബാന്ദ്ര അറിയിച്ചിരുന്നു. ഗോവിന്ദയുടെ മാനേജർ ശശി സിൻഹ വിവാഹമോചനത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ തള്ളിക്കളയുകയും, അത് കാലഹരണപ്പെട്ടതും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് പറയുകയും ചെയ്തിരുന്നു. പക്ഷേ അടുത്തിടെ പുറത്തുവന്ന സുനിതയുടെ വ്ലോഗില്‍ അവര്‍ പറഞ്ഞ കാര്യങ്ങള്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുവെന്ന സൂചനയാണ് നല്‍കിയിരുന്നു. സാഹചര്യം എന്ത് തന്നെയായാലും, തന്റെ കുടുംബം തകര്‍ക്കാന്‍ ശ്രമിക്കുന്നവരോട് കാളിയമ്മ പൊറുക്കില്ലെന്നാണ് സുനിത വ്ലോഗില്‍ പറഞ്ഞത്.
‘‘ഞാന്‍ ഗോവിന്ദയെ കണ്ടപ്പോള്‍ എനിക്ക് അദ്ദേഹത്തെ വിവാഹം ചെയ്യണമെന്നും നല്ലൊരു ജീവിതം വേണമെന്നുമാണ് ഞാന്‍ ദേവിയോട് പ്രാര്‍ഥിച്ചത്. എന്റെ ആഗ്രഹങ്ങളെല്ലാം ദേവി സാധിച്ചുതന്നു. കൂടാതെ എനിക്ക് രണ്ട് കുഞ്ഞുങ്ങളെ തന്നുകൊണ്ടും ദേവി എന്നെ അനുഗ്രഹിച്ചു. എന്നാല്‍ ജീവിതത്തിലെ യാഥാര്‍ഥ്യങ്ങളെല്ലാം അത്ര എളുപ്പമുള്ളതല്ല. എല്ലായ്‌പ്പോഴും അതില്‍ ഉയര്‍ച്ചതാഴ്ചകളുണ്ട്. എനിക്ക് ഇപ്പോഴും ദേവിയില്‍ വിശ്വാസമുണ്ട്. എന്റെ കുടുംബം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ അറിയണം, കാളിയമ്മ ഇവിടെ തന്നെയുണ്ട്. നല്ലവനായ ഒരു പുരുഷനെയോ നല്ലവളായ ഒരു സ്ത്രീയെയോ വേദനിപ്പിക്കുന്നത് ശരിയല്ല. ദേവിയുടെ മൂന്ന് ഭാവങ്ങളേയും എനിക്ക് വളരെയേറെ ഇഷ്ടമാണ്. സാഹചര്യം എന്ത് തന്നെയായാലും, എന്റെ കുടുംബം തകര്‍ക്കാന്‍ ശ്രമിക്കുന്നവരോട് കാളിയമ്മ പൊറുക്കില്ല...’’ എന്ന് താരപത്നി പറഞ്ഞു.
നാല് വര്‍ഷത്തെ പ്രണയത്തിനു ശേഷം 1987 മാര്‍ച്ച്‌ 11 നായിരുന്നു ഗോവിന്ദയുടെയും സുനിതയുടെയും വിവാഹം. താന്‍ ​ഗോവിന്ദയെ പ്രണയിച്ചാണ് വിവാഹം ചെയ്തതെന്നും തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഗോവിന്ദയുമായുള്ള വിവാഹമെന്ന് സുനിത പലപ്പോഴും പറഞ്ഞിട്ടുണ്ട്. സുനിതയും ഗോവിന്ദയും വളരെ സ്വകാര്യമായ ഒരു ചടങ്ങിലാണ് വിവാഹിതരായത്. തന്റെ പെണ്‍ ആരാധികമാര്‍ക്ക് സങ്കടമാകുമെന്നതു കൊണ്ട് ഈ വിവാഹം മകൾ ടിന അഹൂജയുടെ ജനനം വരെ രഹസ്യമാക്കി വച്ചിരുന്നു. എട്ടു വര്‍ഷത്തിനു ശേഷമാണ് ഇവര്‍ രണ്ടാമത്തെ കുട്ടിയായ മകൻ യശ്വർദ്ധനെ ജനിച്ചത്. ടീന ഇതിനകം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചിരുന്നു. സായ് രാജേഷിന്റെ ഇതുവരെ പേരിടാത്ത ചിത്രത്തിലൂടെ യാശ്വർദ്ധനും അഭിനയരംഗത്തേക്ക് കടക്കാൻ ഒരുങ്ങുകയാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW