Sunday, March 15, 2026 Last Updated 14 Min 15 Sec ago English Edition
Todays E paper
Ads by Google
Monday 25 Aug 2025 11.37 AM

‘‘ഓമനിച്ചു വളര്‍ത്തിയ മകള്‍ക്ക് പോലും ഞാനിന്ന് അന്യനാണ്; വിളിക്കുക പോലുമില്ല; മകള്‍ ഓസ്ട്രേലിയയില്‍ വലിയ എന്‍ജീനയറാണ്, മരുമകന്‍ ഡോക്ടറും...’’ ഗദ്ഗദ​ത്തില്‍ കൊല്ലം തുളസി

വില്ലന്‍ വേഷങ്ങളിലൂടെ തിളങ്ങിയ സിനിമാ സീരിയല്‍ താരമാണ് കൊല്ലം തുളസി. ഇപ്പോഴിതാ താനിന്ന് ഒറ്റപ്പെട്ടു ജീവിക്കുകയാണെന്നും ഓസ്ട്രേലിയയില്‍ സെറ്റിലായ മകള്‍ തന്നെ വിളിക്കാറില്ലെന്നും അന്വേഷിക്കാറില്ലെന്നും പറയുകയാണ് താരം.
Kollam Thulasi
Kollam Thulasi speech about personal life and no connection with daughter (Image Source: Facebook)

വില്ലൻ വേഷങ്ങളിലൂടെ മലയാള ചലച്ചിത്ര രംഗത്ത് പ്രശസ്തനായ അഭിനേതാവും മലയാള സാഹിത്യകാരനുമാണ് എസ്.തുളസീധരൻ നായർ എന്നറിയപ്പെടുന്ന കൊല്ലം തുളസി. ഒരു കാലത്ത് സിനിമകളില്‍ നിറഞ്ഞു നിന്ന താരം പിന്നീട് ടെലിവിഷന്‍ സീരിയലുകളിലൂടെയും കുടുംബപ്രേക്ഷകരുടെ മനസ്സിലിടം നേടി. താരം പറയാറുള്ള ചില പരാമര്‍ശങ്ങള്‍ ഇടയ്ക്കിടെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വരെ വഴിവച്ചിട്ടുണ്ട്.
കാന്‍സര്‍ എന്ന രോഗം കാരണം സമൂഹത്തില്‍ നിന്നും കുടുംബത്തില്‍ നിന്നുമൊക്കെ ഒറ്റപ്പെടല്‍ അനുഭവിച്ചിട്ടുണ്ടെന്ന് താരം കുറച്ചു നാളുകള്‍ക്ക് മുമ്പ് തുറന്നു പറഞ്ഞിതുന്നു. സുഹൃത്തുക്കള്‍ ബന്ധുക്കള്‍, തന്റെ ഭാര്യയും മകളും പോലും എന്നെ ഒറ്റപ്പെടുത്തിയെന്നും അവര്‍ പോലും ഉപേക്ഷിച്ച വല്ലാതെ തളര്‍ത്തിക്കളഞ്ഞെന്ന് താരം പറഞ്ഞിരുന്നു.
ഇപ്പോഴിതാ ജീവിതത്തിലെ പ്രതിസന്ധികളെക്കുറിച്ച് മനം നൊന്ത് പറയുകയാണ് കൊല്ലം തുളസി. ഇന്ന് മകളും മരുമകനും വിളിക്കുക പോലുമില്ലെന്നും വല്ലാണ്ട് വിഷമം തോന്നിയ വേളയില്‍ ഗാന്ധി ഭവനില്‍ വന്ന് ആറ് മാസം കഴിഞ്ഞുവെന്നും കൊല്ലം തുളസി പറയുന്നു. ഭാര്യയും മകളുമെല്ലാം ഉപേക്ഷിച്ച അവസ്ഥയെക്കുറിച്ചും മകളും മരുമകനും ഓസ്‌ട്രേലിയയില്‍ സ്ഥിര താസമാണെന്നും വിളിക്കാറില്ലെന്നും താരം പറഞ്ഞു.
‘‘പലര്‍ക്കും അറിയാത്ത ഒരു കാര്യം ഞാന്‍ പറയാം. ഞാന്‍ ഗാന്ധി ഭവനിലെ ഒരു അന്തേവാസിയായിരുന്നു. എനിക്ക് അനാഥത്വം തോന്നിയപ്പോള്‍ സ്വയം ഇവിടെ വന്ന് ആറ് മാസം കിടന്നു. ഭാര്യയും മക്കളുമൊക്കെ എന്നെ ഉപേക്ഷിച്ചപ്പോള്‍, അവരാല്‍ തിരസ്‌കരിക്കപ്പെട്ടപ്പോള്‍ ഒറ്റപ്പെട്ട സമയത്താണ് ഞാന്‍ ഇവിടെ അഭയം തേടിയത്. ഞാന്‍ ഓമനിച്ച്‌ വളര്‍ത്തിയ മകള്‍ പോലും ഇന്ന് എനിക്ക് അന്യയാണ്. അവള്‍ വലിയ എഞ്ചിനിയറാണ്. മരുമകന്‍ ഡോക്ടറാണ്. അവര്‍ ഓസ്‌ട്രേലിയയില്‍ സെറ്റില്‍ഡ് ആണ്. ഒന്ന് വിളിക്കുക പോലുമില്ല. അവര്‍ക്ക് ഞാന്‍ വെറുക്കപ്പെട്ടവനാണ്.
എന്റെ കൂടെ അഭിനയിച്ച വലിയ നാടക നടി ഇവിടെ ഇരിപ്പുണ്ട്. ഒരുപാട് നാടകങ്ങളില്‍ അഭിനയിച്ച ലൗലി. സംസ്ഥാന അവാര്‍ഡുകള്‍ വാങ്ങിയിട്ടുണ്ട്. ഇപ്പോള്‍ അവര്‍ക്ക് ആരുമില്ല. അമ്മയെ പിരിയണം എന്ന് ഭര്‍ത്താവും മക്കളും പറഞ്ഞു. അമ്മയെ പിരിയാന്‍ ലൗലിക്ക് കഴിയില്ല. മാതൃസ്‌നേഹമാണല്ലോ വലുത്. വളരെ പ്രയാസം നേരിടുന്നു. ദാരിദ്രത്തിലേക്ക് എത്തി. ഒടുവില്‍ ഗാന്ധി ഭവനിലേക്ക് വന്നു. ആയ കാലത്ത് ഉണ്ടാക്കിയതെല്ലാം ഉപയോഗിച്ച്‌ മക്കളെ പഠിപ്പിച്ചു. അവരെല്ലാം വലിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. രണ്ടു കൈയ്യും നീട്ടി ലൗലിയെ ഗാന്ധി ഭവന്‍ സ്വീകരിച്ചു. അതാണ് മനുഷ്യന്റെ അവസ്ഥ.
ഒരു പിടി നമ്മുടെ കൈയ്യില്‍ വേണം. കാരണം, ഏത് സമയത്താണ് എന്തെങ്കിലും സംഭവിക്കുക എന്ന് അറിയില്ല. ഇതെല്ലാം നമുക്ക് ഒരു പാഠമാണ്...’’ കൊല്ലം തുളസി പറഞ്ഞു. ഗാന്ധി ഭവനിലെ ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് കൊല്ലം തുളസി നൊമ്പരത്തോടെ ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. കേള്‍ക്കുന്നവര്‍ക്ക് വിശ്വസിക്കാന്‍ പ്രയാസമാകുന്ന വാക്കുകളായിരുന്നു താരത്തിന്റേത്. ഈ പ്രസംഗ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Ads by Google
Monday 25 Aug 2025 11.37 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW