-->
ഒരുപാട് സിനിമകളില്‍ വില്ലന്‍ വേഷങ്ങളടക്കം ശ്രദ്ധേയ വേഷങ്ങൾക്ക് പുറമേ ടെലിവിഷൻ പരമ്പരകളിലെ പ്രധാന വേഷങ്ങളും കൈകാര്യം ചെയ്ത അഭിനേതാവാണ് ഇ.എ. രാജേന്ദ്രന്‍. നാടക സംവിധായകന്‍ കൂടിയായ താരം നാടകത്തിലൂടെയാണ് മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലേക്കും താരമെത്തിയത്. സംസ്ഥാന ഹോർട്ടികൾച്ചർ കോർപറേഷൻ ചെയർമാനായും പ്രവര്‍ത്തിച്ച താരം വിവാഹം ചെയ്തിരിക്കുന്നത് ഒ.മാധവന്റെ മകളും മുകേഷിന്റെ സഹോദരിയുമായ സന്ധ്യയെയാണ്. അവരുടെ മകൻ ദിവ്യദർശനും 2012 മുതൽ മലയാള സിനിമയിലുണ്ട്.
ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്ന ഒരു വീഡിയോയില്‍ രാജേന്ദ്രന്‍ ‘അമ്മ സംഘടനയുടെ ഇലക്ഷന് വോട്ട് ചെയ്യാനെത്തിയത് ഉണ്ടായിരുന്നു. മെലിഞ്ഞ് കണ്ടാല്‍ തിരിച്ചറിയാന്‍ പോലും ബുദ്ധിമുട്ടാകുന്ന നിലയിലായിരുന്നു രാജേന്ദ്രന്‍. അതിനു പിന്നാലെ താരത്തിനു സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെന്നും അസുഖബാധിതനാണെന്നതുമടക്കം പല കമന്റുകളും നിറഞ്ഞു.
ഇപ്പോഴിതാ വൈറലായ ആ വീഡിയോയ്ക്ക് മറുപടി പറയുകയാണ് ഇ.എ രാജേന്ദ്രനും ഭാര്യ സന്ധ്യ രാജേന്ദ്രനും. ഊഹം വച്ചിട്ട് ഒരാളുടെ കാര്യങ്ങള്‍ പറയാന്‍ പാടില്ല,അത് തെറ്റാണെന്നും എന്നും ഇത്ര ആധികാരികമായി എഴുതാന്‍ സാധിക്കുമെന്നും സന്ധ്യ രാജേന്ദ്രന്‍ ചോദിക്കുന്നു. സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ നിര്‍മ്മാതാവായ തനിക്ക് എന്തിനാണ് ‘അമ്മ’യുടെ പെന്‍ഷന്‍ എന്നുമാണ് രാജേന്ദ്രന്‍ ചോദിക്കുന്നത്.
‘‘എനിക്ക് ഷുഗര്‍ കുറച്ചു കൂടിയപ്പോള്‍ ഭാരം നിയന്ത്രിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. അങ്ങനെയാണ് മെലിഞ്ഞത്. പ്രായം കൂടി വരുകയല്ലേ. മകന്‍ സിനിമയിലുണ്ട്. ഞാന്‍ എന്തിന് ‘അമ്മ’യുടെ പെന്‍ഷന്‍ വാങ്ങണം, സൗത്ത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ടെലിവിഷന്‍ പ്രോഗ്രാമുകളും സീരിയലുകളും പ്രൊഡ്യൂസ് ചെയ്യുന്ന കമ്പനിയാണ് ഞങ്ങളുടേത്. അതിന്റെയൊക്കെ നിര്‍മ്മാണത്തിന്റെ തിരക്കിലാണ് ഞങ്ങള്‍. പഴയ കാലഘട്ടത്തിലെ സിനിമകളില്‍ നിന്ന് ഇപ്പോഴത്തെ സിനിമകള്‍ മാറി. ഞാനന്ന് അഭിനയിച്ചിട്ടുള്ളത് വലിയ മാസ്റ്റര്‍ ഡയറക്ടേഴ്സിന്റെയൊപ്പമാണ്. എനിക്ക് വളരെയധികം ശ്രദ്ധ നേടിത്തന്ന ഒരു സിനിമയായിരുന്നു കളിയാട്ടം. ഇപ്പോള്‍ അതിന്റെ ബാക്കിയെന്ന പോലെ ഒരു വലിയ മാസ്റ്റര്‍ സിനിമ ‘പെരുങ്കളിയാട്ടം’ ജയരാജ് സംവിധാനം ചെയ്യുന്നുണ്ട്. അതില്‍ ഞാന്‍ അഭിനയിക്കുന്നുണ്ട്. ഓണം കഴിഞ്ഞാണ് അതിന്റെ റിലീസ്...’’ എന്നാണ് രാജേന്ദ്രന്‍ പറയുന്നത്.
‘‘പ്രായം വരുമ്പോള്‍ സ്വഭാവികമായും ചില മാറ്റങ്ങള്‍ നമുക്ക് ഉണ്ടാകാറുണ്ട്. ഷുഗര്‍ ഉള്ളതു കൊണ്ട് ചേട്ടന് ശരീരഭാരം അധികം കൂടുതരുതെന്ന് ഡോക്ടര്‍മാര്‍ കര്‍ശനമായി പറഞ്ഞിട്ടുണ്ട്. ഡയറ്റ് കണ്‍ട്രോള്‍ ചെയ്യുന്നുണ്ട്. വീഡിയോയ്ക്ക് താഴെ വിഷമത്തോടെ പലരും ചോദിക്കുന്നത് കണ്ടപ്പോള്‍ സന്തോഷം തോന്നി. കാരണം ഇന്നും അത്രയും പേര്‍ നമ്മളെ സ്നേഹിക്കുന്നുണ്ടല്ലോ എന്ന് തോന്നി. എന്നാല്‍ മറ്റു ചിലര്‍ വലിയ അസുഖമാണ്, വേറെ അസുഖമാണ് എന്ന് ആധികാരിമായി പറഞ്ഞു. അതിന് ഒരാള്‍ക്ക് ഞാന്‍ മറുപടിയും കൊടുത്തു. സാധാരണ നെഗറ്റീവും പോസിറ്റീവും കമന്റുകള്‍ ശ്രദ്ധിക്കാറില്ല. എന്റെ അമ്മയുടെ ഫോട്ടോ ഒരിക്കല്‍ പങ്കുവച്ചപ്പോള്‍ പോലും ഒരാള്‍ വേദനിപ്പിക്കുന്ന കമന്റ് നല്‍കിയിരുന്നു. അന്ന് ഞാനോര്‍ത്ത് അത് കുറിക്കുമ്പോള്‍ അയാള്‍ക്ക് സംതൃപ്തി കിട്ടുന്നുണ്ടല്ലോ, കിട്ടിക്കോട്ടെ എന്നാണ്.
പക്ഷേ ചേട്ടനെക്കുറിച്ച് ഇങ്ങനെ എഴുതിയത് കണ്ടപ്പോള്‍ ഞാന്‍ മറുപടി കൊടുത്തു. ‘ഇന്ന അസുഖമാണ്, ഇന്ന ട്രീറ്റ്മെന്റ് ചെയ്യൂ...’ എന്നാണയാള്‍ കുറിച്ചത്. നിങ്ങള്‍ ഇത്രയും ആധികാരികമായി എങ്ങനെ കുറിക്കാന്‍ പറ്റുന്നു, ഊഹം വച്ചിട്ട് നിങ്ങള്‍ക്ക് എങ്ങനെ പറയാന്‍ പറ്റുന്നു. ഇയാള്‍ കുറിച്ച കമന്റിനു താഴെ ‘ആണോ ആണോ’ എന്ന് പലരും ചോദിച്ചിരുന്നു. അതുകൊണ്ടാണ് ക്ലിയര്‍ ചെയ്യാമെന്ന് വച്ചത്. ആദ്യം ഞാന്‍ ‘എടാ’ എന്ന് കുറിക്കാനാണ് ഒരുങ്ങിയത്. പിന്നെയത് മാറ്റി. ‘നിനക്ക് ഇത് എങ്ങനെ ഇത്ര ആധികാരികമായി പറയാന്‍ സാധിച്ചു, ഊഹം വച്ചിട്ട് ഒരാളുടെ കാര്യങ്ങള്‍ പറയാന്‍ പാടില്ല, അത് ഭയങ്കര തെറ്റാണ്. അറ്റ്ലീസ്റ്റ് അന്വേഷിക്കുക, നീ പറയുന്നത് സത്യമാണെന്ന് വിശ്വസിക്കുന്ന പല കമന്റുകളും താഴെ വരുന്നുണ്ട്. ഇനിയെങ്കിലും ശ്രദ്ധിക്കണം’ എന്ന് കുറിച്ചു. അയാളത് കണ്ടിട്ടുണ്ടാവുമെന്ന് വിശ്വസിക്കുന്നു. പിന്നെ ഞാനത് നോക്കിയില്ല, നാടകവും ഒക്കെയായി തിരക്കിലായി...
ഇത്രയും പേര്‍ സ്നേഹിക്കുന്നു എന്നറിഞ്ഞതു കൊണ്ടാണ് ചേട്ടന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ക്ലാരിറ്റി കൊടുത്തത്. ചേട്ടന്‍ കന്യാദാനത്തില്‍ അഭിനയിക്കുന്നുണ്ട്. പിന്നെ രണ്ടരമാസമായിട്ട് നാടകം പഠിപ്പിക്കുകയാണ്. അങ്ങനെ തിരക്കിലാണ്. ’’ സന്ധ്യ രാജേന്ദ്രന്‍ പറഞ്ഞു. പ്രണയത്തിലൂടെയാണ് രാജേന്ദ്രനും സന്ധ്യയും വിവാഹിതരായത്. വിവാഹശേഷം കൊല്ലത്തെത്തിയ രാജേന്ദ്രൻ, ഭാര്യാപിതാവായ ഒ. മാധവന്റെ ഉടമസ്ഥതയിലുള്ള കാളിദാസ കലാകേന്ദ്രം എന്ന നാടകസമിതിയുടെ പ്രവർത്തനങ്ങളിൽ പങ്കാളിയായി. പിന്നീട് രാജേന്ദ്രൻ തന്നെയായിരുന്നു കാളിദാസകലാകേന്ദ്രത്തിന്റെ പ്രധാന ചുമതലക്കാരൻ. തുടർന്ന് ആറേഴു വർഷം രാജേന്ദ്രനും സന്ധ്യയും തന്നെയായിരുന്നു കാളിദാസ കലാകേന്ദ്രത്തിലെ പ്രധാന അഭിനേതാക്കൾ. ഇക്കാലയളവിൽ സന്ധ്യയ്ക്ക് ഏറ്റവും മികച്ച നാടകനടിക്കുള്ള സംസ്ഥാന സർക്കാർ അവാർഡും ലഭിച്ചു.